ചരിത്രം രചിക്കുക യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റോസറ്റ ദൗത്യം. നവംബര്‍ 12 ന് റോസറ്റയിലെ ഫിലേ പേടകം വാല്‍നക്ഷത്രത്തിലിറങ്ങും. സൗരയൂഥത്തിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ഈ ചരിത്രദൗത്യം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ
വാല്‍നക്ഷത്രത്തിലിറങ്ങിയ ഫിലേ പേടകം - ചിത്രകാരന്റെ ഭാവന
'അജില്‍കിയ' ( Agilkia Island ) നൈല്‍ നദിയിലെ ഒരു ദ്വീപാണ്. ഫിലേ ദ്വീപിലെ പുരാതന ഈജിപ്ഷ്യന്‍ ഐസിസ് ദേവാലയം മാറ്റിസ്ഥാപിച്ചത് ഈ ദ്വീപിലേക്കായിരുന്നു. ഈജിപ്തില്‍ നൈല്‍ നദിക്ക് കുറുകെ 'ആസ്വാന്‍ ഡാം' ( Aswan Dam ) നിര്‍മ്മിക്കുമ്പോള്‍ ചരിത്രത്തിന്റെ ഈ അമൂല്യശേഷിപ്പ് മുങ്ങിപ്പോയേക്കുമെന്ന ആശങ്കയാണ് ഐസിസ് ദേവാലയത്തെ അജില്‍കിയയിലെത്തിച്ചത്.
ഇപ്പോള്‍ 'അജില്‍കിയ' വെറുമൊരു ദ്വീപിന്റെ പേര് മാത്രമല്ല. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇസ) യുടെ 'റോസേറ്റ പേടകം' കഴിഞ്ഞ ആഗസ്ത് 6 മുതല്‍ വലം വെച്ചുകൊണ്ടിരിക്കുന്ന '67-പി' എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന ച്യുര്യമോവ്-ഗരാസിമെങ്കോ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ 'ഫിലേ' പേടകത്തിനിറങ്ങാന്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തിന്റ പേര് കൂടിയാണ്. റോസേറ്റ ദൗത്യത്തിലെ ലാന്‍ഡര്‍ പേടകമാണ് ഫിലേ ( Philae ). വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് അജില്‍കിയ എന്ന പേരില്‍ ലാന്‍ഡറിനിറങ്ങാനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
അജില്‍കിയയിലെ ഫിലേ ക്ഷേത്ര സമുച്ചയം
2004 മാര്‍ച്ച് 2 നാണ് റോസേറ്റ പേടകം ഫ്രഞ്ച് ഗ്വയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് ചുര്യമോവ്-ഗരാസിമെങ്കോ വാല്‍നക്ഷത്രത്തെത്തേടി യാത്ര തിരിച്ചത്. 600 കോടിയിലേറെ കിലോമീറ്റര്‍ താണ്ടി ഒരു പതിറ്റാണ്ട് പിന്നിട്ട യാത്രക്കൊടുവില്‍ റോസേറ്റ പേടകം അതിന്റെ ലാന്‍ഡറിനെ നവംബര്‍ 12 ന് അജില്‍കിയയിലിറക്കുകയാണ്. ടെമ്പല്‍-1 വാല്‍നക്ഷത്രത്തിലേക്കിരച്ചുകയറി മഞ്ഞുറഞ്ഞ ഉപരിതലത്തില്‍നിന്ന് ഐസ്പാളികള്‍ ഇടിച്ചുതെറിപ്പിച്ച 'ഡീപ് ഇംപാക്ട് ' ദൗത്യത്തിലെ ലാന്‍ഡറിന്റെ ലാന്‍ഡിംഗ് പോലെയല്ല ഫിലേയുടെ ഇറക്കം. ഒരു വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലേക്ക് ചരിത്രത്തിലെ ആദ്യ നിയന്ത്രിതാവരോഹണം ( soft landing ) ആണിത്. നിയന്ത്രണം പൂര്‍ണ്ണമായും പേടകത്തിന്റെയുള്ളില്‍ നിന്നു തന്നെയാണ്. ഒരു പക്ഷി നിലത്തേക്ക് പറന്നിറങ്ങുന്നത്ര ലളിതവും സുന്ദരവുമാണീയിറക്കം. വേഗം വളരെക്കുറച്ച് മണിക്കൂറില്‍ വെറും 3-6 കിലോമീറ്റര്‍ മാത്രം പിന്നിട്ടാണ് പേടകം വാല്‍നക്ഷത്രത്തെ തൊട്ടറിയാന്‍ പോകുന്നത്. ഫിലേ കൂടണയുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
