വാട്‌സാപ്പിന്റെ പ്രധാന സുരക്ഷാ സംവിധാനമായി എടുത്തുകാണിക്കപ്പെടുന്നതാണ് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍. വാട്‌സാപ്പില്‍ നടക്കുന്ന സന്ദേശക്കൈമാറ്റങ്ങള്‍ക്കിടെ പുറത്തുനിന്നൊരാള്‍ നുഴഞ്ഞു കയറുന്നത് തടയുന്നതാണ് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍. നമ്മള്‍ അയക്കുന്ന സന്ദേശം വാട്‌സാപ്പിലൂടെ മറ്റാരും കാണില്ലെന്ന് കമ്പനി ഉറപ്പു നല്‍കുമ്പോഴും ഉപഭോക്താക്കള്‍ അവരുടെ ഫോണിലും ക്ലൗഡ് സ്‌റ്റോറേജിലുമായി ബാക്ക് അപ്പ് ചെയ്തുവെക്കുന്ന ചാറ്റുകള്‍ക്ക് ഈ സുരക്ഷിതത്വം ഉണ്ടായിരുന്നില്ല.

ആന്‍ഡ്രോയിഡ് ഫോണിലും ഐഫോണിലും വാട്‌സാപ്പ് ചാറ്റ് ബാക്ക് ചെയ്യുന്നത് യഥാക്രമം ഗൂഗിള്‍ ക്ലൗഡിലേക്കും ഐ ക്ലൗഡിലേക്കുമാണ്. ഈ ക്ലൗഡ് സ്റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാല്‍ ചാറ്റുകള്‍ ആര്‍ക്കും കവര്‍ന്നെടുക്കാനാവുന്ന സ്ഥിതി ആയിരുന്നു. 

വാട്‌സാപ്പില്‍ ബാക്ക് അപ്പ് ചെയ്യുന്ന ചാറ്റുകള്‍ക്കും എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചു. ഇതോടെ സമ്പൂര്‍ണ എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുകയാണ് വാട്‌സാപ്പ്. 

ബാക്ക് അപ്പ് ചെയ്യുന്ന വാട്‌സാപ്പ് ചാറ്റുകള്‍ ഇനി ഉപഭോക്താവിന് മാത്രമെ എടുക്കാന്‍ സാധിക്കൂ. മറ്റൊരാള്‍ക്കും ബാക്ക് അണ്‍ബ്ലോക്ക് ചെയ്യാനാവില്ല. വാട്‌സാപ്പിന് പോലും. 

പാസ്വേഡോ, 64 ഡിജിറ്റ് എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിച്ച് ബാക്ക് അപ്പ് എന്‍ക്രിപ്റ്റ് ചെയ്യാം. ഈ കീ ഇല്ലാതെ മറ്റാര്‍ക്കും അത് അണ്‍ബ്ലോക്ക് ചെയ്യാനാവില്ല. ആൻഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ സൗകര്യം ലഭ്യമാവും. 

ക്ലൗഡ് ബാക്ക് അപ്പുകൾക്കാണ് എൻക്രിപ്ഷൻ ലഭിക്കുക.

എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്ക് അപ്പ് എങ്ങനെ ചെയ്യാം

  • ആദ്യം വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ പതിപ്പാണെന്ന് ഉറപ്പ് വരുത്തുക
  • അതിന് ശേഷം Settings>Chats>Chat Backups>End-to-End Encrypted Backup എന്നിവ തിരഞ്ഞെടുക്കുക.
  • തുടര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക.