വാട്സാപ്പ് അടുത്തിടെയാണ് ഡിസപ്പിയറിങ് മെസേജസ് എന്ന പുതിയ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാക്കിയത്. ചാറ്റുകളിലെ സന്ദേശങ്ങൾ ഏഴ് ദിവസങ്ങൾക്ക് ശേഷം നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണിത്.

വാട്സാപ്പിലെ അടുത്തകാലത്ത് ഏറെ പ്രതീക്ഷിക്കപ്പെട്ട സൗകര്യങ്ങളിലൊന്നാണ് ഇത്. എതിരാളിയായ ടെലഗ്രാമിലെ സെൽഫ് ഡിസ്ട്രക്ടർ ടൈമറിന് സമാനമായ സംവിധാനമാണിത്. ടെലഗ്രാമിലെ തന്നെ സീക്രട്ട് ചാറ്റുമായാണ് ഈ ഫീച്ചർ താരതമ്യം ചെയ്യപ്പെടുന്നത്.

മീഡിയ ഫയലുകൾ ഒരു സെക്കന്റ് മുതൽ ഒരു മിനിറ്റ് വരെ സമയത്തിനുള്ളിൽ താനെ പിൻവലിക്കപ്പെടുന്ന സൗകര്യമാണ് ടെലഗ്രാമിലെ സെൽഫ് ഡിസ്ട്രക്ട് ടൈമർ. സാധാരണ ചാറ്റുകളിൽ മീഡിയാ ഫയലുകൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

എന്നാൽ, ടെലഗ്രാമിലെ എന്റ് റ്റു എന്റ് എൻക്രിപ്റ്റഡ് ചാറ്റ് ആയ സീക്രട്ട് ചാറ്റിൽ എല്ലാ സന്ദേശങ്ങൾക്കും ടൈമർ നിശ്ചയിക്കാം. ഒരു സെക്കന്റ് മുതൽ ഒരാഴ്ച വരെ വിവിധ സമയ പരിധികൾ നിശ്ചയിക്കാൻ ഇതിൽ സാധിക്കും.

എന്നാൽ വാട്സാപ്പിലെ ഡിസപ്പിയറിങ് മെസേജസ് ഫീച്ചറിൽ ഏഴ് ദിവസത്തിന് ശേഷമാണ് സന്ദേശങ്ങൾ നീക്കം ചെയ്യപ്പെടുക. ഉപയോക്താവിന് സമയപരിധി നിശ്ചയിക്കാനുള്ള ഓപ്ഷനുകൾ ഇല്ല. ചാറ്റുകളിൽ സന്ദേശങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാന നേട്ടമായി കാണിക്കുന്നത്. ചാറ്റുകൾ തിരഞ്ഞെടുത്ത് നീക്കം ചെയ്യേണ്ട പ്രയാസം ഒഴിവാക്കാം.

നേരത്തെ ടെലഗ്രാമിലെ സീക്രട്ട് ചാറ്റുമായാണ് വാട്സാപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചറിനെ താരതമ്യം ചെയ്തിരുന്നത് എങ്കിലും ഉപയോക്താവിന് ഉപകാരപ്പെടുന്നത് ടെലഗ്രാമിലെ സീക്രട്ട് ചാറ്റ് മാതൃകയാണ്.

വാട്സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങൾ കുന്നുകൂടുന്നത് വൃത്തിയാക്കുക എന്നത് മാത്രമാണ് ഡിസപ്പിയറിങ് മെസേജസിന്റെ നേട്ടം. ഇത് ഏറ്റവും ഗുണം ചെയ്യുക ഗ്രൂപ്പ് ചാറ്റുകൾക്കാണ്.

ഡിസപ്പിയറിങ് മേസേജ് ടൈമർ നിശ്ചയിച്ചതിന് ശേഷം ചാറ്റിൽ വന്ന സന്ദേശങ്ങൾ ഫോർവാർഡ് ചെയ്യാൻ സാധിക്കും. അങ്ങനെ ഫോർവേഡ്‌ ചെയ്യുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഡിസപ്പിയറിങ് മെസേജസ് സംവിധാനത്തിന് സാധിക്കില്ല. ഏഴ് ദിവസത്തിനുള്ളിൽ ചാറ്റുകൾ ബാക്ക് അപ്പ് ചെയ്യപ്പെട്ടാലും അതിലെ സന്ദേശങ്ങൾ ഒഴിവാക്കപ്പെടില്ല.

എന്നാൽ, ടെലഗ്രാമിലെ സീക്രട്ട് ചാറ്റിൽ സന്ദേശങ്ങൾ നീക്കം ചെയ്യുക എന്നതിലുപരി ഉപയോക്താവിന് വേണ്ട അടിസ്ഥാന സ്വകാര്യതയും ഉറപ്പ് നൽകുന്നുണ്ട്. ഒരു സെക്കന്റ് മുതൽ ഒരാഴ്ച വരെ ടൈമർ നിശ്ചയിക്കാൻ ഉപയോക്താവിന് സാധിക്കും എന്നതാണ് അതിൽ പ്രധാനം. സന്ദേശത്തിലെ ഉള്ളടക്കത്തിന്റെ സ്വകാര്യത സുരക്ഷ സ്വീകർത്താവിന്റെ വിശ്വാസ്യത എന്നിവ കണക്കിലെടുത്ത് ഇതിൽ സമയം നിശ്ചയിക്കാനാവും. സ്വീകർത്താവ് സന്ദേശം തുറക്കുന്നത് മുതലാണ് ഈ സമയം കണക്കാക്കപ്പെടുക. ടൈമറിൽ അയക്കുന്ന സന്ദേശങ്ങൾ സ്വീകർത്താവിന്റെ ഫോണിൽ ശേഖരിക്കപ്പെടില്ല. ടെലഗ്രാം സീക്രട്ട് ചാറ്റ് സ്ക്രീൻ ഷോട്ട് എടുക്കാനോ ഫോർവാഡ് ചെയ്യാനോ സാധിക്കില്ല. ഇതുവഴി സന്ദേശങ്ങൾക്ക് സ്വകാര്യത ലഭിക്കുന്നു.


Content Highlights:WhatsApp disappearing messages and telegram secret chat