വിന്‍ഡോസ് കംപ്യൂട്ടറുകളിലെ ഏറ്റവും പ്രധാന സുരക്ഷാ സംവിധാനമാണ് മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍. എന്നാല്‍ അടുത്തിടെ ഈ സോഫ്റ്റ് വെയറില്‍ ഒരു ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുകയാണ് കമ്പനി. 12 വര്‍ഷക്കാലമായി ഈ സുരക്ഷാ വീഴ്ച ശ്രദ്ധിക്കപ്പെടാതെ പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സൈബര്‍ സുരക്ഷാ സ്ഥാപനമായ സെന്റിന്‍വണ്‍ ആണ് ഈ പ്രശ്‌നം കണ്ടെത്തിയത്. പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത മാല്‍വെയര്‍ നീക്കം ചെയ്യുന്നതിനായി വിന്‍ഡോസ് ഡിഫന്‍ഡര്‍ ആന്റി വൈറസ് ഉപയോഗിക്കുന്ന ഒരു ഡ്രൈവര്‍ ഫയലിലാണ് ബഗ്ഗ് കണ്ടെത്തിയതെന്ന് ആര്‍സ് ടെക്‌നിക്ക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വിന്‍ഡോസ് ഡിഫന്‍ഡറില്‍ ദുരുപയോഗം ചെയ്യപ്പെടാവുന്ന പഴുത് സൃഷ്ടിക്കപ്പെടുന്നതിനിടയാക്കി. വിന്‍ഡോസ് ഡിഫന്‍ഡറിന്റെ നിയന്ത്രണങ്ങളെ മറികടക്കാനും ഇത് വഴിയൊരുക്കി.  

മൈക്രോസോഫ്റ്റ് ബഗ്ഗ് പരിഹരിച്ചിട്ടുണ്ട്. പുറത്തിറക്കുന്ന എല്ലാ വിന്‍ഡോസ് കംപ്യുട്ടറുകളിലും വിന്‍ഡോസ് ഡിഫന്‍ഡര്‍ ഉള്ളതിനാല്‍ എല്ലാ പിസി കംപ്യൂട്ടറുകളും ഈ സുരക്ഷാ പ്രശ്‌നത്തിന്റെ ഭീഷണിയിലായിരുന്നു. മറ്റ് ആന്റിവൈറസ് സോഫ്റ്റ് വെയറുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കംപ്യൂട്ടറുകളെല്ലാം ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. 

എന്തായാലും വിന്‍ഡോസ് ഡിഫന്‍ഡറില്‍ കണ്ടെത്തിയ ഈ സുരക്ഷാ വീഴ്ച അങ്ങനെ എളുപ്പത്തില്‍ എല്ലാവര്‍ക്കും കണ്ടെത്താന്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. ലക്ഷ്യമിടുന്ന കംപ്യൂട്ടറിലേക്ക് ഏതെങ്കിലും വിധത്തില്‍ പ്രവേശനമുള്ളയാള്‍ക്കേ അത് ദുരുപയോഗം ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. 

എന്തായാലും ഫെബ്രുവരി ഒമ്പതിന് വന്ന അപ്‌ഡേറ്റിലൂടെ ഈ പ്രശ്‌നം മൈക്രോസോഫ്റ്റ് പരിഹരിച്ചുകഴിഞ്ഞു. ഇനിയും അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കമ്പനി നിര്‍ദേശിക്കുന്നു.

Content Highlights:  Windows Defender security flaw unnoticed for 12 years