കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ക്ക് വീട്ടിലിരിക്കേണ്ടി വരികയും തത്ഫലമായി ഇന്റര്‍നെറ്റ് ഉപയോഗം കൂടുകയുംചെയ്ത സാഹചര്യത്തില്‍ സുഗമമായ ഇന്റര്‍നെറ്റ് ഉപയോഗം ഉറപ്പുവരുത്തുന്നതിനായി നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ വീഡിയോ, യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സേവനങ്ങള്‍ വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചിരുന്നു. 

ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് വീഡിയോകള്‍ പതിയെയാണ് ലോഡ് ആവുന്നത്. ഈ സാഹചര്യത്തില്‍ സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം 30 സെക്കന്‍ഡില്‍ നിന്നും 15 സെക്കന്‍ഡ് ആക്കി ചുരുക്കിയിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്‌സാപ്പ്. 

വാബീറ്റാ ഇന്‍ഫോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയിലാണ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം കുറച്ചിരിക്കുന്നത്. ഈ മാറ്റം താത്കാലികമാണെന്നും എല്ലാ ഉപയോക്താക്കളിലേക്കും ഈ മാറ്റം എത്തുമെന്നും വാബീറ്റാ ഇന്‍ഫോ ട്വീറ്റ് ചെയ്തു. വാട്‌സാപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. കോവിഡ്-19 പകര്‍ച്ചാവ്യാധി അടങ്ങിയതിന് ശേഷം ഈ നിയന്ത്രണം പിന്‍വലിക്കപ്പെടും.

നിങ്ങള്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ്, ടെക്സ്റ്റ് എന്നിവയെല്ലാം 24 മണിക്കൂര്‍ നേരത്തേക്ക് പങ്കുവെക്കാന്‍ സാധിക്കുന്ന സംവിധാനമാണ് വാട്‌സാപ്പ് സ്റ്റാറ്റസ്. 

പുറത്തിറങ്ങാനോ മറ്റാളുകളെ കാണാനോ സാധിക്കാത്ത വിധം വീട്ടിലിരിക്കേണ്ട അവസ്ഥ വന്നതോടെ ഇന്റര്‍നെറ്റ് അധിഷ്ടിത വിനോദ സംവിധാനങ്ങളെ വ്യാപകമായി ആശ്രയിക്കുകയാണ് ജനങ്ങള്‍. തൊഴിലിടങ്ങള്‍ അടച്ചിട്ടതോടെ വലിയൊരു വിഭാഗം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ പിന്‍ബലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിച്ചത്.

Content Highlights: whatsapp reduced video status length