ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ അടക്കമുള്ളവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുവേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്‌സ്ആപ്പ്. വ്യാജവാര്‍ത്തകള്‍ ആള്‍ക്കൂട്ട ആക്രമണത്തിലേക്ക് വരെ നയിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവശ്യം പരിഗണിച്ചുകൊണ്ടുള്ള വാട്സ്ആപ്പിന്റെ നീക്കം.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോമള്‍ ലാഹിരിയാണ് ഇന്ത്യയിലെ  പരാതി പരിഹാര ഉദ്യോഗസ്ഥയെന്ന് വാട്സ്ആപ്പ് വെബ്സൈറ്റ് വ്യക്തമാക്കുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെയാണ് വാട്സ്ആപ്പ് പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചത്. 

ഇതിനേക്കുറിച്ച് പ്രതികരിക്കാന്‍ വാട്സ്ആപ്പ് ഔദ്യോഗിക വക്താവ് തയ്യാറായില്ല. എന്നാല്‍ കമ്പനി വെബ്സൈറ്റിലെ FAQ സെക്ഷനില്‍ ഇക്കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. വാട്സ്ആപ്പിന്റെ സര്‍വീസ് നിബന്ധനകളേയും അക്കൗണ്ട് വിവരങ്ങളും സംബന്ധിച്ച പരാതികള്‍ക്കോ അന്വേഷണങ്ങള്‍ക്കോ ഉപയോക്താക്കള്‍ക്ക് പരാതി പരിഹാര ഉദ്യോഗസ്ഥയെ ബന്ധപ്പെടാമെന്ന് കമ്പനി വ്യക്തമാക്കുന്നു. 

വാട്സ്ആപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയില്‍ കമ്പനിക്ക് 20 കോടിയിലേറെ ഉപയോക്താക്കളാണുള്ളത്. ജൂലായില്‍ മെസേജ് ഫോര്‍വേഡിങ് നിയന്ത്രിക്കാനായി ഫോര്‍വേഡ് ലേബല്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങള്‍ വാട്സ്ആപ്പ് കൊണ്ടുവന്നിരുന്നു. 

Content Highlights: WhatsApp appoints Komal Lahiri as grievance officer for India