ടിക്ടോക്കിന്റെ നിരോധനത്തിന് പിന്നാലെ നിരവധി ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുകളാണ് ഇന്ത്യയില്‍ രംഗപ്രവേശം ചെയ്തത്.  ഇപ്പോഴിതാ യൂട്യൂബും സ്വന്തം ഹ്രസ്വ വീഡിയോ സേവനവുമായി എത്തുന്നു. യൂട്യൂബ് ഷോര്‍ട്‌സ് എന്ന ഈ സേവനത്തിന്റെ ബീറ്റാ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കുകയാണെന്ന് യൂട്യൂബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ യൂട്യൂബ് ഷോര്‍ട്‌സ് ബീറ്റ പതിപ്പ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തിലെത്തും. 

15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് യൂട്യൂബ് ഷോര്‍ട്‌സില്‍ നിര്‍മിക്കാന്‍ സാധിക്കുക. വീഡിയോകള്‍ രസകരമാക്കാനും ഭംഗിയുള്ളതാക്കാനുമുള്ള പുതിയ ഫീച്ചറുകളും ഷോര്‍ട്‌സിലുണ്ടാവും. 

യൂട്യൂബ് ആപ്പില്‍ തന്നെ ലഭ്യമായ പുതിയ സൗകര്യമാണിത്. ചെറിയ വീഡിയോകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും ആഗ്രഹിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. യൂട്യൂബ് ഷോര്‍ട്‌സിന്റെ ആദ്യ ബീറ്റ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. അതുകൊണ്ട് ക്രിയേറ്റര്‍മാര്‍ക്കും കലാകാരന്മാര്‍ക്കും വേണ്ടി വളരെ കുറച്ച് ഫീച്ചറുകള്‍ മാത്രമാണുണ്ടാവുക. 

ഒന്നിലധികം വീഡിയോ ക്ലിപ്പുകള്‍ ഒന്നിപ്പിക്കാന്‍ കഴിയുന്ന മള്‍ടി സെഗ്മെന്റ് ക്യാമറ, മ്യൂസിക് ലൈബ്രറിയില്‍ നിന്നുള്ള പശ്ചാത്തല ശബ്ദങ്ങള്‍ക്കൊപ്പം റെക്കോര്‍ഡ് ചെയ്യാനുള്ള ഓപ്ഷന്‍, വേഗത ക്രമീകരിക്കാനുള്ള സൗകര്യം, സ്വന്തം വീഡിയോകള്‍ എടുക്കുന്നത് എളുപ്പമാക്കുന്ന ടൈമര്‍ സൗകര്യം എന്നിവ ഇതിലുണ്ടാവും.

ഇതില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും  യൂട്യൂബ് പറഞ്ഞു.

Content Highlights: youtube shorts beta version announced in india