Photo: YaSJ
വേഡില്‍ എന്ന പേരിലൊരു ഗെയിം ന്യൂയോര്‍ക്ക് ടൈംസ് ഏറ്റെടുക്കുന്നതായുള്ള പ്രഖ്യാപനം വന്നതോടെയാണ് ആഗോള തലത്തില്‍ അങ്ങനെ ഒരു ഗെയിം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മറഞ്ഞിരിക്കുന്ന ഒരു വാക്ക് കണ്ടുപിടിക്കുകയാണ് ഈ കളിയില്‍ ചെയ്യേണ്ടത്.
പൂവിലുണ്ട് കായിലില്ല, മനുഷ്യനിലുണ്ട് കുരങ്ങനില്ല, കവിതയിലുണ്ട് കവണയിലില്ല എതാണാ വാക്ക് ? എന്ന കളി കാലങ്ങളായി നമുക്കറിയാവുന്നതാണ്. ഈ കളിയുടെ ഡിജിറ്റല്‍ പതിപ്പാണ് വേഡില്‍ എന്ന് പറയാം. ഇംഗ്ലീഷില്‍ അത് സാധിക്കുമെങ്കില്‍ വാക്കുകളുടെ കലവറയായ മലയാളത്തില്‍ എന്തുകൊണ്ടായിക്കൂടാ?
മലയാളത്തിലുള്ള വേഡില്‍ ഗെയിം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ ജോജു ജോണ്‍. മഷിത്തണ്ട് നിഘണ്ടുവിനെ ഉപയോഗപ്പെടുത്തിയാണ് മലയാളത്തില്‍ ഈ കളി അനായാസമാക്കിയത്.
ഒളിഞ്ഞിരിക്കുന്ന ഒരു മലയാള പദം കണ്ടുപിടിക്കലാണ് കളിയുടെ ലക്ഷ്യം. സിനിമാപ്പേരുകളും സ്ഥലപേരുകളും ഉള്‍പെടുത്തിക്കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അക്ഷരങ്ങളുടെ വള്ളിയും പുള്ളിയും കണക്കിലെടുക്കില്ല. അതായത് 'പ' എന്ന വാക്കാണ് നിങ്ങള്‍ നല്‍കിയത് എങ്കില്‍ അതിനൊപ്പമുള്ള ശരിയായ വള്ളിയും പുള്ളിയും ചേര്‍ത്തുള്ള സൂചനകളും നിങ്ങള്‍ ലഭിക്കും. കൂടാതെ സാമ്യാക്ഷരങ്ങള് സംബന്ധിച്ച സൂചനയും ലഭിക്കും.

അക്ഷരങ്ങള്‍ ശരിയായ സ്ഥാനത്താണ് ഉള്ളത് എങ്കില്‍ പച്ച നിറത്തിലും, അക്ഷരങ്ങള്‍ ശരിയും തെറ്റായ സ്ഥാനത്താണ് നല്‍കിയത് എങ്കില്‍ മഞ്ഞ നിറത്തിലും തെറ്റായ അക്ഷരങ്ങള്‍ ചാര നിറത്തിലും കാണാം. പച്ച നിറത്തിലും മഞ്ഞ നിറത്തിലുമുള്ള അക്ഷരങ്ങള്‍ ഉള്ള പദങ്ങള്‍ വേണം തുടര്‍ന്ന് പരീക്ഷിക്കാന്‍.
28000 പദങ്ങള്‍ ഈ കളിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പദങ്ങള്‍ ചേര്‍ക്കുന്നുമുണ്ട്. ഇതില്‍ ചില പദങ്ങള്‍ ഡൈസ് ക്യൂബ് (Dice) ചിഹ്നം ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് കാണാം. ഇതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ആലോചിച്ച് വാക്കുകള്‍ കിട്ടുന്നില്ലെങ്കില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.
വിദഗ്ദരായ ആളുകള്‍ക്ക് കളിക്കാന്‍ 'ഹാര്‍ഡ് മോഡ്' ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ കളിയില്‍ ഡൈസ് ക്യൂബ് സൗകര്യം ലഭിക്കില്ല.
ഒരു മാസത്തിനകം തന്നെ ഇരുപതിനായിരം പേര് ഈ കളി കളിച്ചു കഴിഞ്ഞുവെന്ന് ജോജു പറഞ്ഞു. രണ്ടായിരം സ്കോര്‍കാര്‍ഡ് ഷയരുകളും നടന്നു. പുതിയ മലയാള പദങ്ങള്‍ പഠിക്കുവാനും ഓര്‍മ്മയില്‍ നിര്‍ത്താനും അതുവഴി നിങ്ങളുടെ പദ പരിജ്ഞാനം വളര്‍ത്താനും ഇത്തരം ഒരു ഗെയിമിലൂടെ സാധിക്കും. https://malayalamwordle.com/ വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് മലയാളം വേഡിൽ ഗെയിം കളിക്കാം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..