
wipe 24
തിരക്കേറിയ നഗരങ്ങളില്‍ പലവിധ പ്രതിസന്ധികള്‍ ജനങ്ങള്‍ നേരിടുന്നുണ്ട്. തിരക്കേറിയ ജീവിത ശൈലിയില്‍ പലപ്പോഴും ഭക്ഷണമുണ്ടാക്കുന്നതും, വസ്ത്രമലക്കുന്നതും ഉള്‍പ്പടെയുള്ള വീട്ട് ജോലികള്‍ പോലും സമയത്തിന് ചെയ്യാന്‍ സാധിക്കാറില്ല. ഓണ്‍ലൈന്‍ ആപ്പുകളുള്ളതിനാല് ഭക്ഷണം വീട്ടിലെത്തുന്നതിന് ഇപ്പോള്‍ വലിയ പ്രയാസമില്ല. എന്നാല്‍ വസ്ത്രമലക്കിയുണക്കാന് പരിമിതികള്‍ ഏറെയുണ്ടായിരുന്നു. വെള്ളത്തിന്റെ ലഭ്യത, സമയക്കുറവ്, ഉണക്കിയെടുക്കാനുള്ള സ്ഥലപരിമിതി. ഫ്ളാറ്റിലും മറ്റും കഴിയുന്നവര്‍ നേരിടുന്ന വലിയൊരു പ്രശ്നം.
ഈ പ്രശ്നത്തിനൊരു പരിഹാരം കാണുകയാണ് വൈപ്പ് 24 എന്ന സ്റ്റാര്‍ട്ട്അപ്പ്. തൃശൂര്‍ സ്വദേശിയായ കിരണ്‍ പരമേശ്വരന്, പട്ടാമ്പി സ്വദേശികളായ അദീഷ്, അധുന്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട വൈപ്പ് 24 ഒരുക്കിയ മൊബൈല്‍ ആപ്പ് വഴി വസ്ത്രങ്ങള്‍ അലക്കുന്ന സേവനം ബുക്ക് ചെയ്യാനാവും. 2020 അവസാനത്തോടെ കാര്‍ വാഷ് സേവനം മാത്രമായി തുടക്കമിട്ട വൈപ്പ് 24 ലൂടെ ഇപ്പോള്‍ വസ്ത്രങ്ങള്‍ അലക്കാനും ഇസ്തിരിയിടാനും സാധിക്കും.
ആപ്പ് വഴി സേവനം ബുക്ക് ചെയ്താല്‍ വൈപ്പ് 24 ജീവനക്കാര്‍ വന്ന് വസ്ത്രങ്ങള്‍ ശേഖരിക്കും. സേവനം പൂര്‍ത്തിയായ ശേഷം അവ തിരികെ എത്തിച്ചു നല്‍കും. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ വൈപ്പ് 24 ന്റെ സേവനം ലഭിക്കുക. പ്രദേശത്തെ വസ്ത്രം അലക്കി നല്കുന്ന സ്ഥാപനങ്ങളെ കൂട്ടിച്ചേര്‍ത്താണ് വൈപ്പ് 24 ഈ സേവനം ഒരുക്കിയിരിക്കുന്നത്. എറണാകുളത്ത് ഇത്തരത്തില്‍ പത്തോളം സ്ഥാപനങ്ങള്‍ വൈപ്പ് 24 ലൂടെ വസ്ത്രങ്ങള്‍ അലക്കുന്ന സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഏത് സ്ഥാപനം വേണമെന്ന് ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാവും.

ഇത് കൂടാതെ വസ്ത്രങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും വൈപ്പ് 24 നല്‍കുന്നുണ്ട്. ഇങ്ങനെ സംഭാവന ചെയ്യുന്ന വസ്ത്രങ്ങള്‍ വിവിധ സന്നദ്ധ സ്ഥാപനങ്ങളുടെ സഹായത്തോടെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് വൈപ്പ് 24.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..