ടുവില്‍ സാങ്കേതിക രംഗത്തെ പിടിച്ചുലച്ച ആ പ്രശ്‌നത്തിന് തിരശ്ശീല വീഴുകയാണ്. ചൈനീസ് ടെക് കമ്പനിയായ വാവേയുമായി വാണിജ്യ ഇടപാടിൽ ഏര്‍പ്പെടുന്നതിലുള്ള വിലക്ക് പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടം. ഇതോടെ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച പ്രശ്‌നത്തിന് പരിഹാരമായേക്കും. 

ലോകത്തെ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ സ്ഥാപനമായ വാവേയെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനത്തെ തുടര്‍ന്ന് പല അമേരിക്കന്‍ കമ്പനികളേയും വാവേയുമായി വാണിജ്യത്തിലേര്‍പ്പെടുന്നതില്‍ നിന്നും വിലക്കി. ഇത് അമേരിക്കന്‍ കമ്പനികള്‍ക്ക് തന്നെ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനിടയാക്കി. ഇക്കാരണത്താലാണ് വാവേയ്ക്കുള്ള വിലക്ക് പുനഃപരിശോധിക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. 

ഒസാകയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാവേയ്ക്കുള്ള നിരോധനത്തില്‍ നിന്നും പിന്‍വലിയാൻ ട്രംപ് തീരുമാനിച്ചത്. 

ഇതോടെ ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വാവേയുമായി വ്യാണിജ്യ ഇടപാടുകള്‍ തുടരാനാവും. 

ആന്‍ഡ്രോയിഡ് ഓഎസ് ഉപയോഗിക്കാം

വാവേയ്ക്കുള്ള വാണിജ്യ വിലക്ക് നീക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്ന സാഹചര്യത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസ് പുതിയ ഫോണുകളില്‍ ഉപയോഗിക്കാന്‍ വാവേയ്ക്കാവും. അമേരിക്കന്‍ ഭരണകൂടത്തിന്റെ വിലക്കിനെ തുടര്‍ന്ന് ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വാവേയുമായുള്ള വാണിജ്യ ഇടപാടുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

ഇതേ തുടര്‍ന്ന് സ്വന്തമായി ഓഎസ് നിര്‍മിക്കുന്നതും. റഷ്യയുടെ ഓറോറ ഓഎസ് ഉപയോഗിക്കുന്നതും വരെ വാവേ പരിഗണിക്കുകയുണ്ടായി. 

ലോകത്തെ മുന്‍നിര കമ്പനികളിലൊന്നുമായുള്ള വാണിജ്യ ബന്ധം നഷ്ടപ്പെടുന്നത് അമേരിക്കയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് കമ്പനികള്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു. വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന വിലയിരുത്തലും തീരുമാനത്തില്‍ നിന്നും പിന്‍വലിയാന്‍ അമേരിക്കയ്ക്ക് പ്രേരകമായിട്ടുണ്ട്. 

ഇതോടെ ഇന്റല്‍, ക്വാല്‍കോം പോലുള്ള ചിപ്പ് നിര്‍മാതാക്കള്‍ക്കും വാവേയുമായുള്ള വ്യാപാര ബന്ധം തുടരാനായേക്കും.

Content Highlights: us plan to lift ban on huawei android google