വെല്ലുവിളികള്‍
ഗോളാന്തരദൗത്യങ്ങളുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് സോഫ്റ്റ് ലാന്റിംഗിന് ശ്രമിക്കുന്ന ഒരു പേടകത്തിന് അനുയോജ്യമായ ലാന്‍ഡിംഗ് സൈറ്റുകള്‍ തിരഞ്ഞെടുത്ത് നല്‍കാന്‍ മുന്‍ദൗത്യങ്ങളൊന്നും ഇല്ലാതെവരുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മറ്റുമുള്ള സോഫ്റ്റ് ലാന്‍ഡിംഗ് ദൗത്യങ്ങള്‍ക്ക് മുന്നോടിയായി അനുയോജ്യപ്രദേശങ്ങളുടെ സ്വഭാവം ഇടിച്ചിറങ്ങള്‍ ദൗത്യങ്ങള്‍ ( crash landing ) വഴി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. 51 കോടി കിലോമീറ്റര്‍ അകലെയുള്ളതും സങ്കീര്‍ണ ഭ്രമണപഥത്തിലൂടെ നീങ്ങുന്നതുമായ ഒരു വാല്‍നക്ഷത്രത്തിലേക്ക് ചെല്ലുമ്പോള്‍ ഇത്തരം മുന്നൊരുക്കങ്ങള്‍ പ്രയാസകരമാണുതാനും. തികച്ചും അജ്ഞാതമായ ഒരു ലോകത്തേക്ക് കടന്നുചെല്ലുകയാണ് ഫിലേ. മാതൃപേടകമായ റോസേറ്റ വിദൂരസംവേദനം വഴി തിരഞ്ഞു പിടിച്ച ഇടമാണ് അജില്‍കിയ.
ദൗത്യം വിജയകരമാകുമെന്ന് റോസേറ്റ ഗവേഷണസംഘാംഗങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അവര്‍ക്കുള്ള ആശങ്ക പങ്കുവെക്കാതിരിക്കുന്നില്ല. ലാന്‍ഡര്‍ ഇറങ്ങുന്നതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രദേശത്തുനിന്ന് അല്‍പ്പം മാറിയാണെങ്കില്‍ ഹിമപൂരിതമായ ഉരുളന്‍ ശിലകളിലിടിച്ച് പേടകം തകര്‍ന്നുപോകാനിടയുണ്. ചെങ്കുത്തായ ചെരിവുകളേറെയുണ്ട് വാല്‍നക്ഷത്രത്തില്‍. അത്തരമൊരു ചെരിവിലാണ് ചെന്നിറങ്ങുന്നതെങ്കിലും പേടകം മറിഞ്ഞ് തകരാനിടയുണ്ട്. ഇത് സംബന്ധിച്ച് ഫിലേ ലാന്‍ഡിംഗ് ദൗത്യത്തിന്റെ മാനേജര്‍ സ്റ്റീഫന്‍ യുലാമെക് പറയുന്നത് ശ്രദ്ധേയമാണ്:
'നിങ്ങള്‍ ഒരു ദൗത്യത്തിനുവേണ്ടി ഇരുപത് വര്‍ഷം പ്രവര്‍ത്തിക്കുന്നു. അത് വളരെ സുരക്ഷിതമായി ലാന്‍ഡിംഗ് സൈറ്റില്‍ത്തന്നെ ഇറങ്ങുന്നുവെങ്കില്‍ എല്ലാം ഭംഗിയായി. ഇനിയതല്ല, നിശ്ചയിക്കപ്പെട്ടയിടത്തില്‍നിന്ന് പത്ത് മീറ്റര്‍ മാറി ഒരു ഉരുളന്‍കല്ലിലിടിച്ചാല്‍ എല്ലാം തകരും. എന്റെയും എന്റെ സഹപ്രവര്‍ത്തകരുടെയും ഇരുപത് വര്‍ഷത്തെ അധ്വാനം സെക്കന്റുകളില്‍ത്തന്നെ ആവിയായിത്തീരും. അതുകൊണ്ട് 'ഫിലേ സുരക്ഷിതമായി വാല്‍നക്ഷത്രത്തിലിറങ്ങിയിരിക്കുന്നു' എന്നുറപ്പിക്കാവുന്ന ഒരു സൂചനയ്ക്കുവേണ്ടി കണ്‍ട്രോള്‍ റൂമില്‍ കാത്തിരിക്കുന്ന ഞങ്ങള്‍ തികച്ചും ആകാംക്ഷാഭരിതരാണ്'.
