.jpg?$p=48405e6&f=16x10&w=856&q=0.8)
Whatsapp Logo | Photo: Whatsapp
വാട്സാപ്പ് പുതിയ ചില ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. വാട്സാപ്പില്‍ പുതിയ കമ്മ്യൂണിറ്റി ടാബ് വരുന്നു എന്നതാണ് അതിലൊന്ന്. ഈ സംവിധാനം വഴി ഗ്രൂപ്പ് അഡ്മിന്മാര്ക്ക് പ്രത്യേക ഗ്രൂപ്പുകളെ ഒരു കമ്മ്യൂണിറ്റിയിലേക്ക് ചേര്‍ക്കാന്‍ സാധിക്കും. ഇതോടെ ഗ്രൂപ്പുകള്‍ കമ്മ്യൂറ്റി ടാബിന് കീഴില്‍ ക്രമീകരിക്കാനാവും.
കമ്മ്യൂണിറ്റി ടാബ് അതിന്റെ നിര്‍മാണ ഘട്ടത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സാപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് 2.22.6.9 ബീറ്റാ അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്. കമ്മ്യൂണിറ്റി ടാബ് ഐക്കണിന്റെ സ്ക്രീന്‍ഷോട്ട് വാബീറ്റ ഇന്‍ഫൊ പുറത്തുവിട്ടിട്ടുണ്ട്. നിലവിലുള്ള വാട്സാപ്പ് ആപ്പിൽ ചാറ്റ്സ്, സ്റ്റാറ്റസ്, കോള്‍സ് എന്നിവയ്ക്ക് ഇടത് വശത്തായുള്ള ക്യാമറ ഐക്കണിന്റെ സ്ഥാനത്താണ് കമ്മ്യൂണിറ്റി ഐക്കണ്‍ നല്‍കിയിരിക്കുന്നത്. കമ്മ്യൂണിറ്റി ഹോം ഫീച്ചറിലേക്കുള്ള ഷോട്ട്കട്ട് ആണിത്.
എന്ക്രിപ്ഷനോടുകൂടിയുള്ള സംവിധാനമായിരിക്കും കമ്മ്യൂണിറ്റീസ്. ഇതുവഴി ഗ്രൂപ്പുകളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അഡ്മിന്മാര്ക്ക് ലഭിക്കും.
ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നത് ഇടയ്ക്ക് വെച്ച് നിര്‍ത്താന്‍ സാധിക്കുന്ന സൗകര്യമാണ് വാട്സാപ്പ് ബീറ്റാ പതിപ്പില്‍ പരീക്ഷിക്കുന്ന മറ്റൊരു സംവിധാനം. 2.22.6.9 ആന്‍ഡ്രോയിഡ് ബീറ്റയിലാണ് ഈ സൗകര്യവും ഉള്ളത്. നിലവില്‍ ശബ്ദ സന്ദേശം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഇടയ്ക്ക് നിര്‍ത്താനുള്ള സൗകര്യമില്ല. മൈക്ക് ഐക്കണില്‍ ലോങ് പ്രസ് ചെയ്തുകൊണ്ട് റെക്കോര്‍ഡ് ചെയ്യുകയും അത് റീലീസ് ചെയ്യുമ്പോള്‍ സെന്റ് ആവുകയും ചെയ്യുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്.
കമ്മ്യൂണിറ്റി ടാബിന്റെ പരീക്ഷണം ഇനിയും വാട്സാപ്പ് തുടങ്ങിയിട്ടില്ല. അത് നിലവില്‍ വന്നാല്‍ ബീറ്റാ പതിപ്പുകാര്ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ ഈ സംവിധാനം ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും ലഭ്യമല്ല. അതേസമയം ഇതിനകം ബീറ്റാ പരീക്ഷണം ആരംഭിച്ച റെക്കോര്‍ഡ് പോസ്, റെസ്യൂം ഫീച്ചര്‍ താമസിയാതെ തന്നെ എല്ലാവര്‍ക്കുമായി ലഭ്യമാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..