തിരുവനന്തപുരം:
വേനല്‍ തുടങ്ങിയതേയുള്ളൂ, കേരളത്തിന് പൊള്ളിത്തുടങ്ങി. തെക്കന്‍ ജില്ലകളില്‍ ഒന്നരയും വടക്കന്‍ ജില്ലകളില്‍ മൂന്നും ഡിഗ്രി ചൂടുകൂടി. മഴ സാധാരണ തോതിലെങ്കിലും കിട്ടിയില്ലെങ്കില്‍ ഈ വേനല്‍ക്കാലം തീക്കാലമാവുമെന്ന സൂചനയാണിത്.

ജനവരി-ഫിബ്രവരി മാസങ്ങളില്‍ കേരളത്തിലെ ശരാശരി താപനില 32.5ഡിഗ്രി ആണ്. ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതിലും കൂടുതലാണ് ഇപ്പോഴത്തെ ചൂട്. കോഴിക്കോട്ടാകട്ടെ ഫിബ്രവരിയിലെ ഏറ്റവും ചൂടുള്ള ദിവസം ഈ വര്‍ഷമായിരുന്നു.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് ഈ മാസം ഏഴിന് അവിടെ 36.8 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. ശരാശരിയിലും അഞ്ച് ഡിഗ്രിയില്‍ കൂടുതല്‍. 2014 ഫിബ്രവരിയിലെ േെറക്കാഡാണ് ഇത്തവണ തകര്‍ന്നത്. അന്ന് 36.2 ഡിഗ്രിയായിരുന്നു കോഴിക്കോട്ടെ താപനില.
ഫിബ്രവരിയില്‍ പതിവിലും കൂടുതല്‍ ചൂട് ഇത്തവണയുണ്ടാകാന്‍ ഒരു കാരണം ഈ ദിവസങ്ങളില്‍ കിട്ടേണ്ട മഴ കുറഞ്ഞതാണ്. ജനവരി ഒന്നുമുതല്‍ ഫിബ്രവരി പത്തുവരെ 12.9 മില്ലീമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. എന്നാല്‍ പെയ്തത് വെറും 3.2 മില്ലീമീറ്ററാണ്.

ഫിബ്രവരിയില്‍ താപനില പൊതുവേ ഉയരും. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ ചൂടുകൂടാന്‍ വേറെയും കാരണങ്ങളുണ്ട്. കര്‍ണാടകത്തിലും തമിഴ്‌നാടിന്റെ ഉള്‍നാടുകളിലും നിന്നുള്ള വരണ്ട കാറ്റിന്റെ സ്വാധീനത കൂടുതല്‍ അനുഭവപ്പെടുന്നത് ഈ ജില്ലകളില്‍ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.എസ്.സന്തോഷ് പറഞ്ഞു. ഇക്കാലത്ത് മഴപെയ്യുന്നത് പൊതുവേ തെക്കന്‍ ജില്ലകളില്‍ മാത്രമാണ്.
മാര്‍ച്ചില്‍ ഇനിയും ചൂടുകൂടും. മാര്‍ച്ച് അവസാനത്തോടെയാണ് വേനല്‍മഴ തുടങ്ങുക. അല്പം കുളിരിന് ഇനി വേനല്‍മഴ കനിയണം.