Whatsapp Logo | Photo: Reuters
വാട്‌സാപ്പ് അടുത്തിടെയിറക്കിയ നയ മാറ്റ അറിയിപ്പ് ആഗോള തലത്തില്‍ വലിയ വിമര്‍ശനം നേരിടുന്നു. വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള കമ്പനികളുമായി പങ്കുവെക്കപ്പെടുമെന്നും ഉള്‍പ്പടെയുള്ള നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പോവാനാണ് വാട്‌സാപ്പിന്റെ നിര്‍ദേശം. ഈ പശ്ചാത്തലത്തില്‍ വാട്‌സാപ്പില്‍ നിന്ന് വലിയ രീതിയില്‍ ഉപയോക്താക്കള്‍ കൊഴിഞ്ഞുപോവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന സിഗ്നല്‍ എന്ന മെസേജിങ് ആപ്ലിക്കേഷനിലേക്ക് മാറൂ എന്ന് പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതിന് പിന്നാലെ സിഗ്നല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാം ഉപയോക്താക്കളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
വാട്‌സാപ്പിന്റെ സ്വകാര്യത വാഗ്ദാനത്തില്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടങ്ങളിലും നേരത്തെ തന്നെ സിഗ്നല്‍ ആപ്പിന് വലിയ പ്രചാരമുണ്ട്.
ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ പുതിയതായി അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണത്തില്‍ പെട്ടന്ന് വര്‍ധനവുണ്ടാവുന്നതിന് ഇടയാക്കിയിട്ടുള്ളതായി സിഗ്നല്‍ വ്യക്തമാക്കി. ഇത് വെരിഫിക്കേഷന്‍ പ്രക്രിയയില്‍ തടസം നേരിടുന്നതിനിടയാക്കിയിട്ടുണ്ടെന്നും ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും സിഗ്നല്‍ ട്വീറ്റ് ചെയ്തു.
ഇലോണ്‍ മസ്‌കിനെ കൂടാതെ എഡ്വേര്‍ഡ് സ്‌നോഡനും സിഗ്നല്‍ ഉപയോഗിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍, രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് ചാരവൃത്തി ആരോപിച്ച് അമേരിക്ക അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള വ്യക്തിയാണ് സ്‌നോഡന്‍.
എന്തുകൊണ്ടാണ് താങ്കള്‍ സിഗ്നല്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്ന ചോദ്യത്തിന്. ' ഏറെകാലമായി ഞാന്‍ സിഗ്നല്‍ ഉപയോഗിക്കുന്നുണ്ടെന്നും ഞാന്‍ ഇതുവരെയും മരണപ്പെട്ടിട്ടില്ല' എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Content Highlights: users leaves whatsapp hiked sign in on signal and telegram
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..