ഹോങ്കോങ്: യു.എസിലെ അന്താരാഷ്ട്ര ടെക്‌നോളജി കമ്പനിയായ യാഹൂ ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ചൈനയിലെ നിയമപ്രശ്‌നങ്ങളും വെല്ലുവിളി നിറഞ്ഞ സാഹചര്യവും പ്രവര്‍ത്തനത്തിന് അനുകൂലമല്ലെന്നും അതിനാല്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ അതിന് തടസ്സംനില്‍ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ചൈനയിലെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായും കമ്പനി പറഞ്ഞു. ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന, യു.എസ്. ആസ്ഥാനമായ രണ്ടാമത്തെ വലിയ ടെക്‌നോളജി സ്ഥാപനമാണ് യാഹൂ. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റിന്റെ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ ചൈനീസ് സൈറ്റ് പൂട്ടുമെന്ന് അറിയിച്ചിരുന്നു.

ഇതിന് മുമ്പ് യാഹൂ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും 2015-ല്‍ ബീജിങ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. യാഹൂവിന്റെ ചില വെബ് പോര്‍ട്ടല്‍ ചൈനയില്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.