പ്രതീകാത്മകചിത്രം| Photo: Reuters
വാട്‌സാപ്പ് വഴി തട്ടിപ്പുകാരുടെ ഫോണ്‍ വിളികളും സന്ദേശങ്ങളും വര്‍ധിക്കുകയും പലരും ഈ തട്ടിപ്പുകളില്‍ ഇരയാക്കപ്പെടുകയും ചെയ്തതോടെ നടപടിയ്‌ക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. തട്ടിപ്പ് നടത്തുന്നതിനുള്ള അക്കൗണ്ടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഫോണ്‍ നമ്പറുകള്‍ നല്‍കുന്ന ടെലികോം സേവനദാതാക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ സര്‍ക്കാര്‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.
ഈ വിവരങ്ങള്‍ വാട്‌സാപ്പ് കൈമാറുന്നതോടെ പ്രസ്തുത അക്കൗണ്ടുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കും. വിവരങ്ങള്‍ കൈമാറാന്‍ വാട്‌സാപ്പ് തയ്യാറാണെന്നാണ് വിവരം. വിദേശ നമ്പറുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് വാട്‌സാപ്പ് ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ട് നിര്‍മിക്കാനാകുമെന്നത് തട്ടിപ്പുകാര്‍ പ്രയോജനപ്പെടുത്തുകയാണ്. ഇക്കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്.
മൊബൈല്‍ ആപ്പുകളും ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും സൗജന്യമായും നിശ്ചിത നിരക്ക് ഈടാക്കിയും വാട്‌സാപ്പ് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള ഒ.ടി.പി. വെരിഫിക്കേഷന് വേണ്ടിയും മറ്റുമായി വിദേശ മൊബൈല്‍ നമ്പറുകള്‍ നല്‍കുന്നുണ്ട്. ബിറ്റ്‌കോയിനുകള്‍ നല്‍കിയും വിദേശ നമ്പറുകള്‍ ലഭിക്കുന്ന സ്ഥിതിയുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കുന്നതിന് പല രാജ്യങ്ങളിലും ഉപഭോക്താക്കളെ വെരിഫൈ ചെയ്യുന്ന പ്രക്രിയ കര്‍ശനമല്ലാത്തതും ഇതിന് അവസരമൊരുക്കുകയാണ്.
വാട്‌സാപ്പ് പ്ലാറ്റ്‌ഫോമിനെ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നുള്ള സ്പാം കോളുകള്‍ 50 ശതമാനം വരെ തടയാനാകും വിധമുള്ള മെഷീന്‍ ലേണിങ് എ.ഐ. ടൂളുകള്‍ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.
വ്യാജ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പറഞ്ഞിരുന്നു. സൈബര്‍ തട്ടിപ്പുകളെ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: whatsapp scam calls, government to curb fake accounts
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..