എന്നാല്‍ ഫിലെയിലെ പ്രധാന ശാസ്ത്രീയ ഉപകരണങ്ങളിലൊന്നായ 'ടോളമി' ( PTOLEMY ) യുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. ഇയാന്‍ റൈറ്റിന്റേത് കുറേക്കൂടി ഉറച്ച ശബ്ദമാണ്. 'ഫിലേ ലാന്‍ഡറില്‍നിന്ന് ഒരുപക്ഷേ നമുക്കൊന്നും തേടാനായില്ലെന്ന് വരാം. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കാരണം ശാസ്ത്രീയ പര്യവേഷണങ്ങളുടെ രീതി അതാണ്'.
നവംബര്‍ 12 ന് തന്നെ ഫിലെ ഇറങ്ങുമെന്നാണ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും സൂക്ഷ്മനിരീക്ഷണത്തില്‍ എന്തെങ്കിലും അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍; ഉദാഹരണത്തിന്, നവംബര്‍ 12 ന് പേടകത്തിന്റെ ബാറ്ററിചാര്‍ജ് അവശ്യപരിധിയിലേക്ക് താഴെയാണെങ്കില്‍ ഫിലേയുടെ സമയക്രമത്തില്‍ മാറ്റങ്ങളുണ്ടാകാം. ഫിലെയുടെ ഗതിനിയന്ത്രണം അതിനുള്ളില്‍ തന്നെയാകയാല്‍ അവസരം ഒന്നേയൊന്ന് മാത്രമാണ്. അതുകൊണ്ട് തന്നെ അവസാനഘട്ടം വരെ ഓരോ ഘടകങ്ങളും സസൂക്ഷ്മം വിലയിരുത്തപ്പെടും.
ഫിലേ പേടകത്തിന് ഇറങ്ങാന്‍ നിശ്ചയിച്ചിട്ടുള്ള 'അജില്‍കിയ'യെന്ന വാല്‍നക്ഷത്രമേഖല
അതേസമയം, ഫിലെയുടെ ഇറക്കം ഏറെക്കാലത്തേക്ക് നീട്ടിവയ്ക്കാനുമാവില്ല. കാരണം 2015 മാര്‍ച്ചിനപ്പുറത്തേക്ക് ഫിലെയുടെ നിലനില്‍പ്പ് ഏതാണ്ട് അപകടത്തിലാണ്. സൂര്യനോട് അടുക്കുംതോറും ഉണ്ടാകുന്ന അതിരൂക്ഷമായ ചൂടിനെ അതിജീവിക്കുക പേടകത്തിന് സാധ്യമായെന്നിരിക്കില്ല.
മാതൃപേടകം വിട്ട് ഒറ്റയ്ക്ക് വാല്‍നക്ഷത്രത്തിലേക്ക്
2014 നവംബര്‍ 12 ന് ഇന്ത്യന്‍സമയം പകല്‍ 2.05 ന് (08.35 GMT) വാല്‍നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍നിന്ന് 22.5 കിലോമീറ്റര്‍ ദൂരത്തുനിന്നായിരിക്കുന്ന മാതൃപേടകത്തെ പിരിഞ്ഞ്, ഫിലെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങും. മാതൃപേടകത്തില്‍നിന്ന് വേര്‍പ്പെട്ടുകഴിഞ്ഞാല്‍ പേടകത്തിനുള്ളിലെ ഗതിനിയന്ത്രണ ( onboard control ) സംവിധാനങ്ങളായിരിക്കും അതിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലിറക്കുക. ജര്‍മനിയിലെ ദാംസ്റ്റാട്ടിലുള്ള ഇസയുടെ ദൗത്യനിയന്ത്രണകേന്ദ്രം ഫിലെയുടെ സഞ്ചാരപഥം നിരീക്ഷിക്കും. ഒരു സെക്കന്റില്‍ ഏതാനും മില്ലിമീറ്ററുകളുടെ മാറ്റം വന്നാല്‍ത്തന്നെ വാല്‍നക്ഷത്രത്തിലേക്കുള്ള ഇറക്കം അസാധ്യമായെന്നു വരും. ഫിലെയുടെ യാത്ര ഏതാണ്ട് ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കും.
