ഏഴരവര്‍ഷംമുമ്പ് വിക്ഷേപിച്ച ഡോണ്‍ പേടകം 490 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് കുള്ളന്‍ ഗ്രഹമായ സിറിസിന്റെ ഭ്രമണപഥത്തില്‍ വെള്ളിയാഴ്ച എത്തിയത്. ചൊവ്വായ്ക്കും വ്യാഴത്തിനുമിടിയ്ക്കുള്ള 'അസ്റ്ററോയ്ഡ് ബെല്‍റ്റി'ലെ ഏറ്റവും വലിയ വസ്തുവാണ് 950 കിലോമീറ്റര്‍ വ്യാസമുള്ള സിറിസ്
നാസയുടെ ഡോണ്‍ പേടകം 48,000 കിലോമീറ്റര്‍ അകലെ നിന്നെടുത്ത കുള്ളന്‍ഗ്രഹം സിറിസിന്റെ ദൃശ്യം.
മനുഷ്യനിര്‍മിതമായ ഒരു പേടകം ആദ്യമായി സൗരയൂഥത്തിലെ ഒരു കുള്ളന്‍ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഏഴര വര്‍ഷം മുമ്പയച്ച ഡോണ്‍ പേടകമാണ്, കുള്ളന്‍ ഗ്രഹമായ സിറിസിന്റെ ഭ്രമണപഥത്തിലെത്തി ചരിത്രം സൃഷ്ടിച്ചത്.
സൗരയൂഥത്തില്‍ ചൊവ്വായ്ക്കും വ്യാഴത്തിനുമിടിയ്ക്കുള്ള 'അസ്റ്ററോയ്ഡ് ബെല്‍റ്റി'ലെ ( Asteroid belt ) ഏറ്റവും വലിയ വസ്തുവാണ് സിറിസ് ( Ceres ). വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് ആറുമണിയോടെ ഡോണ്‍ പേടകം സിറിസിന്റെ ഗുരുത്വാകര്‍ഷണ വലയത്തിലായി. അപ്പോള്‍ ആ കുള്ളന്‍ ഗ്രഹത്തില്‍നിന്ന് 61,000 കിലോമീറ്റര്‍ അകലെയായിരുന്നു പേടകം.
പേടകം സിറിസിന്റെ ഭ്രമണപഥത്തിലെത്തിയ വിവരം ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണി കഴിഞ്ഞപ്പോള്‍, ഡോണിന്റെ നിയന്ത്രണകേന്ദ്രമായ കാലിഫോര്‍ണിയയില്‍ പസദേനയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ( JPL ) യില്‍ ലഭിച്ചതായി നാസയുടെ വാര്‍ത്താക്കുറിപ്പ് പറഞ്ഞു.
46,000 കിലോമീറ്റര്‍ അകലെ നിന്ന് ഡോണ്‍ പേടകമെടുത്ത സിറിസിന്റെ ദൃശ്യം. ഫിബ്രവരി 19 നാണ് ഈ ദൃശ്യം ഡോണ്‍ പകര്‍ത്തിയത്
'1801 ല്‍ കണ്ടുപിടിക്കപ്പെട്ട ശേഷം സിറിസ് ഒരു ഗ്രഹമായാണ് അറിയപ്പെട്ടത്. പിന്നീടത് ക്ഷുദ്രഗ്രഹവും ( asteroid ), ഇപ്പോള്‍ കുള്ളന്‍ ഗ്രഹവും ( dwarf planet ) ആയി' - ജെ.പി.എല്ലിലെ മിഷന് ഡയറക്ടര്‍ മാര്‍ക് റെയ്മാന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
'ഏഴര വര്‍ഷംകൊണ്ട് 490 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഡോണ്‍ പേടകം സിറിസിന്റെ സമീപത്ത് എത്തിയത്' - റെയ്മാന് അറിയിച്ചു.
കുള്ളന്‍ ഗ്രഹത്തെ ചുറ്റുന്ന ആദ്യപേടകം എന്നത് മാത്രമല്ല ഡോണിന്റെ പ്രത്യേകത; ഒരു ക്ഷുദ്രഗ്രഹത്തെ ആദ്യം ആദ്യം പരിക്രമണം ചെയ്ത പേടകവും അതാണ്. 2011 മുതല്‍ 2012 വരെ ഡോണ്‍ പേടകം ക്ഷുദ്രഗ്രഹമായ വെസ്ത ( Vesta ) യെ ചുറ്റി നിരീക്ഷിച്ചിരുന്നു.
'അസ്റ്ററോയ്ഡ് ബെല്‍റ്റി'ലെ ഏറ്റവും വലിയ വസ്തുക്കളാണ് സിറിസും വെസ്തയും. സിറസിന് 950 കിലോമീറ്റര്‍ വ്യാസമുണ്ട്; വെസ്തയ്ക്ക് 525 കിലോമീറ്ററും.
പേടകം സിറിസിന്റെ ഭ്രമണപഥത്തിലെത്തി എന്നതുകൊണ്ട്, ജെ.പി.എല്ലില്‍ ഡോണ്‍ ദൗത്യത്തിന്റെ പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്ററായ ക്രിസ് റസ്സലിന്റേയും സംഘത്തിന്റെയും പരീക്ഷണഘട്ടം കഴിയുന്നില്ല. പേടകത്തിന്റെ ഭ്രമണപഥത്തെ അടുത്ത ഒരു മാസംകൊണ്ട് പുനക്രമീകരിച്ച് ശരിയാക്കേണ്ടതുണ്ട്.
ഡോണ്‍ പേടകം സിറിസിനരികെ-ചിത്രകാരന്റെ ഭാവന
പേടകത്തെ ക്രമേണ താഴ്ത്തി, സിറിസിന്റെ പ്രതലത്തില്‍നിന്ന് അധികം അകലെയല്ലാത്ത പഥത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. സിറിസിന്റെ പ്രതലം അടുത്തുനിന്ന് നിരീക്ഷിക്കാന്‍ അപ്പോഴേ കഴിയൂ.
മനുഷ്യനിര്‍മിതമായ ഒരു പേടകം ഒരു വാല്‍നക്ഷത്തില്‍ ആദ്യമായി ഇറങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. 2014 നവംബര്‍ 12 നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ റോസറ്റ പേടകത്തില്‍നിന്ന് ഫിലേ പേടകം ചുര്യമോവ്ഗരാസിമെങ്കോ (67 പി) വാല്‍നക്ഷത്രത്തിലിറങ്ങിയത്.
അതിന് പിന്നാലെയാണ് ഒരു കുള്ളന്‍ ഗ്രഹത്തെ നാസയുടെ പേടകം പരിക്രമണം ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്. നാസയുടെ തന്നെ മറ്റൊരു പേടകമായ ന്യൂ ഹെറൈസണ്‍സ് ജൂലായില്‍ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയില്‍ എത്തുന്നുണ്ട്.
ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടുകാലം ഗ്രഹപദവിയുണ്ടായിരുന്ന പ്ലൂട്ടോയെ 2006 ല്‍ അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിനാണ് കുള്ളന്‍ ഗ്രഹമായി തരംതാഴ്ത്തിയത്. (ചിത്രങ്ങള്‍ കടപ്പാട്: NASA/JPL-Caltech )