തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപകരും സാങ്കേതികവിദഗ്ധരും ഒന്നിക്കുന്ന സമ്മേളനമായ 'ഹഡില്‍ കേരള'യ്ക്ക് കോവളത്ത് തുടക്കം. പാനല്‍ ചര്‍ച്ചകളും നെറ്റ്വര്‍ക്കിങ് സെഷനുകളും കൂടിയാലോചനകളും ഉള്‍ക്കൊള്ളുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റല്‍ തിരിതെളിക്കലിലൂടെ ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സംസ്ഥാനത്തുടനീളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിനോദസഞ്ചാരകേന്ദ്രമായി ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന കേരളം മികച്ച സ്റ്റാര്‍ട്ടപ് അന്തരീക്ഷമുള്ള ഇടമായും അറിയപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള മിടുക്കര്‍ പുതു സംരംഭങ്ങള്‍ക്കായി കേരളത്തെ തിരഞ്ഞെടുക്കുന്നു. കേരളത്തിലെ നിലവിലുള്ള സ്റ്റാര്‍ട്ടപ് അന്തരീക്ഷം സ്റ്റാര്‍ട്ടപ് മിഷനിലൂടെ സംസ്ഥാനത്തെല്ലായിടത്തും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. രാജ്യത്താദ്യമായി സ്റ്റാര്‍ട്ടപ് നയം കൊണ്ടുവന്ന സംസ്ഥാനം കേരളമാണ്. യുവാക്കളില്‍ സംരംഭകത്വ സ്വഭാവം വളര്‍ത്തിയെടുക്കാന്‍ സ്‌കൂള്‍, കോളേജ്, പ്രൊഫഷണല്‍ തലങ്ങളിലൊക്കെ വേണ്ടതു ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ആയിരത്തോളം പുതുസംരംഭങ്ങളുണ്ട്. രണ്ടുലക്ഷം ചതുരശ്രയടി ഇന്‍ക്യുബേഷന്‍ സ്ഥലമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നീക്കിവെച്ചിരിക്കുന്നത്. കേരളസര്‍ക്കാര്‍ ആരംഭിച്ച 'ഫണ്ട് ടു ഫണ്ട്' പരിപാടി വഴി ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ലഭ്യമാക്കി. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി തുടങ്ങിയവയുമായുള്ള സഹകരണം ആഗോളതലത്തില്‍തന്നെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്ഥാനം നേടിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സഹകരണം ശക്തമാണെന്നും ഇത് ഐ.ടി. മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നത സമിതി ചെയര്‍മാന്‍ ശൈഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമി പറഞ്ഞു. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ സാങ്കേതികത എങ്ങനെ വളരുമെന്ന് പ്രവചിക്കാനാകില്ല. എന്നാല്‍, ഡേറ്റ ആയിരിക്കും രാജ്യത്തിന്റെ ഭാവി. വിദ്യാഭ്യാസ പുരോഗതി, മികച്ച സ്റ്റാര്‍ട്ടപ് അന്തരീക്ഷം, അന്താരാഷ്ട്രതലത്തിലുള്ള പരസ്​പരബന്ധം എന്നിവയാകും ഐ.ടി. പുരോഗതിയില്‍ നിര്‍ണായകം. ഷാര്‍ജയില്‍ ഒരു കേരള സ്റ്റാര്‍ട്ടപ്, കേരളത്തില്‍ ഒരു ഷാര്‍ജ സ്റ്റാര്‍ട്ടപ് എന്നതാണ് സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, നാസ്‌കോം സി.ഇ.ഒ. ശ്രീകാന്ത് സിന്‍ഹ, സിസ്‌കോം എം.ഡി. ഹരീഷ് കൃഷ്ണന്‍, ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ശുഭോ റേ എന്നിവര്‍ സംസാരിച്ചു.