ഭൂമിയിലെ കണ്‍ട്രോള്‍ സ്റ്റേഷനില്‍നിന്ന് റോസേറ്റാ പേടകത്തിലേക്കൊരു സന്ദേശമയച്ച് തിരിച്ചുവരാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയം വേണം. കാരണം, സംഭവം നടക്കുന്നത് ഭൂമിയില്‍നിന്ന് 51 കോടി കിലോമീറ്റര്‍ അകലെയാണ്. റോസേറ്റയും കണ്‍ട്രോള്‍ സ്‌റ്റേഷനും തമ്മിലുള്ള ആശയവിനിമയത്തിന് 28 മിനിട്ടും 20 സെക്കന്റും (1700 സെക്കന്റ്) വേണം. അതായത് പകല്‍ 2.05 ന് പേടകത്തില്‍നിന്നുള്ള ബന്ധം വിഛേദിക്കുന്നത് സൂചിപ്പിക്കുന്ന സിഗ്നല്‍ ഭൂമിയിലെത്തുമ്പോഴേക്കും 2.33 ആകും. വാല്‍നക്ഷത്രത്തില്‍ ഫിലേ ഉറങ്ങിയെന്നുള്ള സൂചന ലഭിക്കുമ്പോഴേക്കും നമുക്കിവിടെ രാത്രി 9.30 (16.00GMT) ആകുകയും ചെയ്യും.
മാതൃപേടകത്തില്‍നിന്ന് വാല്‍നക്ഷത്രത്തിലേക്കുള്ള യാത്രാമധ്യേ ഫിലെയിലെ ക്യാമറകള്‍ വാല്‍നക്ഷത്രത്തിന്റെ ചിത്രങ്ങളെടുക്കുകയും, വാല്‍നക്ഷത്രത്തിന്റെ ചുറ്റുപാടുകളുടെ സവിശേഷതകള്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും.
മാതൃപേടകത്തില്‍നിന്ന് ഫിലേ പേടകം താഴേയ്ക്കിറങ്ങുന്നത് ഇങ്ങനെയാവും
ലാന്‍ഡറിന് ഇറങ്ങാന്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലം പൂര്‍ണ്ണമായും നിരപ്പായ മേഖലയല്ല. പല ചരിവുകളുമുണ്ടെങ്കിലും മുപ്പത് ഡിഗ്രിയില്‍ താഴെയുള്ളവയാണ് അവയില്‍ മിക്കതും. അങ്ങിങ്ങായി ഉരുളന്‍ ശിലകളുമുണ്ട്.
ഫിലെ നിലംതൊട്ടുകഴിഞ്ഞാല്‍ അവയുടെ കാലുകളിലെ സ്‌ക്രൂകള്‍ നിലത്തേക്ക് സ്വയം തുളച്ച് ആഴ്ന്നിറങ്ങും. പേടകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ചാട്ടുളികള്‍ ( harpoons ) വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലേക്ക് തുളച്ചിറങ്ങി നങ്കൂരം കണക്കെ പ്രവര്‍ത്തിക്കും. ഷോക്ക് അബ്‌സോര്‍ബറുകളുള്ള മൂന്ന് കാലുകളാണ് വാല്‍നക്ഷത്രത്തിലേക്കുള്ള സോഫ്റ്റ്‌ലാന്‍ഡിംഗ് സുഗമമാക്കുക. വാല്‍നക്ഷത്രത്തിന് ഗുരുത്വാകര്‍ഷണശേഷി വളരെ കുറവായതിനാല്‍ ഇറങ്ങിയ പേടകത്തിന് കൂടുതല്‍ സന്തുലനം നല്‍കുന്നതിനുവേണ്ടിയാണ് സ്‌ക്രൂകളും ഹാര്‍പൂണുകളുമൊക്കെ ഉപയോഗിക്കുന്നത്.
ഫിലെ എന്താണ് ചെയ്യുക?
വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലിറങ്ങിക്കഴിഞ്ഞാല്‍ ഫിലെ ജോലി ആരംഭിക്കുകയായി. പേടകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന മൈക്രോ ക്യാമറകള്‍ ഉപയോഗിച്ച് പേടകത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ വിശദമായി പകര്‍ത്തിയെടുക്കും. തുടര്‍ന്നുള്ള ദിനങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ വെച്ചുനടത്തേണ്ട ശാസ്ത്രീയപരീക്ഷണങ്ങള്‍ക്കുള്ളതാണ്. ഇതിനായി വൈവിധ്യമുള്ള പത്ത് ഉപകരണങ്ങളാണ് ഫിലെയില്‍ ക്രമീകരിച്ചിട്ടുള്ളത്. റോസേറ്റാ പേടകത്തിലെ പതിനൊന്ന് ശാസ്ത്രീയ ഉപകരണങ്ങള്‍ക്ക് പുറമെയാണിത്. മാതൃപേടകവും ഫിലെയും വാല്‍നക്ഷത്രത്തിന്റെ ഇരുവശങ്ങളിലുമായിരിക്കുന്ന സമയത്ത് ഫിലെയില്‍നിന്ന് റോസേറ്റയിലേക്കയക്കുന്ന റേഡിയോതരംഗങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ആന്തരികഘടന മനസ്സിലാക്കാന്‍ സഹായിക്കും.
വാല്‍നക്ഷത്രപഠനത്തിനായി ഫിലെയിലുള്ള ഉപകരണങ്ങളിവയാണ്-
1. കൊസാക് ( COSAC - Cometary Sampling and Composition Experiment ): കൊസാക് യഥാര്‍ത്ഥത്തില്‍ ഒരു ഗ്യാസ് ക്രൊമാറ്റോഗ്രാഫാണ് ( Chromatograph ). വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തില്‍നിന്ന് സൂര്യാതപമേറ്റുയരുന്ന വാതകധൂളീപടലങ്ങളില്‍ അടങ്ങിയിട്ടുള്ള കണികകളെ തിരിച്ചറിയുന്നതിനും സങ്കീര്‍ണ്ണമായ വാതകമിശ്രിതങ്ങളെ തന്മാത്രാതലത്തില്‍ വിശകലനം ചെയ്യാനും ഈ ഉപകരണത്തിന് കഴിയും.
2. ടോളമി ( PTOLEMY ): മറ്റൊരു വാതകവിശകലന ഉപകരണമാണിത്. വാല്‍നക്ഷത്രങ്ങളിലെ ഐസോടോപ്പുകളുടെ അനുപാതം നിര്‍ണയിക്കാന്‍ മുന്‍ ദൗത്യങ്ങളില്‍ പലതിലും സ്‌പെക്ട്രോസ്‌കോപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ദൂരെ നിന്നുള്ള നിരീക്ഷണം മാത്രമേ ഇതുവരെ സാധ്യമായിട്ടുള്ളൂ. വാല്‍നക്ഷത്രത്തില്‍നിന്ന് സാമ്പിളെടുത്ത് ചൂടാക്കി വാതകരൂപത്തിലാക്കിയ ശേഷം നിരീക്ഷണത്തിന് വിധേയമാക്കുന്നു. അതുകൊണ്ടുതന്നെ ഐസോടോപ്പുകളുടെ അനുപാതം കൂടുതല്‍ കൃത്യതയോടെ നിര്‍ണയിക്കാന്‍ കഴിയും.
3. മ്യൂപസ് ( MUPUS - Multy-Purpose Sensor for Surface and Subsurface Science): ഫിലെയുടെ വിവിധഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന സെന്‍സറുകളുടെ വ്യൂഹത്തിന് മൊത്തത്തില്‍ നല്‍കിയിരിക്കുന്ന പേരാണ് മ്യൂപസ്. ഊര്‍ജസന്തുലനം, ഊഷ്മാവ്, താപസംവഹനം തുടങ്ങിയ ഘടകങ്ങളെ അളന്നറിയാന്‍ പര്യാപ്തമാണ് ഈ സെന്‍സര്‍വ്യൂഹം.
4. എസ്ഡി -2 ( SD2 - Sample and Distribution Device ): വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലേക്ക് 20 സെന്റിമീറ്ററോളം ചൂഴ്ന്നിറങ്ങി സാമ്പിളുകളെടുത്ത് വിവിധ അവനുകളില്‍ (അടുപ്പ്) ഇട്ട് ചൂടാക്കി ഉപരിതല പദാര്‍ത്ഥങ്ങളുടെ സൂക്ഷ്മവിശകലനം സാധ്യമാക്കുന്ന ഉപകരണം. ഗ്യാസ് അനലൈസറായ ടോളമിക്ക് സാമ്പിളുകള്‍ ലഭ്യമാക്കുന്നത് ഈ ഉപകരണമാണ്.
