സ്മാര്‍ട്‌ഫോണിലെ സുരക്ഷാ സംവിധാനമായ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ അടുത്തകാലത്താണ് ഡിസ്‌പ്ലേയ്ക്കുള്ളിലേക്ക് വന്നത്. സ്‌ക്രീനിന്റെ താഴെ മധ്യഭാഗത്തായി ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനറുകള്‍ സ്ഥാപിക്കാറ്. ഈ സ്ഥലത്ത് എന്തെങ്കിലും അടയാളവും കാണിക്കാറുണ്ട്. 

എന്നാല്‍ പുതിയ ഫിംഗര്‍പ്രിന്റ് സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് നേടിയിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഷാവോമി. ഇതുവഴി സ്‌ക്രീനില്‍ എവിടെ സ്പര്‍ശിച്ചാലും ഫിംഗര്‍പ്രിന്റ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. 

ഇതിന് വേണ്ടി സാധാരണ അമോലെഡ് ഡിസ്‌പ്ലേയ്ക്കും കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ പാളിയ്ക്കും താഴെയായി പ്രത്യേക ഇന്‍ഫ്രാറെഡ് എല്‍ഇഡി ലൈറ്റ് ട്രാന്‍സ്മിറ്ററുകള്‍ നല്‍കിയിട്ടുണ്ടാവും. 

2020 ല്‍ ചൈന, യൂറോപ്പ്, യുഎസ്, ജപ്പാന്‍, കൊറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ മറ്റൊരു ചൈനീസ് ബ്രാന്‍ഡായ വാവേ ഇതേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള പേറ്റന്റിന് അപേക്ഷിച്ചിരുന്നു. 

ഇതിന് പുറമെ 20 മെഗാപിക്‌സലിനേക്കാള്‍ റസലൂഷന്‍ കൂടിയ ഒരു അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറയ്ക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് ഷാവോമിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഏതെല്ലാം സ്മാര്‍ടഫോണുകളിലാണ് ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. 

ഷാവോമി മിക്‌സ് 4 ഫോണിലാണ് കമ്പനി ആദ്യമായി അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറ ഉപയോഗിച്ചത്. 20 എംപി ക്യാമറയായിരുന്നു ഇതില്‍. പുതിയ റസലൂഷന്‍ ഏറിയ ക്യാമറയിലൂടെ സാധാരണ സെല്‍ഫി ക്യാമറയും അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറകളും തമ്മിലുള്ള പിക്ചര്‍ ക്വാളിറ്റി വ്യത്യാസം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 

Content Highlights: Xiaomi patents all-screen fingerprint scanner