വിന്‍ഡോസ് 10 അവതരിപ്പിച്ചതിന് ശേഷം വിന്‍ഡോസില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ പോവുകയാണ് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10-ന് ശേഷം ഇനിയൊരു പുതിയ വിന്‍ഡോസ് പതിപ്പ് ഉണ്ടാവില്ലെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍, ജൂണ്‍ 24-ന് നടക്കാനിരിക്കുന്ന വിന്‍ഡോസ് ഇവന്റിന് വലിയ പ്രചരണ പരിപാടികളാണ് കമ്പനി നടത്തിവരുന്നത്.

തുടക്കത്തില്‍ പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകളാണ് അവതരിപ്പിക്കാനൊരുങ്ങുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഒരു പുതിയ വിന്‍ഡോസ് ഓഎസ് പതിപ്പ് തന്നെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത് എന്ന് തന്നെയാണ് ടെക്ക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് വിന്‍ഡോസ് 11 എന്ന പേരിലായിരിക്കുമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്നു ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

അതിനിടെയാണ് ജൂണ്‍ 24-ന് നടക്കുന്ന വിന്‍ഡോസ് ഇവന്റിന്റെ ടീസര്‍ എന്നോണം ഒരു 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കമ്പനി പുറത്തുവിട്ടത്. വിന്‍ഡോസ് 95, വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് 7 എന്നിവയുടെ സ്റ്റാര്‍ട്ട്അപ്പ് ഓഡിയോ 4000 ശതമാനം വേഗത കുറച്ചുകൊണ്ട് ഒരു ധ്യാനത്തിനായി ഉപയോഗിക്കുന്ന മെഡിറ്റേറ്റീവ് ഓഡിയോ രൂപത്തില്‍ പുറത്തിറക്കിയത്.

ജൂണ്‍ 24-ലെ പരിപാടിയെ കുറിച്ചുള്ള ആവേശം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ എന്ന് ചോദ്യമാണ് വീഡിയോയ്ക്ക് കുറിപ്പായി മൈക്രോസോഫ്റ്റ് നല്‍കിയത്. ആ ആവേശം ശമിപ്പിക്കാനുള്ള റിലാക്‌സിങ് ഓഡിയോ ആയാണ് ടീസര്‍ പുറത്തുവിട്ടത്.

പുതിയ പതിപ്പിനെ കുറിച്ച് പരാമര്‍ശിക്കുമ്പോഴെല്ലാം വിന്‍ഡോസ് 95, എക്‌സ്പി, 7 തുടങ്ങിയ പഴയ ജനപ്രിയ വിന്‍ഡോസ് പതിപ്പുകളെയെല്ലാം മൈക്രോസോഫ്റ്റ് ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഈ പതിപ്പുകളെ ഓര്‍മിപ്പിക്കും വിധത്തിലുള്ള മാറ്റങ്ങളായിരിക്കാം പുതിയ പതിപ്പില്‍ തയ്യാറാക്കിയിരിക്കുന്നത്.

'വിന്‍ഡോസിന്റെ വരും തലമുറ' എന്നാണ് കമ്പനി പുതിയ പതിപ്പിനെ വിശേഷിപ്പിക്കുന്നത്. അതിനെ വിന്‍ഡോസ് 11 എന്ന് വിളിച്ചാലും ഇല്ലെങ്കിലും യൂസര്‍ ഇന്റര്‍ഫേയ്‌സില്‍ സമൂലമാറ്റങ്ങള്‍ അവതിരിപ്പിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

Content Highlights: windows 11 microsoft releases teaser video windows event june 24