Wistron | Photo: Gettyimages
തായ്വാനീസ് കമ്പനി വിസ്ട്രോണിന്റെ തൊഴിലാളികള്‍ അടിച്ചു തകര്‍ത്ത ബെംഗളുരുവിലെ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയില്‍ വലിയ രീതിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ നടന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍.
മാസങ്ങളായി ശമ്പളം മുടങ്ങുന്നു, അധിക സമയം ജോലി ചെയ്യിപ്പിക്കുന്നു, അത് കൃത്യമായി രേഖപ്പെടുത്തിവെക്കുകയോ അധിക ജോലിയ്ക്ക് ശമ്പളം നല്‍കുകയോ ചെയ്തിരുന്നില്ല തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ആരോപിച്ച് പ്രതിഷേധത്തിലിരുന്ന ജീവനക്കാരാണ് കര്‍ണാടകയിലെ കോലാറിലുള്ള ഫാക്ടറിയില്‍ അക്രമാസക്തരായത്.
ഫാക്ടറിയില്‍ നിരവധി നിയമ ലംഘനങ്ങള്‍ നടന്നിരുന്നുവെന്ന് കര്‍ണാടക തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ആപ്പിളും സ്വന്തം നിലയില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും അവര്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ഫാക്ടറിയില്‍ കൃത്യമായ തൊഴില്‍ നിയമന വിവരങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ലെന്ന് ലേബര്‍ ഓഫീസ് പറയുന്നു. മാത്രവുമല്ല 12 മണിക്കൂറോളം ജോലി ചെയ്തിരുന്ന ജോലിക്കാര്‍ക്ക് അധിക സമയ വേതനവും നല്‍കിയിരുന്നില്ല. നിയമമനുസരിച്ചുള്ള ശമ്പളം, ഹാജര്‍ എന്നിവ സംബന്ധിച്ച് ഒരു രേഖയും കമ്പനി സൂക്ഷിച്ചിരുന്നില്ല. ശമ്പളം ശരിയായ രീതിയില്‍ നല്‍കാത്തതില്‍ അധികസമയം ജോലി ചെയ്തിരുന്ന ജീവനക്കാര്‍ രോഷാകുലരായിരുന്നു. അറ്റന്റന്‍സ് യന്ത്രത്തിലും സോഫ്റ്റ് വെയറുകളിലും ഉണ്ടായിരുന്ന തകരാറുകള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും കമ്പനി അത് പരിഹരിക്കാന്‍ തയ്യാറായില്ലയെന്നും ലേബര്‍ ഓഫീസ് വ്യക്തമാക്കുന്നു.
വിസ്ട്രോണിന് വേണ്ടി ജീവനക്കാരെ എത്തിച്ചിരുന്ന ക്രിയേറ്റീവ് എഞ്ചിനീയേഴ്സ്, ക്വെസ്, അഡ്ഡികോ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ അവര്‍ക്ക് അനുവദിച്ചിരുന്ന പരിധി മറികടന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തൊഴില്‍ വകുപ്പിന്റെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം, കമ്പനി വീണ്ടും തുറന്നുപ്രവര്ത്തിക്കുന്നതിനും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: wistron factory rampage bengaluru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..