വാട്‌സാപ്പില്‍ പുതിയ സ്വകാര്യത ഫീച്ചര്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവരില്‍നിന്ന് മറച്ചുവെക്കുന്ന ഫീച്ചര്‍ ആണിത്. ആന്‍ഡ്രോയിഡിലും ഐഓഎസിലും പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. 

എറ്റവും ഒടുവില്‍ വാട്‌സാപ്പ് ഉപയോഗിച്ച സമയം കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ ആണ് ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്. ഇത് ഒരു തരത്തില്‍ സുരക്ഷാ ഫീച്ചര്‍ കൂടിയാണ്. 

കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവരില്‍നിന്നു ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് മറച്ചുവെക്കാനുള്ള സൗകര്യം വാട്‌സാപ്പ് നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നതാണ്. പ്രൈവസി സെറ്റിങ്‌സില്‍ ലാസ്റ്റ് സീന്‍ ഓപ്ഷനില്‍ മൈ കോണ്‍ടാക്റ്റ് തിരഞ്ഞെടുത്താല്‍ ഇത് സാധിക്കും. എന്നാല്‍ ചില തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ ആളുകള്‍ക്ക് വാട്‌സാപ്പ് ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് നിരീക്ഷിക്കാനാകുമായിരുന്നു.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും അത്തരം ചില ആപ്പുകള്‍ ലഭ്യമാണെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആപ്പുകള്‍ ഉപയോഗിച്ച് വാട്‌സാപ്പ് ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും ലാസ്റ്റ് സീനും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാവും. 

എന്നാല്‍, പുതിയ അപ്‌ഡേറ്റിലൂടെ ഇത്തരം ആപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വകാര്യത നല്‍കും. ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്ത വാട്‌സാപ്പ് അക്കൗണ്ടുകള്‍ക്ക് നിങ്ങളുടെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസും ഓണ്‍ലൈന്‍ സ്റ്റാറ്റസും കാണാന്‍ സാധിക്കില്ല. 

അതേസമയം, ചില പ്രത്യേക കോണ്‍ടാക്റ്റുകളില്‍ നിന്ന് മാത്രമായി ലാസ്റ്റ് സീന്‍ സ്റ്റാറ്റസും പ്രൊഫൈല്‍ ചിത്രങ്ങളുമെല്ലാം മറച്ചുവെക്കാനുള്ള സൗകര്യം അവതരിപ്പിക്കാനും വാട്‌സാപ്പ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ബീറ്റാ പരീക്ഷണം കമ്പനി നടത്തിയിരുന്നു. രാത്രിസമയത്തെ വാട്സാപ്പ് ഉപയോഗത്തിന് സദാചാര വാദികളുടെ ചോദ്യം ചെയ്യലുകള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ഇത്തരക്കാരെ അവഗണിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണിത്. 

Content Highlights: WhatsApp is rolling out a new feature for better privacy