Photo: twitter.com/lindayacc
സോഷ്യല്‍ മീഡിയാ സ്ഥാപനമായ ട്വിറ്ററിന്റെ മേധാവി സ്ഥാനത്തേക്ക് ഒരു വനിതയെ തിരിഞ്ഞെടുത്തതായി ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ മാധ്യമസ്ഥാപനമായ എന്‍ബിസി യൂണിവേഴ്‌സലിന്റെ ഗ്ലോബല്‍ അഡൈ്വര്‍ട്ടൈസിങ് ആന്റ് പാര്‍ടനര്‍ഷിപ്പ് ചെയര്‍മാനായ ലിന്‍ഡ യക്കരിനോയുടെ പേര് ചര്‍ച്ചയാവുകയാണ്.
ട്വിറ്ററിന്റെ മേധാവി സ്ഥാനത്തേക്ക് ലിന്‍ഡയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്ത വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വനിതയെ സിഇഒ ആയി നിയമിച്ചുവെന്ന മസ്‌കിന്റെ പ്രഖ്യാപനം. ഇതോടെ അത് ലിന്‍ഡ യക്കരിനോ തന്നെയായിരിക്കാം എന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുകയാണ്.
ലിങ്ക്ഡ് ഇന്‍ പ്രൊഫൈലിലെ വിവരം അനുസരിച്ച് എന്‍ബിസി യൂണിവേഴ്‌സലില്‍ 2011 മുതല്‍ ജോലി ചെയ്യുന്നയാളാണ് ലിന്‍ഡ യക്കരിനോ. ഇപ്പോള്‍ ഗ്ലോബല്‍ അഡൈ്വര്‍ട്ടൈസിങ് ആന്റ് പാര്‍ടനര്‍ഷിപ്പ് ചെയര്‍മാന്‍ ആണ് ഇവര്‍. മുമ്പ് എന്‍ബിസിയുടെ കേബിള്‍ എന്റര്‍ടെയ്ന്‍മെന്റിന്റേയും ഡിജിറ്റല്‍ അഡ്വര്‍ട്ടൈസിങ് സെയില്‍സ് ഡിവിഷന്റെയും മേധാവിയായിരുന്നു. എന്‍ബിസിയ്ക്ക് മുമ്പ് ടേണര്‍ എന്റര്‍ടെയ്ന്‍മെന്റിലായിരുന്നു യക്കരിനോ.
ഒരിക്കല്‍ യുഎസിലെ മയാമി ബീച്ചില്‍ നടന്ന ഒരു മാര്‍ക്കറ്റിങ് കോണ്‍ഫറന്‍സില്‍ യക്കരിനോയും മസ്‌കും ഒരേ വേദിയില്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. മസ്‌കിനെ പിന്തുണയ്ക്കുന്ന വ്യക്തി കൂടിയായ ലിന്‍ഡ. ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തേക്ക് താല്‍പര്യമുള്ളതായി തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
നിലവിലെ ജോലിയില്‍ 2000 ജീവനക്കാര്‍ക്ക് മേല്‍നോട്ടം വഹിക്കുന്നയാളാണ് ലിന്‍ഡ. ട്വിറ്ററിലും ഇപ്പോള്‍ ജീവനക്കാര്‍ അത്രയേ ഉള്ളൂ.
എന്‍ബിസി യുണിവേഴ്‌സലിന്റെ പീക്കോക്ക് എന്ന സ്ട്രീമിങ് സേവനത്തിലേക്ക് വരുമാനം കണ്ടെത്തുന്ന ചുമതലയാണ് ലിന്‍ഡയ്ക്ക്. ആപ്പിള്‍, സ്‌നാപ്ചാറ്റ്, ബസ്ഫീഡ്, ട്വിറ്റര്‍, യൂട്യൂബ് എന്നിവരുമായുള്ള പങ്കാളിത്തത്തിലൂടെ കമ്പനിയ്ക്ക് വേണ്ടി 10000 കോടി ഡോളര്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിനും ഇപ്പോള്‍ ആവശ്യമുള്ളത് കമ്പനിയുടെ വരുമാനം മെച്ചപ്പെടുത്താന്‍ കെല്‍പ്പുള്ള ഒരു മേധാവിയെ തന്നെയാണ്.
ആറാഴ്ചയ്ക്കുള്ളില്‍ പുതിയ സിഇഒ ചുമതലയേല്‍ക്കുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. അത് യക്കരിനോ തന്നെയാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിഇഒ സ്ഥാനമൊഴിയുന്ന മസ്‌ക് എക്‌സിക്യൂട്ടീവ് ചെയര്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍ ചുമതലയിലേക്ക് മാറും.
Content Highlights: Who is Linda Yaccarino, the possible female CEO of Twitter
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..