5. കണ്‍സേര്‍ട്ട് ( CONSERT - Comet Nucleus Sounding Experiment by Radiowave Transmission ): വാല്‍നക്ഷത്ര ന്യൂക്ലിയസ്സിന്റെ ആന്തരികഘടന പഠിക്കുന്നതിനുള്ള ഉപകരണം. മാതൃപേടകമായ റോസറ്റയും ഫിലേ ലാന്‍ഡറും വാല്‍നക്ഷത്രത്തിന്റെ എതിര്‍വശങ്ങളില്‍ നില്‍ക്കുന്നയവസരത്തില്‍ 'കണ്‍സേര്‍ട്ടി'ല്‍നിന്ന് റേഡിയോ വീചികള്‍ വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സ് കടന്ന് പേടകത്തിലെത്തുന്നു. വിവിധ കോണളവുകളില്‍ ഈ പരീക്ഷണം ആവര്‍ത്തിക്കപ്പെടും.
6. ആല്‍ഫാ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ ( APXS ): മാര്‍സ് പാത്ത് ഫൈന്‍ഡറില്‍ ഉപയോഗിച്ച എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററിന്റെ മെച്ചപ്പെടുത്തിയ രൂപമാണിതിന്റേത്. ഈ സ്‌പെക്ട്രോമീറ്ററിന് ആല്‍ഫാകണങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു ചെറുസ്രോതസ്സുണ്ട്. ആല്‍ഫാകണങ്ങളുടെ പിന്നോക്ക പ്രകീര്‍ത്തനം ( back scattering ) തിരിച്ചറിയാനും ആല്‍ഫാ പ്രേരിത എക്‌സറേകളുടെ ( Alpha induced X-rays ) സാന്നിധ്യമളക്കുന്നതിനും ഇത് സഹായിക്കും.
7. സിവ ( CIVA ): ഏഴ് സൂക്ഷ്മക്യാമറകളുടെ കൂട്ടുകെട്ട്. ലാന്‍ഡറിന്റെ ചുറ്റുപാടുകളുടെ വിശദമായ ചിത്രീകരണം സാധ്യമാക്കുന്നു.
8. റോളിസ് ( ROLIS ): ഉയര്‍ന്ന സംവേദനക്ഷമതയുള്ള സിസിഡി ക്യാമറയാണിത്. വാല്‍നക്ഷത്രത്തിലേക്കിറങ്ങുന്ന സമയത്ത് വാല്‍നക്ഷത്ര ഉപരിതലത്തിന്റെ ചിത്രീകരണം റോളിസ് സാധ്യമാക്കുന്നു.
9. റോമാപ്പ് ( ROMAP - Rosetta Lander Magnetometre and Plasma Monitor ): റോമാപ്പില്‍ ഒരു മാഗ്നെറ്റോമീറ്ററും ഒരു പ്ലാസ്മാ മോണിറ്ററുമാണുള്ളത്. വാല്‍നക്ഷത്രത്തിന്റെ കാന്തികമണ്ഡലത്തിന്റെ ശക്തി നിര്‍ണയിക്കാനും സൗരവാതങ്ങള്‍ നിരീക്ഷിക്കാനും ഈ ഉപകരണം ഉപയുക്തമാകും.
10. സീസെയിം ( SESAME ): വാല്‍നക്ഷത്രത്തിന്റെ വിവിധ സവിശേഷതകള്‍ അളക്കുന്ന ചെറുപരീക്ഷണ ഉപകരണങ്ങള്‍ ചേരുന്നതാണ് സീസെയും. ഇതിലെ മൂന്ന് ഉപകരണങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ബാഹ്യാന്തരീക്ഷം നിരീക്ഷിക്കാനുള്ളതാണ്. വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ ശബ്ദം എങ്ങനെ സഞ്ചരിക്കുന്നുവെന്ന് മനസ്സിലാക്കാനുള്ള പരീക്ഷണ ഉപകരണമാണ് മറ്റൊന്ന്. വാല്‍നക്ഷത്രത്തിലെ വൈദ്യുതപ്രഭാവ സവിശേഷതകളും ധൂളീപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിന്റെ പ്രത്യേകതകളും സീസെയും വിശകലനം ചെയ്യും.
