ദിവസങ്ങള്‍ക്ക് മുമ്പാണ് വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം ഓണ്‍ലൈനില്‍ ചോര്‍ന്നത്. അടിമുടി മാറ്റങ്ങളുമായി മൈക്രോസോഫ്റ്റ് ഒരുക്കിയ വിന്‍ഡോസിന്റെ പുതിയ പതിപ്പിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വിന്‍ഡോസിന്റെ യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ അടിമുടി ഡിസൈന്‍ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പുതിയകാല കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഏറെ പൂര്‍ണതയോടെയാണ് ഇത് ഒരുക്കിയിട്ടുള്ളത്.

മാറ്റങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് സൗണ്ടില്‍ തന്നെ തുടങ്ങുന്നു. പുതിയ സ്റ്റാര്‍ട്ട് അപ്പ് സൗണ്ട് ആണ് വിന്‍ഡോസ് 11 ന് നല്‍കിയിരിക്കുന്നത്. യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ കാഴ്ചയില്‍ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ടാസ്‌ക് ബാറിലെ ആപ്പ് ഐക്കണുകളെ മധ്യഭാഗത്തേക്ക് മാറ്റി. പുതിയ സ്റ്റാര്‍ട്ട് ബട്ടനും മെനുവും ഉള്‍പ്പെടുത്തി. നിലവില്‍ വിന്‍ഡോസ് 10 ലുള്ള സ്റ്റാര്‍ട്ട് മെനുവിനെ കൂടുതല്‍ ലളിതമാക്കിക്കൊണ്ടാണ് പുതിയ രൂപകല്‍പന.

windows 11 leak
Photo: Twitter@tomwarren

ആപ്പ് ഐക്കണുകളും സ്റ്റാര്‍ട്ട് ബട്ടനും സ്‌ക്രീനിന് മധ്യഭാഗത്ത് വെക്കുന്നതില്‍ താല്‍പര്യമില്ലെങ്കില്‍ അത് പഴയ പോലെ ഇടത് ഭാഗത്തേക്ക് തന്നെ മാറ്റാനും സാധിക്കും. കൂടാതെ ഫയല്‍ എക്‌സ്‌പ്ലോറര്‍ വിന്‍ഡോയുടേയും സ്റ്റാര്‍ട്ട് മെനു വിന്‍ഡോയുടെയുമെല്ലാം കോണുകള്‍ വിന്‍ഡോസ് 11 ല്‍ ഉടനീളം റൗണ്ടഡ് കോര്‍ണറുകളാണ് നല്‍കിയിട്ടുള്ളത്.

വിന്‍ഡോസ് 11 എന്ന് തന്നെയാണ് പുറത്തുവന്നിരിക്കുന്ന ഓഎസിലും പേര് നല്‍കിയിട്ടുള്ളത്. പുറത്തിറക്കാത്ത പതിപ്പായതിനാല്‍ ഓഎസിന്റെ പല ഫീച്ചറുകളും വ്യക്തമായിട്ടില്ല.

ടെക്ക് വെബ്‌സൈറ്റായ ദി വെര്‍ജ് ലേഖകന്‍ ടോം വാറന്‍ തന്റെ ട്വിറ്റര്‍ പേജില്‍ വിന്‍ഡോസ് 11 ഓഎസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

വിന്‍ഡോസ് ഓഎസുകളില്‍ നേരത്തെ ഉണ്ടായിരുന്നതും എന്നാല്‍ പിന്നീട് ഒഴിവാക്കപ്പെട്ടതുമായ വിന്‍ഡോസ് വിഡ്ജറ്റുകള്‍ പുതിയ പതിപ്പില്‍ തിരികെ കൊണ്ടുവരുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അത് ശരിവെക്കും വിധം ചില വിഡ്ജറ്റുകള്‍ പുറത്തുവന്ന ഓഎസ് പതിപ്പിലുണ്ട്.

വിന്‍ഡോസ് 11 ലെ മാക്‌സിമൈസ് ബട്ടനില്‍ പുതിയ സ്‌നാപ് കണ്‍ട്രോളുകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ആപ്പുകളിലും ആ സംവിധാനമുണ്ടാവും. ഇതുവഴി ആപ്പ് വിന്‍ഡോകളെ സ്‌ക്രിനില്‍ പലഭാഗത്തായി മിനിമൈസ് ചെയ്ത് വെക്കാന്‍ സാധിക്കും.

Windows 11
Photo: Twitter@tomwarren

അതേസമയം വിന്‍ഡോസ് സ്‌റ്റോറില്‍ എന്ത് മാറ്റമാണ് വരുത്തുന്നതെന്ന് ലീക്കായ പതിപ്പില്‍ വ്യക്തമല്ല. പുതിയ ആപ്പ്‌സറ്റോറിനായി കമ്പനി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും പുറത്തുവന്ന വിവരങ്ങള്‍ക്കെല്ലാം സ്ഥിരീകരണം ലഭിക്കണമെങ്കില്‍ ജൂണ്‍ 24 ന് നടക്കുന്ന പരിപാടി വരെ കാത്തിരിക്കണം. വലിയ പ്രചാരം നല്‍കിയാണ് പ്രത്യേക വിന്‍ഡോസ് ഇവന്റ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.