മുന്നിലുള്ളത് കടുത്ത വെല്ലുവിളികള്‍; ആരാണ് മെറ്റ ഇന്ത്യയുടെ പുതിയ മേധാവി സന്ധ്യ ദേവനാഥന്‍ 


അജ്മൽ എൻ.എസ്

മെറ്റയില്‍ കടുത്ത പ്രതിസന്ധി തുടരുന്ന സമയത്താണ് സുപ്രധാന പദവിയിലേയ്ക്ക് സന്ധ്യ ദേവനാഥന്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഒരു പരീക്ഷണകാലമായിരിക്കും പുതിയ മേധാവിയെ കാത്തിരിക്കുന്നത്.

സന്ധ്യ ദേവനാഥൻ | photo: linkedin profile, mathrubhumi library

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ പുതിയ മേധാവിയും വൈസ് പ്രസിഡന്റുമായി സന്ധ്യ ദേവനാഥനെ നിയമിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിഭാഗത്തിന്റെ മേധാവിയും മലയാളിയുമായിരുന്ന അജിത് മോഹന്‍ രാജിവെച്ചതിന് പിന്നാലെയാണ് സന്ധ്യയുടെ നിയമനം. 2023 ജനുവരി ഒന്നിന് ഇവര്‍ ചുമതലയേല്‍ക്കും.

മെറ്റയില്‍ കടുത്ത പ്രതിസന്ധി തുടരുന്ന സമയത്താണ് സുപ്രധാന പദവിയിലേയ്ക്ക് സന്ധ്യ ദേവനാഥന്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഒരു പരീക്ഷണകാലമായിരിക്കും പുതിയ മേധാവിയെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ കമ്പനിയുടെ ബിസിനസ്, വരുമാന വിഭാഗങ്ങളുടെ ചുമതലയായിരിക്കും ഇവര്‍ വഹിക്കുക. മെറ്റ ഏഷ്യാ പസഫിക് വൈസ് പ്രസിഡന്റ് ഡാന്‍ നിയറിയുടെ കീഴിലാകും സന്ധ്യയുടെ പ്രവര്‍ത്തനം.കൂട്ടപ്പിരിച്ചുവിടലുകള്‍, തലപ്പത്തെ രാജികള്‍

കൂട്ടപ്പിരിച്ചുവിടലുകളും രാജിയുമൊക്കെയായി മെറ്റയിലെ സ്ഥിതി കുഴപ്പത്തിലാക്കിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് അജിത് മോഹന്‍ രാജിവെച്ചത്. പിന്നാലെ മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി തലവന്‍ രാജീവ് അഗര്‍വാളും വാട്‌സാപ്പ് ഇന്ത്യയുടെ തലവന്‍ അഭിജിത് ബോസും കമ്പനിയില്‍ നിന്ന് രാജിവെച്ചിരുന്നു. മറ്റൊരു ജോലി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് രാജീവ് അഗര്‍വാള്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചതെന്നാണ് മെറ്റ പ്രസ്താവനയിലൂടെ അറിയിച്ചത്. രാജീവിന് കമ്പനി ആശംസകളും നേര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ മെറ്റ പബ്ലിക് പോളിസിയുടെ പുതിയ ഡയറക്ടറായി ശിവ്‌നാഥ് തുക്രാലിനെയാണ് നിയമിച്ചിരിക്കുന്നത്. 2017 മുതല്‍ കമ്പനിയുടെ പബ്ലിക്ക് പോളിസി ടീമിലെ അവിഭാജ്യ ഘടകമാണ് ശിവ്‌നാഥ്. വാട്‌സാപ്പിന്റെ ഇന്ത്യയിലെ ആദ്യ മേധാവി കൂടിയാണ് രാജിവെച്ച അഭിജിത് ബോസ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് വാട്‌സാപ്പ് തലവന്‍ വില്‍ കാത്ത്കാര്‍ട്ട് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അജിത് മോഹന്‍

ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയിലെ കൂട്ടരാജി എന്നതാണ് ശ്രദ്ധേയമായ വസ്തുത. മേധാവികളുടെ രാജിയും ഈയടുത്ത് നടന്ന പിരിച്ചുവിടലുകളുമായി യാതൊരു ബന്ധവുമില്ലെന്നാണ് മെറ്റയുടെ വാദം. കഴിഞ്ഞ കുറച്ചുനാളുകളായി മെറ്റ കടുത്ത പ്രതിസന്ധിയിലാണെന്നത് പകല്‍പോലെ വ്യക്തമാണ്.

വരുമാനത്തിലെ ഇടിവും ഡിജിറ്റല്‍ വ്യവസായമേഖലയില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളുമൊക്കയാണ് കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്ന് മെറ്റ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. മെറ്റാവേഴ്‌സിനായി ഭീമമായ തുക വകയിരുത്തേണ്ടി വന്നതിനാല്‍ കമ്പനിയിലെ ചെലവുകള്‍ വര്‍ധിച്ചിരുന്നു. ഇതും കൂട്ടപ്പിരിച്ചുവിടലിലേയ്ക്ക് നയിച്ചുവെന്നാണ് സൂചന. നിക്ഷേപകര്‍ കൈവിട്ടതും മെറ്റയ്ക്ക് തിരിച്ചടിയായി.

ആരാണ് സന്ധ്യ, പുതിയ മേധാവിയുടെ മുന്നിലുള്ള വെല്ലുവിളികള്‍

മലയാളികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ക്കാണ് ഈയടുത്ത് മെറ്റയിലെ ജോലി നഷ്ടമായത്. ഇന്ത്യയിലും പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനാല്‍ പുതിയ മേധാവിയ്ക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല. ഏകദേശം 11,000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. കമ്പനിയിലെ ആകെ ജീവനക്കാരുടെ 13 ശതമാനമാണിത്.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സന്ധ്യയുടെ ചുമതല. വന്‍കിട ടെക്ക് കമ്പനികള്‍ക്ക് മേല്‍ ഇന്ത്യ നിയന്ത്രണം കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സന്ധ്യ നേതൃത്വത്തിലേക്ക് വരുന്നത്. മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലുകളടക്കം ഫെയ്‌സ്ബുക്കിന്റെ സുരക്ഷാപ്രശ്‌നങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉയരുകയാണ്. ഇതും പുതിയ മേധാവി നേരിടേണ്ടിവരുന്ന വെല്ലുവിളികളിലൊന്നാണ്.

പുതിയ മേധാവി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ ഏല്‍ക്കാന്‍ ഒരുങ്ങുന്ന സന്ധ്യ ദേവനാഥന് ഇന്ത്യയിലെ പ്രധാന കമ്പനികളുമായും പരസ്യദാതാക്കളുമായുമുള്ള ബന്ധം വളര്‍ത്തിയെടുക്കാനുള്ള ചുമതലയും മെറ്റ നല്‍കിയിട്ടുണ്ട്. ഏഷ്യ പസഫിക് നേതൃസംഘത്തിലും സന്ധ്യ ഭാഗമാകും.

ബാങ്കിങ്, പേമെന്റ്, ടെക്‌നോളജി മേഖലകളിലായി 22 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളയാളാണ് സന്ധ്യ ദേവനാഥന്‍. 2016ലാണ് സന്ധ്യ മെറ്റയിലേയ്ക്ക് എത്തുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ മെറ്റയുടെ ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കിയതിന്റെ അനുഭവപാടവം സന്ധ്യയ്ക്കുണ്ട്. 2020ല്‍ മെറ്റയുടെ പ്രധാന ഉപവിഭാഗങ്ങളിലൊന്നായ ഏഷ്യപസഫിക് ഗെയിമിങ് മേഖലയുടെ ചുമതലയേറ്റു.

