സ്‌പേസ് എക്‌സ്, ബ്ലൂ ഒറിജിന്‍ പോലെ നിരവധി സ്വകാര്യ കമ്പനികള്‍ ആദ്യമായി വിനോദസഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാനുള്ള മത്സരത്തിലാണ്. സ്വന്തമായി ബഹിരാകാശ സഞ്ചാര വാഹനങ്ങള്‍ വികസിപ്പിച്ചും പരീക്ഷണങ്ങള്‍ നടത്തിയും അവര്‍ മത്സരത്തില്‍ സജീവമാണ്.

ഇപ്പോള്‍, ഈ രംഗത്ത് റിച്ചാര്‍ഡ് ബ്രാന്‍സന്റെ നേതൃത്വത്തിലുള്ള വിര്‍ജിന്‍ ഗാലക്ടിക് കുറേ കൂടി മുന്നേറിയിരിക്കുന്നു. വിര്‍ജിന്‍ ഗാലക്ടികിന്റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമാവുന്നതിന് രണ്ട് ലക്ഷം പൗണ്ട് ( 1.85 കോടിയലധികം രൂപ) മുന്‍കൂര്‍ ആയി നല്‍കിയ വിനോദസഞ്ചാരികള്‍ക്ക് ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനം ആരംഭിച്ചു.

ആസ്‌ട്രോനട്ട് റെഡിനസ് പ്രോഗ്രാം (Astronaut Readiness Programme) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശീലന പരിപാടി ബാള്‍ട്ടിമോറിലുള്ള അണ്ടര്‍ ആര്‍മര്‍ ഗ്ലോബല്‍ ഹെഡ്‌കോര്‍ട്ടേഴ്‌സിലാണ് നടക്കുന്നത്. 

virgin Galacticവാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കാനിരിക്കെ ഞങ്ങളുടെ ആദ്യ ഉപയോക്താക്കള്‍ക്കായി ആസ്‌ട്രോനട്ട് റെഡിനസ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത് ഞങ്ങളുടെ യാത്രയുടെ ആവേശകരമായ ഒരു നിമിഷമാണ് എന്ന് വിര്‍ജിന്‍ ഗാലക്ടിക് സിഇഒ ജോര്‍ജ് വൈറ്റ്‌സൈഡ്‌സ് പറഞ്ഞു. 

പ്രത്യേകം രൂപകല്‍പന ചെയ്ത അണ്ടര്‍ ആര്‍മര്‍ സ്‌പേസ് സ്യൂട്ട് ധരിപ്പിച്ചാണ് വിനോദസഞ്ചാരികള്‍ക്ക് പരിശീലനം തുടങ്ങുന്നത്. ബഹിരാകാശ സഞ്ചാര സമയത്ത് ഈ വസ്ത്രമാണ് ഇവര്‍ ധരിക്കുക. ഇവര്‍ക്ക് ആരോഗ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും അതുപോലെ പോഷകാഹാരം, ഫിറ്റ്‌നസ് തുടങ്ങിയവയിലും പരിശീലനം നല്‍കും. 

വിര്‍ജിന്‍ ഗാലക്ടികിന്റെ സ്‌പേസ്ഷിപ് ടൂവില്‍ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്കാണ് രണ്ട ലക്ഷം പൗണ്ട്. വലിയ തുകയാണെങ്കിലും 60 രാജ്യങ്ങളില്‍ നിന്നായി 600 പേര്‍ യാത്രയ്ക്കായി പേര് നല്‍കിയിട്ടുണ്ട്. 2020 ല്‍ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരം യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് വിര്‍ജിന്‍ ഗാലക്ടികിന്റെ പ്രതീക്ഷ.

Content Highlights: Virgin Galactic Kicks off Astronaut Readiness Program