മിയാമി:
ജീവന്‍ നിലനിന്നിരുന്നതിന്റെ സൂചന നല്‍കി ചൊവ്വയില്‍ നാസയുടെ ക്യൂരിയോസിറ്റി റോവര്‍, മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി. എന്നാല്‍, വാതകത്തിന്റെ ഉറവിടം എവിടെനിന്നാണെന്നത് വ്യക്തമായിട്ടില്ല.

അമേരിക്കാ ജേണല്‍ സയന്‍സിലാണ് 2012 മുതല്‍ ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന റോവറിന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.

ഭൂമിയില്‍ മുഖ്യമായും ജീവികളില്‍നിന്നാണ് മീഥേന്‍ ഉണ്ടാവുന്നത്. ചൊവ്വയില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിന്റെ തെളിവാകാം മീഥേന്‍ സാന്നിധ്യമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍, പെട്ടെന്ന് മീഥേന്‍ സാന്നിധ്യം കൂടിയതോതില്‍ ഉണ്ടാവാനും ആഴ്ചകള്‍കൊണ്ട് അപ്രത്യക്ഷമാവാനും കാരണമെന്തെന്നത് ഗവേഷകരെ കുഴക്കുകയാണ്.

മീഥേന്‍ സാന്നിധ്യം ചൊവ്വയില്‍ ജീവന്‍ കണ്ടെത്തിയതിന്റെ തെളിവായി കണക്കാക്കാനായിട്ടില്ലെന്ന് നാസാ ശാസ്ത്രജ്ഞന്‍ ജോണ്‍ ഗ്രോസിങ്കര്‍ പറഞ്ഞു. ''ആവേശകരമായ കണ്ടെത്തലാണിത്. റോവര്‍ ചൊവ്വയിലെ പാറകള്‍ തുളച്ച് ശേഖരിച്ച വസ്തുക്കളില്‍ കണ്ടെത്തിയ മീഥേന്‍ സാന്നിധ്യം ഗ്രഹത്തില്‍ മുമ്പോ ഇപ്പോഴോ ജീവന്‍ നിലനില്‍ക്കുന്നതിന്റെ സൂചനകളാവാം. എന്നാല്‍, ഇക്കാര്യം ഉറപ്പിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്'' - ഗ്രോസിങ്കര്‍ വ്യക്തമാക്കി.