സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് യൂട്യൂബ്. 13 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയാണ് യൂട്യൂബ് തയ്യാറാക്കിയിട്ടുള്ളത് എങ്കിലും ആ വയസില്‍ താഴെയുള്ള കുട്ടികള്‍ വലിയതോതില്‍ യൂട്യൂബ് ഉള്ളടക്കങ്ങള്‍ കാണുന്നുണ്ട്. 

കുട്ടികള്‍ക്കായി യൂട്യൂബ് കിഡ്‌സ് എന്ന പേരില്‍ ഒരു പ്രത്യേക സേവനം യൂട്യൂബ് നല്‍കിവരുന്നുണ്ട്. എന്നാല്‍, കുട്ടിത്തം വിട്ട കുട്ടികള്‍ക്ക് ഈ യൂട്യൂബ് കിഡ്‌സ് ആപ്പിനോട് അത്ര താല്‍പര്യമുണ്ടാവില്ല. അവര്‍ക്ക് വേണ്ടതും പ്രധാന യൂട്യൂബ് ആപ്പിലെ ഉള്ളടക്കങ്ങളാണ്. അതിലാകട്ടെ ഏത് പ്രായത്തിലെ കുട്ടികള്‍ക്കും കാണാവുന്ന ഉള്ളടക്കത്തോടൊപ്പം പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കങ്ങളും ഉണ്ട്. 

പ്രായപൂര്‍ത്തിയായവര്‍ ഉപയോഗിക്കുന്ന യൂട്യൂബ് ആപ്പ് ആണെങ്കില്‍ അവരുടെ സെര്‍ച്ച്, വാച്ച് ഹിസ്റ്ററിയ്ക്ക് അനുസരിച്ചുള്ള ഉള്ളടക്കനിര്‍ദേശങ്ങളാണ് ആപ്പില്‍ കാണുക. അവയില്‍ പലതും കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തവയും ആയിരിക്കും. 

ഈ സാഹചര്യം നേരിടുന്നതിനായി പുതിയ സൗകര്യം അവതരിപ്പിക്കുകയാണ് യൂട്യൂബ്. യൂട്യൂബ് കിഡ്‌സ് ആപ്പിനോട് താല്‍പര്യം വിട്ട കുട്ടികളെ രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള ഒരു ഗൂഗിള്‍ അക്കൗണ്ടിലൂടെ പ്രധാന യൂട്യൂബ് ആപ്പ് ആസ്വദിക്കാന്‍ അനുവദിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 

ഇതില്‍ രക്ഷിതാക്കള്‍ക്കായി  എക്‌സ്‌പ്ലോര്‍, എക്‌സ്‌പ്ലോര്‍ മോര്‍, മോസ്റ്റ് ഓഫ് യൂട്യൂബ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കണ്ടന്റ് സെറ്റിങ്‌സ് നല്‍കും. തങ്ങളുടെ കുട്ടികള്‍ ഏത് തരം ഉള്ളടക്കങ്ങള്‍ യൂട്യൂബില്‍ കാണണം എന്ന് തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കുന്ന സംവിധാനമാണിത്. 

ഓപ്ഷനുകള്‍ വിശദമാക്കാം

  • ഇതില്‍ എക്‌സ്‌പ്ലോര്‍ (Explore) ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ കാണുന്ന ഉള്ളടക്കങ്ങള്‍ ഒമ്പത് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ളതാണ്. വ്‌ളോഗുകള്‍, ടൂട്ടോറിയലുകള്‍, ഗെയിമിങ് വീഡിയോകള്‍, പാട്ടുകള്‍, വാര്‍ത്തകള്‍, വിദ്യാഭ്യാസ ഉള്ളടക്കങ്ങള്‍ പോലുള്ളവ ഈ വിഭാഗത്തില്‍ കാണാം. 
  • എക്‌സ് പ്ലോര്‍ മോര്‍ (Explore More) എന്ന ഓപ്ഷനില്‍ 13 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ വീഡിയോകള്‍ ആണുണ്ടാവുക.
  • മോസ്റ്റ്  ഓഫ് യൂട്യൂബ് (Most of Youtube) ഓപ്ഷനില്‍ യൂട്യൂബിലെ ഒട്ടുമിക്ക വീഡിയോകളും കാണാന്‍ കുട്ടികളെ അനുവദിക്കും. എന്നാല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വീഡിയോകള്‍ കാണില്ല. 18 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരെ കാണിക്കാന്‍ പാടില്ലാത്ത വിഷയങ്ങളും ഈ ഓപ്ഷനില്‍ ഒഴിവാക്കപ്പെടും. 

ഉപയോക്താക്കളില്‍ നിന്നുള്ള വിവരങ്ങളും, മെഷീന്‍ ലേണിങ് സാങ്കേതികവിദ്യയും ഒപ്പം മനുഷ്യരുടെ തന്നെ നേരിട്ടുള്ള വിലയിരുത്തിലുകളിലൂടെയുമാണ് ഓരോ വിഭാഗത്തിലേയും വീഡിയോകള്‍ വേര്‍തിരിച്ച് അനുവദിക്കുക. 

കുട്ടികളുടെ അക്കൗണ്ടിലെ സെര്‍ച്ച്, വാച്ച് ഹിസ്റ്ററി കൈകാര്യം ചെയ്യാനും രക്ഷിതാക്കള്‍ക്ക് സാധിക്കും. കൂടാതെ, ഇതില്‍ ചില വിഭാഗങ്ങളില്‍ വ്യക്തിഗത പരസ്യങ്ങള്‍, ഇന്‍ ആപ്പ് പര്‍ച്ചേസ് എന്നിവയും നിയന്ത്രിക്കപ്പെടും. 

Content Highlights: YouTube brings new feature to help parents supervise their kids while watching videos