ടുവില്‍ ജിയോഫോണില്‍ വാട്‌സ്ആപ്പ് സേവനവും എത്തിയിരിക്കുന്നു. ജിയോഫോണ്‍ വഴി വാട്‌സ്ആപ്പ് ഉപയോഗം സാധ്യമാക്കുന്നതിനായി വാട്‌സ്ആപ്പിന്റെ കായ് ഓഎസ് പതിപ്പാണ് പ്രയോഗത്തില്‍ വരുത്തിയിരിക്കുന്നത്. 

വാട്‌സ്ആപ്പ് പൊതുവില്‍ നല്‍കിവരുന്ന സ്വകാര്യത കായ് ഓഎസ് പതിപ്പിലും ലഭ്യമാവുമെന്നും ചിത്രം, വീഡിയോ, ശബ്ദസന്ദേശങ്ങള്‍ എന്നിവ സ്വകാര്യത നഷ്ടപ്പെടാതെ അയക്കാന്‍ സാധിക്കുമെന്നും ജിയോ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ജിയോഫോണിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ജിയോ ഫോണ്‍, ജിയോ ഫോണ്‍ 2 ഉപഭോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. 

അതേസമയം സേവനമാരംഭിച്ച് രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍  ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മൊബൈല്‍ സേവനം എന്ന റിക്കോര്‍ഡ് തങ്ങള്‍ സ്വന്തമാക്കിയതായി ജിയോ വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു. 

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 21.5 കോടി എന്നതിലേക്ക് ഉയര്‍ന്നുവെന്നും രാജ്യത്ത് 4ജി സേവനങ്ങള്‍ ഉപയോഗിക്കുന്ന മൂന്നില്‍ രണ്ടു ഭാഗം പേരും  കുറഞ്ഞ ചിലവില്‍ ജിയോ സേവനമാണ് ഉപയോഗിക്കുന്നതെന്നും ജിയോ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.