Photo: The Verge
മെറ്റ പ്ലാറ്റ്‌ഫോംസിന്റെ വിര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമായ ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. മറ്റൊരാള്‍ വോഡ്ക കൈമാറിക്കൊണ്ട് അത് കണ്ടു നില്‍ക്കുകയായിരുന്നുവെന്ന് ഗവേഷകയായ യുവതി പറയുന്നു.
കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ അവകാശങ്ങള്‍, വിവേചനം, മനുഷ്യാവകാശം, മൃഗങ്ങളുടെ അവകാശം, അഴിമതി തുടങ്ങിയ പൊതുവിഷയങ്ങളില്‍ കാമ്പയിനുകള്‍ നടത്താറുള്ള ലാഭേതര സംഘടനയും ഓണ്‍ലൈന്‍ കൂട്ടായ്മയുമായ സം ഓഫ് അസിന്റെ (SumOfUs) പ്രതിനിധിയാണ് 21 കാരിയായ ഗവേഷക. പ്ലാറ്റ്‌ഫോമിനെ കുറിച്ച് പഠിക്കുന്നതിനായി സംഘടന തന്നെയാണ് ഇവരെ അയച്ചത്.
എന്നാല്‍ ഹൊറൈസണ്‍ വേള്‍ഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ യുവതിയുടെ അവതാറിന് നേരെ ലൈംഗികാതിക്രമം ഉണ്ടായി.
എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാനാവാത്ത അനുഭവമായിരുന്നു അതെന്നും വളരെ പെട്ടെന്നാണ് അത് സംഭവിച്ചതെന്നും യുവതി പറഞ്ഞു.
'മെറ്റാവേഴ്‌സ്; വിഷമയമായ ഉള്ളടക്കങ്ങളുടെ മറ്റൊരു കുപ്പത്തൊട്ടി' എന്ന തലക്കെട്ടില്‍ യുവതിക്ക് സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കുന്ന ഒരു റിപ്പോര്‍ട്ട് സം ഓഫ് അസ് പുറത്തിറക്കിയിട്ടുണ്ട്.
ഹൊറൈസണ്‍ വേള്‍ഡിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുക തന്നെയായിരുന്നു ഗവേഷകയുടെ ലക്ഷ്യം. മോഡറേഷന്‍ ഇല്ലാത്തതുകൊണ്ട് യുവതികളുടെ രൂപമുള്ളതോ ശബ്ദമുള്ളതോ ആയ അവതാറുകള്‍ക്ക് നേരെ ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സം ഓഫ് അസിന്റെ ഗവേഷകര്‍ക്ക് നേരെ മെറ്റാവേഴ്‌സില്‍ വളരെ പെട്ടെന്ന് തന്നെ ലൈംഗികാതിക്രമം നടന്നു.
ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ ഒരു സ്വകാര്യ പാര്‍ട്ടി റൂമിലേക്ക് പ്രവേശിച്ചപ്പോഴാണ് യുവതിയുടെ അനുവാദമില്ലാതെ അപരിചിതനായോരാള്‍ അവരെ ലൈംഗിക പ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധപൂര്‍വം പ്രേരിപ്പിച്ചത്. തനിക്ക് മുന്നില്‍ തിരിഞ്ഞ് നില്‍ക്കാനും മറ്റുള്ളവര്‍ക്ക് മുന്നില്‍ ലൈംഗിക ചേഷ്ഠകള്‍ ചെയ്യാനും അയാള്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഈ രംഗമാണ് താഴെ കാണുന്ന വീഡിയോയിൽ.
മുമ്പും ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് പേഴ്‌സണല്‍ ബൗണ്ടറി എന്ന പേരില്‍ ഒരു ഫീച്ചര്‍ കമ്പനി ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ അവതരിപ്പിച്ചത്. അവതാറിന്റെ ഒരു മീറ്റര്‍ പരിധിക്കുള്ളിലേക്ക് മറ്റുള്ളവര്‍ കടന്നുവരുന്നത് തടയുന്ന സംവിധാനമാണിത്.
പരാതിക്കാരിയായ ഗവേഷക പേഴ്‌സണല്‍ ബൗണ്ടറി ഫീച്ചര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് മെറ്റയുടെ പ്രതിനിധി പറഞ്ഞു.
അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഫീച്ചര്‍ ആണ് അത്. അപരിചിതരായ ആളുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഈ ഫീച്ചര്‍ ഓഫ് ആക്കിവെക്കരുതെന്നും മെറ്റ പ്രതിനിധി പറയുന്നു.
നേരത്തെ ഫേസ്ബുക്ക് എന്ന പേരിലറിയപ്പെട്ടിരുന്ന മെറ്റ പ്ലാറ്റ്‌ഫോംസിന്റെ വിര്‍ച്വല്‍ റിയാലിറ്റി ഓണ്‍ലൈന്‍ ഗെയിമാണ് ഹൊറൈസണ്‍ വേള്‍ഡ്‌സ്. ഒക്യുലസ് റിഫ്റ്റ് എസ്, ഒക്യുലസ് ക്വസ്റ്റ് 2 തുടങ്ങിയ കമ്പനിയുടെ വിആര്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടിയാണിത് നിര്‍മിച്ചിരിക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് യുഎസിലും കാനഡയിലും ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Content Highlights: Woman ‘virtually raped’ in the Metaverse platform horizon worlds
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..