ലക്ട്രിക് കാര്‍ നിര്‍മാണരംഗത്തേക്ക് കടക്കുകയാണ് ചൈനീസ് ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ ഷാവോമി. ഇതിനായി ബെയ്ജിങില്‍ തുടങ്ങാനിരിക്കുന്ന ഷാവോമിയുടെ കാര്‍ നിര്‍മാണ പ്ലാന്റില്‍ വര്‍ഷം തോറും മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടാവും. 

രണ്ട് ഘട്ടങ്ങളായാണ് ബെയ്ജിങിലെ കാര്‍ നിര്‍മാണ പ്ലാന്റ് നിര്‍മിക്കുക. കമ്പനിയുടെ ഓട്ടോ യൂണിറ്റിന് വേണ്ടി ബെയ്ജിങ് എകോണമിക്ക് ആന്റ് ടെക്‌നോളജിക്കല്‍ ഡെവലപ്പ്‌മെന്റ് സോണില്‍ പ്രത്യേകം ആസ്ഥാന കാര്യാലയവും വില്‍പന, ഗവേഷണ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഓഫീസുകളും നിര്‍മിക്കും. സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വികസന ഏജന്‍സിയായ ബെയ്ജിങ് ഇ-ടൗണ്‍ ആണ് ഒരു ഔദ്യോഗിക വിചാറ്റ് അക്കൗണ്ടില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഇലക്ട്രിക് വെഹിക്കിള്‍ വിപണിലേക്ക് കടക്കുകയാണെന്ന് ഈ വര്‍ഷം ആദ്യം ഷാവോമി പ്രഖ്യാപിച്ചിരുന്നു. 2024 ല്‍ തന്നെ ഷാവോമിയുടെ കാര്‍നിര്‍മാണ പ്ലാന്റ് കാര്‍നിര്‍മാണം ആരംഭിക്കുമെന്നും ബെയ്ജിങ് ഇ-ടൗണ്‍ സ്ഥിരീകരിച്ചു. 

ഓഗസ്റ്റിലാണ് ഷാവോമി പുതിയ ഇലക്ട്രിക് വാഹന കമ്പനി രജിസ്റ്റര്‍ ചെയ്തത്. 11000 കോടി ഡോളര്‍ മൂലധനത്തിലാണ് കമ്പനി തുടങ്ങിയിരിക്കുന്നത്. ലെയ് ജുന്‍ ആണ് കമ്പനിയുടെ മേധാവി. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍ കമ്പനിയ്ക്ക് 10000 ജീവനക്കാരുണ്ടെന്നും 5000 പേരെ കൂടി നിയമിക്കുമെന്നും ജുന്‍ പറഞ്ഞു. 

അടുത്ത പത്ത് വര്‍ഷക്കാലത്തേക്ക് ഇലക്ട്രിക് വാഹന യൂണിറ്റിന് വേണ്ടി ഏകദേശം 73000 കോടിയോളം രൂപ ചെലവഴിക്കാന്‍ തയ്യാറാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. 

ഈ പദ്ധതിയ്ക്ക് വേണ്ടി 562 കോടി രൂപയ്ക്ക് ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യാ സ്റ്റാര്‍ട്ട് അപ്പ് ആയ ഡീപ്പ് മോഷനെ ഷാവോമി ഏറ്റെടുത്തിരുന്നു. 

ഷാവോമിയെ പോലെ ആപ്പിളും ഇലക്ട്രിക് വാഹനം പുറത്തിറക്കാനുള്ള പദ്ധതിയ്ക്ക് പുറകെയാണ്. ഓപ്പോയും ഈ രംഗത്ത് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.