ലണ്ടന്‍:
ആയിരക്കണക്കിന് വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ആനയുടെ വര്‍ഗക്കാരനായ, ശരീരമാകെ രോമംമൂടിയ ഭീമാകാരന്‍ മാമത്ത് പുനര്‍ജന്മത്തിന്റെ വക്കിലെന്ന് ഗവേഷകര്‍.

ആര്‍ട്ടിക് മേഖലയില്‍ മഞ്ഞിനടിയില്‍ വലിയ കേടുപാടില്ലാതെ കണ്ടെത്തിയ മാമത്തിന്റെ മൃതശരീരത്തില്‍നിന്ന് ശേഖരിച്ച ഡി.എന്‍.എ.കളാണ് കുറ്റിയറ്റുപോയ ജീവി പുനര്‍ജനിക്കാനുള്ള സാധ്യതയൊരുക്കിയത്.

ജീവനുള്ള ആനയില്‍ മാമത്തിന്റെ ഡി.എന്‍.എ.യില്‍നിന്നെടുത്ത 14 ജീനുകള്‍ വിജയകരമായി നിക്ഷേപിച്ചതായി െഹാവാര്‍ഡ് സര്‍വകലാശാലാ പ്രൊഫസര്‍ ജോര്‍ജ് ചര്‍ച്ച് വെളിപ്പെടുത്തി. ഈ ജീനുകള്‍ ആനയുടെ ജനിതകഘടനയുടെ ഭാഗമായി മാറിക്കഴിഞ്ഞു.

ക്രിസ്പര്‍ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ആനയുടെ ഡി.എന്‍.എ.യിലെ ചില ജീനുകള്‍ മാറ്റി മാമത്തിന്റെ ജീനുകള്‍ വെച്ചുപിടിപ്പിച്ചത്. മാമത്ത് ജീനുകളുള്ള ആനകള്‍ മാമത്തിനോ അതിന് സമാനമായുള്ളതോ ആയ ജീവിക്ക് ജന്മം നല്‍കുമെന്നാണ് പ്രതീക്ഷ.

ആനകളിലെ വംശനാശം വന്ന വകഭേദമാണ് മാമത്തുകള്‍. ഇതിനെ സാധാരണയായി വളഞ്ഞ കൊമ്പുമായി ചിത്രീകരിച്ച് കാണുന്നു.

1.6 ലക്ഷം വര്‍ഷങ്ങള്‍ക്കും 3500 വര്‍ഷങ്ങള്‍ക്കും ഇടയിലായി ജീവിച്ചിരുന്ന, ഹിമയുഗത്തിനൊടുവിലെന്നോ വംശനാശം വന്നു എന്ന് കരുതപ്പെടുന്ന, അന്യംനിന്നുപോയ ജീവികളില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് മാമത്ത്.