വിക്കിപീഡിയ സ്ഥാപകനായ ജിമ്മി വേയ്ല്‍സ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ലേലത്തിന്. സ്‌ട്രോബറി ഐമാക്ക് ആണ് ലേലത്തിന് വെച്ചിരിക്കുന്നത്. 2001 ജനുവരി 15ന് വിക്കിപീഡിയ വെബ്‌സൈറ്റ് പുറത്തിറക്കുന്നതിനായി തന്റെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വെയ്ല്‍സ് ഉപയോഗിച്ചിരുന്നത് ഈ കംപ്യൂട്ടറാണ്. 

ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച ആരംഭിച്ച ലേലത്തിന് നേതൃത്വം നല്‍കുന്നത് ക്രിസ്റ്റീസ് എന്ന സ്ഥാപനമാണ്. 

കംപ്യൂട്ടറിനെ കൂടാതെ വിക്കിപീഡിയയില്‍ 'ഹലോ വേള്‍ഡ്' എന്ന് ആദ്യമായി കുറിച്ചതിന്റെ സക്രീന്‍ ഇമേജിന്റെ നോണ്‍ ഫഞ്ചിബിള്‍ ടോക്കനും വില്‍പനയ്ക്കുണ്ട്. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയിലൂടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനാകുന്ന ഡിജിറ്റല്‍ വസ്തുക്കളാണ് എന്‍എഫ്ടികള്‍.

wiki pedia
Source: onlineonly.christies.com/s/birth-wikipedia/jimmy-wales-b-1966-2001/141268

ജെപിഇജി ഫോര്‍മാറ്റിലാണ് വിക്കിപീഡിയ പേജിന്റെ എന്‍എഫ്ടി അവതരിപ്പിക്കുക. ഇത് വാങ്ങുന്നയാള്‍ക്ക് എഡിറ്റ് ചെയ്യാനാവും.

വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം വെയ്ല്‍സിന്റെ പരസ്യരഹിത ബദല്‍ സോഷ്യല്‍ മീഡിയ പദ്ധതിയായ ഡബ്ല്യുടി. സോഷ്യല്‍ പ്രോജക്റ്റിന് നല്‍കും. 

ഡിസംബര്‍ 15 വരെ എന്‍എഫ്ടിയും കംപ്യൂട്ടറും വില്‍പനയ്ക്ക് വെക്കും. ലക്ഷക്കണത്തിന് ഡോളര്‍ ഇതിന് ലഭിക്കുമെന്നാണ് ക്രിസ്റ്റീസ് പ്രതീക്ഷിക്കുന്നത്.

കലാകാരന്മാര്‍ക്കിടയില്‍ എന്‍എഫ്ടികള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ക്രിയാത്മക സൃഷ്ടിയുടെ യഥാര്‍ത്ഥ പതിപ്പ് നേരിട്ട് വില്‍ക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ലാഭം ഇതുവഴി നേടാനാകുന്നു എന്നതാണ് ഇവരെ എന്‍എഫ്ടികളിലേക്ക് അടുപ്പിക്കുന്നത്. 

വേള്‍ഡ് വൈഡ് വെബിന്റെ സോഴ്‌സ് കോഡിന്റെ ഒരു എന്‍എഫ്ടി ജൂലായില്‍ വിറ്റ് പോയത് 54 ലക്ഷം ഡോളറിനാണ്. അമേരിക്കന്‍ ചിത്രകാരനായ ബീപ്പിളിന്റെ മുഴുവന്‍ ഡിജിറ്റല്‍ വര്‍ക്കുകളും വിറ്റുപോയത് 6.93 കോടി ഡോളറിനാണ്. 

റാപ്പ് താരമായ കാന്യേ വെസ്റ്റ് 2021 ല്‍ തന്റെ 'ഡോണ്ട'(Donda) എന്ന ആല്‍ബം റിലീസിന്റെ ഭാഗമായുള്ള ഒരു പാര്‍ട്ടിയ്ക്കിടെ ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കവചവും ക്രിസ്റ്റീസ് ലേലത്തിന് വെക്കുന്നുണ്ട്. 

Imac
ജിമ്മി വെയ്ൽസിന്റെ പഴയ ഐമാക് കംപ്യൂട്ടർ പ്രദർശനത്തിന് വെച്ചിരിക്കുന്നു

ഐമാക്ക് ജി3 400 സ്‌ട്രോബെറി

1998-2003 കാലത്ത് ആപ്പിള്‍ വിപണിയിലിറക്കിയിരുന്ന കംപ്യൂട്ടറാണ് ഐമാക് ജി3. അന്ന് വരെ പുറത്തിറങ്ങിയ കംപ്യൂട്ടറുകളില്‍ നിന്ന് മാറി ഏറെ ആകര്‍ഷകമായ രൂപകല്‍പനയായിരുന്നു ഈ കംപ്യൂട്ടറിന്. വ്യത്യസ്ത നിറങ്ങളിലുള്ള സുതാര്യമായ പുറം കവചമായിരുന്നു ഇതിന്റെ മുഖ്യ ആകര്‍ഷണം. ഐമാക്ക് ജി3 യുടെ വേറിട്ട ആകൃതിയും നിറങ്ങളും അക്കാലത്ത് വലിയ ജനപ്രീതി നേടിയെടുക്കുന്നതിന് സഹായകമായിരുന്നു. 

പഴയ മാക്കിന്റോഷ് കംപ്യൂട്ടറുകളിലെല്ലാം ഉണ്ടായിരുന്ന ഫ്‌ളോപ്പി ഡിസ്‌ക് ഡ്രൈവ് ഒഴിവാക്കിക്കൊണ്ടായിരുന്നു ഐ മാക്കിന്റെ വരവ്. കംപ്യൂട്ടറും മൗസും ബന്ധിപ്പിക്കുന്നതിനായി ആദ്യമായി യുഎസ്ബി പോര്‍ട്ട് വാഗ്ദാനം ചെയ്ത കംപ്യൂട്ടറും ഐമാക് ആണ്. നേരത്തെ ഇതിനായി ഉപയോഗിച്ചിരുന്ന എഡിബി, എസ്‌സിഎസ്‌ഐ, ജിയോ പോര്‍ട്ട് പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഉപേക്ഷിച്ചുകൊണ്ടായിരുന്നു ഈ നീക്കം. 

മോണിറ്ററിന്റെ രൂപത്തിന് അനുസൃതമായിത്തന്നെയാണ് കീബോര്‍ഡും മൗസും രൂപകല്‍പന ചെയ്തത്. ഡ്യുവല്‍ ഹെഡ്‌ഫോണ്‍ ജാക്കുകള്‍, സ്റ്റീരിയോ സ്പീക്കറുകള്‍, സിഡി ഡ്രൈവ് എന്നിവ ഇതിനുണ്ട്. മാക്ക് ഓഎസ് 8.5.1 ല്‍ ആയിരുന്നു ഇതിന്റെ പ്രവര്‍ത്തനം. പുറത്തിറക്കി തൊട്ടടുത്ത വര്‍ഷം തന്നെ പ്രൊസസറിലും ഹാര്‍ഡ് ഡ്രൈവിലും അപ്‌ഡേറ്റ് അവതരിപ്പിക്കപ്പെട്ടു.

Content Highlights: Wikipedia Founder's 20 year old 'Strawberry iMac' Up For Auction