തൊഴില്‍രംഗത്ത് സ്ത്രീകളുടെ നേതൃപ്രാതിനിധ്യത്തിനായി വാദിക്കുന്ന സന്ധ്യ മെറ്റയിലെ വിമന്‍ @എ.പി.എ.സി.യുടെ എക്‌സിക്യുട്ടീവ് സ്‌പോണ്‍സറാണ്. വിയറ്റ്‌നാമിലും സിംഗപ്പൂരിലും കമ്പനിയെ വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ളയാളാണ് സന്ധ്യ. നാഷണല്‍ ലൈബ്രറി ബോര്‍ഡ് ഓഫ് സിങ്കപ്പുര്‍, പെപ്പര്‍ ഫിനാന്‍സ് സര്‍വീസ് ഗ്രൂപ്പ്, സിങ്കപ്പുര്‍ മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റി, സിങ്കപ്പുരിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം എന്നിവിടങ്ങളിലും സന്ധ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1994-1998 കാലഘട്ടത്തില്‍ ആന്ധ്ര സര്‍വകലാശാലയില്‍നിന്ന് സന്ധ്യ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബി.ടെക് നേടി. 2000ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് സ്റ്റഡീസില്‍നിന്ന് എം.ബി.എ. പൂര്‍ത്തിയാക്കി. 2014 നേതൃത്വപാടവത്തെക്കുറിച്ച് ഒരു കോഴ്‌സ് ചെയ്യുന്നതിനായി സന്ധ്യ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെത്തി. 2000 മുതല്‍ 2009 വരെ സിറ്റി ബാങ്കിലും 2009 മുതല്‍ 2015 വരെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിലും ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ പുതിയ മേധാവിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സന്ധ്യയെ അഭിനന്ദിച്ചുകൊണ്ട് കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസര്‍ മാര്‍നെ ലെവിന്‍ രംഗത്തെത്തി. 'ഇന്ത്യയിലെ പുതിയ മേധാവിയായി സന്ധ്യയെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. മികച്ച ടീം രൂപീകരിക്കുന്നതിലും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിലുമുള്ള കഴിവ് സന്ധ്യ തെളിയിച്ചിട്ടുള്ളതാണ്. പുതിയ ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും സന്ധ്യ മികവ് പുലര്‍ത്താറുണ്ട്. ഇന്ത്യയില്‍ മെറ്റയെ സന്ധ്യ നയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തുഷ്ടരാണ്'- മാര്‍നെ ലെവിന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ നിന്ന് മെറ്റയിലേയ്ക്ക്

ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന ആഗ്രഹവുമായാണ് ഫെയ്‌സ്ബുക്ക് പേരുമാറ്റി മെറ്റയായി മാറിയത്. സാമൂഹികമാധ്യമങ്ങള്‍ക്കപ്പുറം വിശാലമായ മെറ്റാവേഴ്‌സ് മേഖലയിലേക്ക് മാറുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സക്കര്‍ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

പിരിച്ചുവിടലുകള്‍ക്ക് പിന്നാലെ വരുന്ന തലപ്പത്തെ രാജികളില്‍ പതറാതെ മുന്നേറാനായി മികവുറ്റ പകരക്കാരെയാണ് മെറ്റ നിയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന തളര്‍ച്ചയിലും എതിരാളികള്‍ ആഹ്ളാദിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ മെറ്റയ്ക്ക് ഇപ്പോഴും സാധിക്കുന്നുണ്ട്. മുന്നോട്ടുവരാന്‍ കഴിയുന്ന ഏറെയാളുകള്‍ ഇപ്പോഴും സ്ഥാപനത്തിലുണ്ടെന്ന സൂചനയും പുതിയ സ്ഥാനമാറ്റങ്ങളിലൂടെ മെറ്റ പറഞ്ഞുവയ്ക്കുന്നുണ്ട്.

Content Highlights: who is Sandhya Devanathan the new Meta India head

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented