ലണ്ടന്‍: വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രകള്‍ ആരംഭിക്കുന്നത് വൈകിപ്പിച്ചതോടെ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതയിലുള്ള വിര്‍ജിന്‍ ഗാലക്ട് ഓഹരി വിപണിയില്‍ കൂപ്പുകുത്തി. വെള്ളിയാഴ്ച 14 ശതമാനമാണ് ഓഹരിയിടിഞ്ഞത്. 

ബഹിരാകാശ വാഹനത്തിന്റെ സുപ്രധാനമായ പരീക്ഷണപ്പറക്കലും വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ ആരംഭിക്കുന്നതും നീട്ടിവെക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചതോടെയാണ് ഓഹരിവിപണിയിടിയുന്നതിന് വഴിവെച്ചത്. 2022 രണ്ടാം പകുതിയോടെ ആയിരിക്കും സേവനങ്ങള്‍ ആരംഭിക്കുക എന്നാണ് വിവരം. 

ബഹിരാകാശ വാഹനത്തിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിര്‍ജിന്‍ ഗാലക്ടിക് പറയുന്നത്. വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ ഈടു നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ലാബ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നാണ് വിവരം. 

ഈ മാസം നടത്താനിരുന്ന യുണിറ്റി 23 എന്ന പരീക്ഷണ പറക്കലും നീട്ടിവെച്ചിട്ടുണ്ട്. ഇറ്റാലിയന്‍ വ്യോമസേനയില്‍ നിന്നും നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലില്‍ നിന്നുമുള്ള ക്രൂ അംഗങ്ങളാണ് ഈ യാത്രയില്‍ ഉണ്ടാകുക.

Virgin Galacticബഹിരാകാശത്തേക്ക് വിനോദ യാത്ര പോയ ആദ്യ വ്യക്തിയാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍. തന്റെ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക് നിര്‍മിച്ച സൂപ്പര്‍ സോണിക് ബഹിരാകാശ വിമാനത്തിലായിരുന്നു യാത്ര. കമ്പനി ജീവനക്കാരായ ബെത്ത് മോസസ്, കൊളിന്‍ ബെന്നറ്റ്, സിരിഷ ബാന്ദ്‌ല, പൈലറ്റുമാരായ ഡേവ് മാക്കെ, മൈക്കല്‍ മസൂചി എന്നിവരുമൊത്തായിരുന്നു യാത്ര. തൊട്ടുപിന്നാലെ തന്നെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ബഹിരാകാശ യാത്ര ചെയ്തു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ബഹിരാകാശ വിനോദസഞ്ചാര മത്സരരംഗത്തുണ്ട്. 

അതേസമയം, ബ്രാന്‍സണിന്റെ ആദ്യയാത്രയില്‍ വാഹനം നിശ്ചയിച്ച പാതയില്‍നിന്നു ഗതി മാറി സഞ്ചരിച്ചുവെന്ന് കാണിച്ച് യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ അന്വേഷണം നടക്കുന്നുണ്ട്. 

ബഹിരാകാശ യാത്രയ്ക്കായി 600-ലേറെ പേര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ലക്ഷം ഡോളറിനും രണ്ടര ലക്ഷം ഡോളറിനുമിടയിലാണ് ടിക്കറ്റിന്റെ വില. ഇതില്‍ ആദ്യ ബാച്ച് ടിക്കറ്റുകള്‍ പത്ത് വര്‍ഷം മുമ്പ് തന്നെ വിറ്റഴിക്കപ്പെട്ടിരുന്നു.