ന്യൂഡല്‍ഹി: വാട്‌സാാപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ഒരു അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. 

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ ഏതെങ്കിലും മൂന്നാം കക്ഷിക്കും ഫെയ്‌സ്ബുക്കിനും അതിന്റെ മറ്റ് കമ്പനികള്‍ക്കുമായി ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി പങ്കിടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ഏകപക്ഷീയമായാണ് വാട്‌സാപ്പ് പ്രൈവസി പോളിസി പരിഷ്‌കരിച്ചത്. അത് ഉപയോക്താക്കള്‍ക്ക് നിര്‍ബന്ധിതമാക്കുകയും ചെയ്തു. പുതിയ പോളിസി സ്വകാര്യതയ്ക്കുള്ള പൗരന്മാരുടെ അവകാശം ലംഘിക്കുന്നതാണ്. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെ നേരിട്ട് ബാധിക്കുന്ന വ്യവസ്ഥകള്‍ പുതിയ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 

ഈ രീതിയിലുള്ള ഏകപക്ഷീയമായ പെരുമാറ്റവും ഭീഷണിപ്പെടുത്തലും ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങള്‍ക്കിടയിലെ ഒരു പ്രധാന ആശയവിനിമയ മാര്‍ഗമാണ് വാട്‌സാപ്പ് എന്നും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഹര്‍ജി. 

Content Highilghts: whatsapp new privacy policy petition filed before delhi highcourt