ന്ദ്രനിലിറക്കാനുള്ള ശ്രമത്തിനിടെ ബന്ധം നഷ്ടപ്പെട്ട വിക്രം ലാന്‍ഡര്‍ എവിടെയാണ് എന്ന് നാസയേക്കാള്‍ ഏറെനാള്‍ മുമ്പ് തന്നെ തങ്ങള്‍ തിരിച്ചറിഞ്ഞിരുന്നതായി ഐഎസ്ആര്‍ഒ. നഷ്ടപ്പെട്ട ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു വെന്നും ഐഎസ്ആര്‍ഓ പറഞ്ഞു. 

അടുത്തിടെ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തി ചിത്രം വിശകലനം ചെയ്ത ചെന്നൈ സ്വദേശി ഷണ്‍മുഖം സുബ്രഹ്മണ്യന്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസയുടെ പ്രഖ്യാപനം. 

എന്നാല്‍ സെപ്റ്റംബറില്‍ തന്നെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ അറിയിച്ചിരുന്നു. ചന്ദ്രയാന്‍ -2 ഓര്‍ബിറ്റര്‍ അതിന്റെ ചിത്രം പകര്‍ത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിക്രം ലാന്‍ഡര്‍ ആദ്യമായി കണ്ടെത്തിയത് നാസയാണെന്ന തരത്തിലാണ് പല വാര്‍ത്തകളും വന്നത്. 

'നമ്മുടെ സ്വന്തം ഓര്‍ബിറ്റര്‍ വിക്രം ലാന്റര്‍ എവിടെയാണെന്ന് നമ്മള്‍ കണ്ടെത്തിയിരുന്നു. അത് വെബ്‌സൈറ്റ് വഴി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. നിങ്ങള്‍ക്ക് അത് നോക്കിയാല്‍ കാണാം.' ബുധനാഴ്ച കെ ശിവന്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

നാസയാണ് വിക്രം ലാന്‍ഡറിനെ ആദ്യമായി കണ്ടെത്തിയത് എന്ന വിധത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഈ സഹചര്യത്തിലാണ് ഐഎസ്ആര്‍ഒ മേധാവിയുടെ വിശദീകരണം. എന്നാല്‍ വിക്രം ലാന്‍ഡര്‍ ആദ്യമായി കണ്ടെത്തിയത് തങ്ങളാണ് എന്ന് നാസ അവകാശപ്പെട്ടിട്ടില്ല. 

Content Highlights: we found our lander months before nasa says isro chief