ഇന്ത്യ, ഇറ്റലി, തുര്‍ക്കി എന്നിവിടങ്ങളിലെ ഡിജിറ്റല്‍ സേവന നികുതികള്‍ യു.എസ്. കമ്പനികളോട് വിവേചനം കാണിക്കുന്നതാണെന്നും അന്താരാഷ്ട്ര നികുതി തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് (യു.എസ്.ടി.ആര്‍.) ബുധനാഴ്ച പറഞ്ഞു. ഡിജിറ്റല്‍ ടാക്‌സുകളുമായി ബന്ധപ്പെട്ട് നടത്തിവരുന്ന 'സെക്ഷന്‍ 301 'അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുകയായിരുന്നു യു.എസ്.ടി.ആര്‍.
ഇന്ത്യ, ഫ്രാന്‍സ്, ഇറ്റലി, തുര്‍ക്കി എന്നിവര്‍ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ടാക്‌സ് ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍, ആമസോണ്‍.കോം പോലുള്ള വന്‍കിട അമേരിക്കന്‍ കമ്പനികള്‍കളോട് വിവേചനം കാണിക്കുന്നുവെന്നാണ് യു.എസ്.ടി.ആര്‍. പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രത്യേക നടപടികളൊന്നും സ്വീകരിക്കുന്നില്ല. ലഭ്യമായ മാര്‍ഗങ്ങള്‍ വിലയിരുത്തുന്നത് തുടരുമെന്നും യു.എസ്.ടി.ആര്‍. പറഞ്ഞു. എന്നാല്‍, ട്രംപ് ഭരണകൂടം സ്ഥാനമൊഴിയുന്നതിന് മുമ്പോ ജോ ബൈഡന്‍ സ്ഥാനമേറ്റതിന് പിന്നാലെയോ ഈ രാജ്യങ്ങള്‍ക്കുമേല്‍ പ്രത്യേക താരിഫ് ചുമത്തുന്നതിലേക്ക് അന്വേഷണം വഴിവെക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രഞ്ച് ഡിജിറ്റല്‍ ടാക്‌സിന് മറുപടിയായി ഫ്രാന്‍സില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും ഹാന്റ്ബാഗുകള്‍ക്കും മറ്റ് ഇറക്കുമതികള്‍ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്താന്‍ യു.എസ്.ടി.ആര്‍. തീരുമാനിച്ചിരുന്നു. ഇത് എന്ന് മുതല്‍ നടപ്പിലാക്കുമെന്ന് വ്യക്തമല്ല.
Content Highlights: USTR against India Italy Turkey on digital taxes but holds off on tariffs