മുന്‍പേ പറന്നവര്‍
വാല്‍നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനം സൗരയൂഥത്തിന്റെയും നമ്മുടെ ഭൂമിയുടെ തന്നെയും ഉല്‍പ്പത്തിയും പരിണാമവും മനസ്സിലാക്കുന്നതില്‍ വലിയ സംഭാവനനല്‍കാന്‍ ശേഷിയുള്ള മേഖലയാണ്. എങ്കിലും അവയെക്കുറിച്ചുള്ള നമ്മുടെ അറിവ് വളരെ പരിമിതമാണ്. ബഹിരാകാശചരിത്രത്തില്‍ വാല്‍നക്ഷത്രങ്ങളുടെ പൊരുളറിയാന്‍ നിയോഗിക്കപ്പെട്ട പേടകങ്ങളിവയാണ്.
1. ഇന്റര്‍നാഷണല്‍ കോമെട്രി എക്‌സ്‌പ്ലോറര്‍ ( International Cometry Explorer )
1978 ആഗസ്ത് 12 ന് വിക്ഷേപിക്കപ്പെട്ട ഇന്റര്‍ നാഷണല്‍ കോമെട്രി എക്‌സ്‌പ്ലോറര്‍ ആണ് വാല്‍നക്ഷത്രത്തെ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രഥമപേടകം. നാസ അയച്ച ഈ പേടകം ഇന്റര്‍നാഷണല്‍ സണ്‍-എര്‍ത്ത് എക്‌സ്‌പ്ലോറര്‍ ( ISEE-3 ) എന്ന പേരില്‍ സൂര്യനെപ്പറ്റി പഠിക്കാനയച്ച ദൗത്യമായിരുന്നു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ പേടകത്തെിന്റെ പഥം, രണ്ടാംഘട്ടമെന്ന നിലയ്ക്ക് ജിയോകോബിനി-സിന്നെര്‍ ( Giocobini - Zinner ) എന്ന വാല്‍നക്ഷത്രത്തിന്റെ വാലിലൂടെ കടന്നു പോകത്തക്കരീതിയില്‍ പുനഃക്രമീകരിക്കുകയായിരുന്നു. 1985 സപ്തംബര്‍ 11 നായിരുന്നു ഇത്. തുടര്‍ന്ന് 1986 മാര്‍ച്ച് 28 ന് ഹാലി വാല്‍നക്ഷത്രത്തിന്റെ വാലിന്റെ പെരുമയും പേടകം കണ്ടറിഞ്ഞു.
2. വേഗ-1, വേഗ-2 ( Vega-1, Vega-2 )
1984 ഡിസംബര്‍ 15, 21 തീയതികളില്‍ വേഗ-1, വേഗ-2 എന്നീ റഷ്യന്‍ പേടകങ്ങള്‍ ഹാലി വാല്‍നക്ഷത്രത്തെത്തേടി പുറപ്പെട്ടു. 1985 ല്‍ ഇരുദൗത്യങ്ങളും ശുക്രന്റെ ഉപരിതലത്തില്‍ ഓരോ ലാന്‍ഡറുകള്‍ ഇറക്കി. വേഗ-1 1986 മാര്‍ച്ച് 6 നും വേഗ-2 മാര്‍ച്ച് 9 നും ഹാലി വാല്‍നക്ഷത്രത്തില്‍ നിന്ന് എണ്ണായിരം കിലോമീറ്റര്‍ ദൂരത്തിലൂടെ പറന്ന് വിവരങ്ങള്‍ ശേഖരിച്ചു.
3. സാക്കിഗാക്കെയും സൂസെയിയും ( Sakigake & Suisei )
1985 ജനവരിയിലും ആഗസ്തിലുമായി വിക്ഷേപിച്ച ഈ പേടകങ്ങള്‍ ജപ്പാന്റെ ആദ്യ വിദൂര ബഹിരാകാശദൗത്യമാണ്. 1986 ല്‍ ഹാലി വാല്‍നക്ഷത്രം സൂര്യനോട് അടുക്കുന്ന വേളയില്‍ സൗരവാതങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ വാല്‍നക്ഷത്രത്തിനുണ്ടാകുന്ന സവിശേഷതകള്‍ പേടകങ്ങള്‍ നിരീക്ഷിച്ചു.
