-
ആഗോള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് വേണ്ടിയുള്ള സ്മാര്‍ട്ഫോണുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ചയില്‍. ഷാവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലെ കരാര്‍ കമ്പനികളുമായി ചര്‍ച്ച നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് മുന്നോട്ടുപോയാല്‍ ലാവ ഇന്റര്‍നാഷണല്‍, ഡിക്സിയണ് ടെക്നോളജീസ് തുടങ്ങിയ കമ്പനികളുടെ പ്ലാന്റുകളില്‍ വെച്ച് ഫോണുകള്‍ കൂട്ടിച്ചേര്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഈ വര്‍ഷം തന്നെ ആരംഭിക്കും.
രാജ്യത്തെ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ഏറ്റവും അധികം സ്വാധീനമുള്ള മൂന്ന് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകള്‍ ആയതുകൊണ്ടുതന്നെ ഈ നീക്കം രാജ്യത്തെ വലിയൊരു സ്മാര്‍ട്ഫോണ്‍ നിര്‍മാണ ഹബ്ബാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചേക്കും.
ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളും ഉപഭോക്താക്കളുമാണ് ചൈന. എന്നാല്‍ ആഗോള തലത്തിലുള്ള വളര്‍ച്ചയാണ് ചൈനീസ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. വിവോയും ഓപ്പോയും ലാവയുമായാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം ഷാവോമി ഡിക്സിയണുമായാണ് ചര്‍ച്ച പുരോഗമിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഇന്‍സന്റീവുകളും കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്. വിദേശ കമ്പനികള്‍ തദ്ദേശീയമായി ഉപകരണങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിവരുന്നുണ്ട്. യുഎസും ചൈനയും തമ്മില്‍ വ്യാപാര തര്‍ക്കം നലനില്‍ക്കെ ആഗോളതലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയെ മാത്രം ആശ്രയിച്ചുവരുന്നതില് മാറ്റം വരുത്താന്‍ കമ്പനികളും ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യമാണ് ഇന്ത്യയ്ക്ക് ഗുണകരമാവുന്നത്. ആപ്പിള്‍ ഉള്‍പ്പടെ നിരവധി കമ്പനികള്‍ ഇതിനകം ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രൊഡക്റ്റ് ലിങ്ക്ഡ് ഇന്‍സന്റീവ് പ്രോഗ്രാം(പി.ഐ.എല്‍.) ആരംഭിച്ചതിന് ശേഷം രാജ്യത്ത് നിന്നുള്ള സ്മാര്‍ട്ഫോണ്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 മടങ്ങ് വര്‍ധനവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പ്രസ്തുത കമ്പനികളൊന്നും തന്നെ ഇത്തരം ഒരു നീക്കം നടക്കുന്നതായി വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Xiaomi, Oppo, Vivo, Indian Smartphone Exports, Made in India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..