ഗെയ ഒബ്‌സര്‍വേറ്ററി - ചിത്രകാരന്റെ ഭാവന
ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നായ യൂറോപ്പിന്റെ 'ഗെയ ഒബ്‌സര്‍വേറ്ററി' ( Gaia Observatory) വിക്ഷേപിച്ചു. ഫ്രഞ്ച് ഗിയാനയില്‍നിന്ന് സോയൂസ് റോക്കറ്റിലാണ് വ്യാഴാഴ്ച്ച പ്രദേശിക സമയം 6.12 ന് (ഇന്ത്യന്‍ സമയം പകല്‍ 2.42) ഗെയ പേടകം യാത്രയായത്.
ആകാശഗംഗയിലെ നൂറുകോടിയിലേറെ നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി തിട്ടപ്പെടുത്തുകയെന്ന ദൗത്യമാണ് ഗെയ ബഹിരാകാശ ഒബ്‌സര്‍വേറ്ററിക്കുള്ളത്. അതുവഴി നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗയുടെ 'യഥാര്‍ഥ ചിത്രം' വ്യക്തമാകുമെന്ന് കരുതുന്നു.
20 വര്‍ഷംകൊണ്ട് 120 കോടി ഡോളര്‍ (7500 കോടി രൂപ) ചെലവിട്ട് നിര്‍മിച്ച ഗെയ ദൗത്യം വഴി, ഒട്ടേറെ അന്യഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളും സൂപ്പര്‍നോവകളും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നാകും ഗെയ ആകാശനിരീക്ഷണം നടത്തുക. ഏതാണ്ട് ഒരു മാസംകൊണ്ട്, പേടകം അതിന്റെ ലക്ഷ്യസ്ഥാനമായ ഭ്രമണപഥത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആകാശഗോളങ്ങളുടെ ചലനവും സ്ഥാനവും കൃത്യമായി മനസിലാക്കാന്‍ ഗെയ ഒബ്‌സര്‍വേറ്ററിയെ സഹായിക്കുക അതിലുള്ള 100 കോടി പിക്‌സല്‍ ക്യാമറ ഡിറ്റെക്ടറ്റായിരിക്കും.
ഫ്രഞ്ച് ഗിയാനയില്‍നിന്ന് സോയൂസ് റോക്കറ്റില്‍ ഗെയ പേടകം വിക്ഷേപിച്ചപ്പോള്‍
മനുഷ്യന്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും ശക്തിയേറിയ ബഹിരാകാശ ടെലസ്‌കോപ്പാണ് ഗെയയിലുള്ളത്. ശരിക്കുപറഞ്ഞാല്‍ ഇരട്ട ടെലസ്‌കോപ്പുകളാണ് ഗെയയിലേത്. ഓരോ ദിവസവും 400 ലക്ഷം നക്ഷത്രങ്ങളെ വീതം നിരീക്ഷിക്കാന്‍ ഇരട്ട ടെലസ്‌കോപ്പുകള്‍ക്ക് ശേഷിയുണ്ട്. അഞ്ചുവര്‍ഷമാണ് ഗെയ ഒബ്‌സര്‍വേറ്ററിയുടെ പ്രവര്‍ത്തന കാലയളവ്.
ആകാശഗംഗയുടെ ആദ്യ ത്രിമാന മാപ്പാകും ഗെയയില്‍നിന്ന് ലഭിക്കുകയെന്ന്, ഗെയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരിലൊരാളായ ബ്രിട്ടനിലെ ഗെരി ഗില്‍മോര്‍ പറഞ്ഞു. 'ഇത്തരമൊരു സംഗതി ഇതിന് മുമ്പ് നമ്മള്‍ ദര്‍ശിച്ചിട്ടില്ല. ശരിക്കുമൊരു കണ്ടുപിടിത്ത യന്ത്രമാണിത്' - അദ്ദേഹം പറഞ്ഞു.
പെറ്റാബൈറ്റ് കണക്കിനാണ് ഗെയയില്‍നിന്ന് ഡേറ്റാ പ്രവഹിക്കാന്‍ പോകുന്നത് (ഒരു പെറ്റാബൈറ്റ് = 10 ലക്ഷം ഗിഗാബൈറ്റ്‌സ്. ഇത് രണ്ടുലക്ഷം ഡിവിഡികളില്‍ കൊള്ളുന്നത്ര ഡേറ്റയാണ്). ഇത്ര ഭീമമായ ഡേറ്റ എങ്ങനെ വിശകലനം ചെയ്യുമെന്നതാണ് ഗവേഷകര്‍ നേരിടാന്‍ പോകുന്ന പ്രശ്‌നമെന്ന് ഗില്‍മോര്‍ ചൂണ്ടിക്കാട്ടുന്നു.
EADS Astrium ന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ കണ്‍സോര്‍ഷ്യമാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ)ക്ക് വേണ്ടി ഗെയ ഒബ്‌സര്‍വേറ്ററി നിര്‍മിച്ചത്.
ഗെയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും
ഗെയ ഒബ്‌സര്‍വേറ്റി സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ ലോകമെങ്ങും ലഭ്യമാക്കാനായി സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും റെഡിയായി. ഗെയ ദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബാര്‍സലോണ സര്‍വകലാശാലയിലെ സംഘമാണ് Gaia Mission App ന് രൂപംനല്‍കിയത്.
ഗെയ ദൗത്യത്തിന്റെ ശാസ്ത്ര, സാങ്കേതിക വിശദാംശങ്ങള്‍ അറിയാനും, ഇന്നു മുതല്‍ ആ ദൗത്യം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും ആപ്പ് സഹായിക്കും. ഇംഗ്ലീഷ്, സ്പാനിഷ്, കറ്റാലിയന്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാകും (ചിത്രങ്ങള്‍ കടപ്പാട് : ESA )