വിവോ ഫോണുകൾക്ക് ഇനി മുഖം നൽകുക ഒറിജിൻ ഓഎസ്. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കസ്റ്റമൈസ്ഡ് യൂസർ ഇന്റർഫെയ്സ് ആയ ഒറിജിൻ ഓഎസ് വിവോ പുറത്തിറക്കി. വിവോ ഫോണുകളിൽ മുമ്പുണ്ടായിരുന്ന ഫൺടച്ച് ഓഎസിനെ പുതുക്കിപ്പണിത രൂപമാണിത്. കെട്ടിലും മട്ടിലും പുതുമയുള്ളത് പോലെ തന്നെ വിവോയുടെ പഴയ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഫീച്ചറുകളും ഒറിജിൻ ഓഎസിൽ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ഓഎസിലൂടെ ഫോണുകളുടെ പ്രകടനം ഏറെ മെച്ചപ്പെടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹോം സ്ക്രീൻ, വാൾ പേപ്പറുകൾ, ഗെയിം ബോർഡ് പോലുള്ള ഘടകങ്ങളിൽ അതിനാവശ്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇങ്ങനെ സുഗമവും സുരക്ഷിതവുമായ പ്രവർത്തനം കമ്പനി വാഗ്ദാനം ചെയ്യുന്നു.

പെർഫോമൻസ് വാൾപേപ്പർ, ആറ്റോമിക് നോട്ടിഫിക്കേഷൻസ്, പുതിയ നാവിഗേഷൻ ജസ്റ്ററുകൾ പോലുള്ളവ ഒറിജിൻ ഓഎസിലെ പുതുമകളാണ്.

മെമ്മറി ഫ്യൂഷൻ, പ്രൊസസ് ഓപ്റ്റിമൈസേഷൻ, ആപ്ലിക്കേഷൻ പ്രീലോഡിങ് പോലുള്ള ഫീച്ചറുകൾ നൽകുന്ന മൾടി ടർബോ 5.0 സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ അൽ ഗൊരിതം ഒപ്റ്റിമൈസേഷനിലൂടെ റാമിനേയും റോമിനേയും ബന്ധിപ്പിക്കുന്ന റാം ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യയും ഇതിലുണ്ട്.

Content Highlights:Vivo new origin os launched