പുതിയ പ്രീമിയം സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷാവോമി. ഷാവോമി 11ഐ, ഷാവോമി 11 ഐ ഹൈപ്പര്‍ചാര്‍ജ് എന്നിവയാണ് അവതരിപ്പിച്ചത്. ഇതില്‍ ഷാവോമി 11ഐ ഹൈപ്പര്‍ചാര്‍ജ് ഫോണില്‍ 120 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. അതേസമയം ഷാവോമി 11 ഐ ഫോണില്‍ 67 വാട്ട് ടര്‍ബോ ചാര്‍ജ് സൗകര്യവും ലഭിക്കും. 

ഷാവോമി 11 ഐ ഹൈപ്പര്‍ചാര്‍ജ് 5ജിയുടെ 6ജിബി റാം / 128 ജിബി സ്റ്റോറേജ് പതിപ്പിന് 26999 രൂപയാണ് വില. 8 ജിബി റാം, 128 ജിബി പതിപ്പിന് 28999 രൂപയും ആണ് വില. 

ഷാവോമി 11ഐ 5ജി ഫോണിന്റെ 6ജിബി റാം/128 ജിബി പതിപ്പിന് 24999 രൂപയും 8 ജിബി റാം പതിപ്പിന് 26999 രൂപയുമാണ് വില. 

ജനുവരി 12 മുതല്‍ എംഐ.കോം, ഫ്‌ളിപ്കാര്‍ട്ട്, തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഫോണുകള്‍ വില്‍പനയ്‌ക്കെത്തും. 

ഷാവോമി 11ഐ ഹൈപ്പര്‍ചാര്‍ജ് 5ജി

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ജിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. മീഡിയാ ടെക് ഡൈമെന്‍സിറ്റി 920 പ്രൊസസറില്‍ എട്ട് ജിബി വരെയുള്ള റാം ശേഷിയുണ്ട്. 

ഇതിന്റെ ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 108 എംപി സാംസങ് എച്ച്എം2 സെന്‍സറാണ് പ്രധാന ക്യാമറ. 8എംപി അള്‍ട്രാ വൈഡ് ഷൂട്ടറും, രണ്ട് എംപി മാക്രോ ഷൂട്ടറും ഇതില്‍ ഉള്‍പ്പെടുന്നു. 

16 എംപി സെല്‍ഫി ക്യാമറയാണിതിന്. 4500 എംഎഎച്ച് ഡ്യുവല്‍ സെല്‍ ലിഥിയം അയേണ്‍ ബാറ്ററിയില്‍ 120 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ലഭിക്കും. 

ഷാവോമി 11ഐ 5ജി

ഡിസൈനിലും ഹാര്‍ഡ് വെയറിലും ഷാവോമി 11ഐ ഹൈപ്പര്‍ ചാര്‍ജിന് സമാനമാണ് ഷാവോമി 11ഐ 5ജി. എന്നാല്‍ ഇതില്‍ 5160 എംഎഎച്ച് ബാറ്ററിയും 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമാണുള്ളത്.

Content Highlights: Xiaomi 11i, 11i HyperCharge with 120W fast charging launched in India