സാൻഫ്രാൻസിസ്കോ: ആമസോണില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങൾമികച്ചതാണെന്ന് കാണിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കും വിധം വ്യാജ അഭിപ്രായങ്ങൾ തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ആമസോണ്‍ സിഇഒ ജെഫ് ബെസോസിന് യുഎസ് അധികൃതര്‍ കത്തയച്ചു. ആമസോണ്‍ വ്യാജ റിവ്യൂകള്‍ കണ്ടെത്തുന്നതും തടയുന്നതും അവയോട് പ്രതികരിക്കുന്നതും എങ്ങിനെയാണ് എന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഹൗസ് കൊമേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാങ്ക് പാല്ലോണ്‍ ജൂനിയറും കമ്മറ്റിയിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പാനല്‍ മേധാവി ജാന്‍ ഷാകോവ്‌സ്‌കിയുമാണ് കത്തയച്ചത്. 

"ഇത്തരം പ്രവൃത്തികളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ഇനിയുമേറെ ചെയ്യാന്‍ ആമസോണിന് സാധിക്കും. ഈ പ്രശ്‌നത്തെ നേരിടാന്‍ എന്തൊക്കെ നടപടികളാണ് നിങ്ങളുടെ കമ്പനി സ്വീകരിച്ചത് എന്നറിയാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഉപയോക്താക്കളെ മാത്രമല്ല വിപണിയിലുള്ള മറ്റ് കമ്പനികളെയും അത് ബാധിക്കുന്നുണ്ടെന്നും ." ഇരുവരും കത്തില്‍ പറഞ്ഞു.

ആമസോണില്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് നല്ല അഭിപ്രായം കമന്റ് ചെയ്യുന്നതിന് കമ്പനികള്‍ കാശ് മുടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'വിച്ച്?' (which?) എന്ന ഉപഭോക്തൃ സംഘം നടത്തിയ അന്വേഷണത്തില്‍ ആയിരക്കണക്കിന് വ്യാജ അഭിപ്രായങ്ങള്‍ കണ്ടെത്താനായിട്ടുണ്ട്. ആമസോണിലെ പല ജനപ്രിയ വിഭാഗങ്ങളിലും അധികം പ്രശസ്തമല്ലാത്ത ബ്രാന്റുകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

ആമസോണിലെ നല്ല ഉല്‍പ്പന്നങ്ങള്‍ക്കെന്ന പേരില്‍ നല്‍കുന്ന ' ആമസോണ്‍സ് ചോയ്‌സ്' ലേബലിന്റെ ഉപയോഗം എങ്ങനെയാണ് എന്ന് വിശദീകരിക്കാനും ഭരണകര്‍ത്താക്കള്‍ കത്തില്‍ ആവശ്യപ്പെടുന്നു. കാരണം ആമസോണ്‍ ചോയ്‌സ് ലേബലുള്ള പല ഉല്‍പ്പന്നങ്ങളും ഗുണമേന്മയില്ലാത്തതാണെന്നും തകരാറുകളുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച് മറ്റുള്ളവര്‍ ഓണ്‍ലൈനില്‍ നടത്തുന്നഅഭിപ്രായപ്രകടനങ്ങള്‍ക്ക് ഉപയോക്താക്കളുടെ വാങ്ങല്‍ തീരുമാനത്തെ സ്വാധീനിക്കാനാവും. അതുകൊണ്ടുതന്നെ ഇത്തരം തെറ്റിദ്ധരിപ്പിക്കല്‍ ശ്രമങ്ങളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ആമസോണ്‍ കാര്യമായി ശ്രമിക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. 

Content Highlights: US law makers letter to Amazon CEO Jeff Bezos on fake product reviews