4. ജിയോട്ടാ ( GIOTTO )
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആദ്യവിദൂര ബഹിരാകാശപേടകം. 1985 ജൂലായില്‍ വിക്ഷേപിക്കപ്പെട്ടു. 1986 മാര്‍ച്ചില്‍ ഹാലി വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സില്‍നിന്ന് ഏതാണ്ട് 600 കിലോമീറ്റര്‍ അകലെക്കൂടി പറന്ന് ചിത്രങ്ങളെടുത്തു.
5. ഡീപ് സ്‌പെയ്‌സ് - 1 ( Deep Space -1)
2001 സപ്തംബര്‍ 22 ന് ബൊറേലി വാല്‍നക്ഷത്രത്തിന് സമീപത്തുകൂടി പറന്ന് ചിത്രങ്ങളും ശാസ്ത്രീയവിവരങ്ങളും ശേഖരിച്ചു.
6. സ്റ്റാര്‍ഡസ്റ്റ് ( Stardust )
വൈല്‍ഡ്-2 എന്ന വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റും വ്യാപിച്ചുകിടന്ന ഹിമകണങ്ങള്‍ക്കും ധൂളീപടലങ്ങള്‍ക്കും ഇടയിലൂടെയായിരുന്നു സ്റ്റാര്‍ഡസ്റ്റ് പേടകത്തിന്റെ യാത്ര. 2004 ജനവരിയിലാണ് പേടകം ന്യൂക്ലിയസ്സിനോട് ഏറ്റവുമടുത്തെത്തിയത് (240 കിലോമീറ്ററുകള്‍ ദൂരത്ത്). ഈ ദൗത്യത്തിന്റെ തുടര്‍ച്ചയെന്നോണം 2011 ല്‍ സ്റ്റാര്‍ഡസ്റ്റ് - നെക്‌സ്റ്റ് ( Stardust - NExT ) പേടകം, റ്റെമ്പല്‍-1 എന്ന വാല്‍നക്ഷത്രത്തിന് സമീപത്തുകൂടി പറന്ന് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി.
7. കോണ്‍ടൂര്‍ ( Comet Nucleus Tour )
വാല്‍നക്ഷത്രങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വിപുലീകരിക്കുന്നതിന് 2002 ജൂലായില്‍ നാസ തൊടുത്തുവിട്ട ഈ പേടകം പക്ഷെ, ലക്ഷ്യത്തിലെത്തിയില്ല. സൗരകേന്ദ്ര ഭ്രമണപഥത്തിലേക്ക് കയറുന്ന ഘട്ടത്തില്‍ പേടകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു.
8. ഡീപ് ഇംപാക്ട് ( Deep Impact )
![]() |
നാസയുടെ ഡീപ് ഇംപാക്ട് ദൗത്യം |
2005 ജനവരി 12 നാണ് നാസ ഡീപ് ഇംപാക്ട് ദൗത്യം അയച്ചത്. ഒരു ഫ്ലൈബൈ സ്‌പേസ് ക്രാഫ്റ്റും ഒരു ഇംപാക്ടറും ( Impactor - വാല്‍നക്ഷത്രത്തിലേക്ക് ഇടിച്ചിറങ്ങാനുള്ള ചെറുപേടകം) ആയിരുന്നു ദൗത്യത്തിലുണ്ടായിരുന്നത്. റ്റെമ്പല്‍-1 എന്ന വാല്‍നക്ഷത്രത്തിലേക്കായിരുന്നു ദൗത്യം. വാല്‍നക്ഷത്രത്തില്‍ ഇംപാക്ടര്‍ ഇടിച്ചു ചിതറിച്ച ഹിമകണങ്ങളും ഉപരിതലപദാര്‍ത്ഥങ്ങളും പ്രധാനപേടകം നിരീക്ഷിച്ച് വിശകലനം ചെയ്തു.
ഈ ദൗത്യത്തിന്റെ തുടര്‍ച്ചയായിരുന്നു 2010 നവംബറില്‍ ഹാര്‍ട്ട്‌ലി-2 വാല്‍നക്ഷത്രത്തിലേക്കുള്ള എപ്പോക്‌സി ( EPOXI ) ദൗത്യവും. 2013 ഫിബ്രവരിയില്‍ എപ്പോക്‌സി ദൗത്യം ഐസണ്‍ ( ISON ) വാല്‍നക്ഷത്രത്തെ നിരീക്ഷിക്കുകയുണ്ടായി.
കാണുക -
'റോസറ്റ'യുടെ വാല്‍നക്ഷത്ര വേട്ട