പോലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ നിര്‍ത്തിയിട്ട അടിയന്തിര സേവന വാഹനങ്ങള്‍ക്കുമേല്‍ ഇടിച്ചുകയറിയ സംഭവങ്ങളില്‍ ടെസ്ലയുടെ ഓട്ടോ പൈലറ്റ് സംവിധാനത്തിനെതിരെ അന്വേഷണം. 11 ഓളം അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

അപകടത്തില്‍ പെട്ട ടെസ്ല കാറുകളില്‍ ഓട്ടോ പൈലറ്റ് അഥവാ ട്രാഫിക് അവെയര്‍ ക്രൂസ് കണ്‍ട്രോള്‍ ഫീച്ചര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഗതിമാറ്റുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് അറിയിപ്പ് നല്‍കുന്ന എമര്‍ജന്‍സി വെഹിക്കിള്‍ ലൈറ്റുകള്‍, റോഡ് കോണുകള്‍, ഇലുമിനേറ്റഡ് ആരോ ബോര്‍ഡുകള്‍ പോലുള്ളവ ഉണ്ടായിരുന്നിട്ടും ഭൂരിഭാഗം അപകടങ്ങളും ഉണ്ടായത് നേരം ഇരുട്ടിയതിന് ശേഷമാണ്.

ഇന്ന് ടെസ് ല വിപണിയിലിറക്കിയിട്ടുള്ള വിവിധ മോഡലുകളില്‍ പെടുന്ന 7.65 ലക്ഷം കാറുകള്‍ അന്വേഷണ വിധേയമാവും. 

2018 ജനുവരി മുതല്‍ 2021 ജൂലായ് വരെ നടന്ന 11 അപകടങ്ങളിലായി 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 

ഇത് ആദ്യമായല്ല നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ടെസ്ലയ്‌ക്കെതിരെ അന്വേഷണം നടത്തുന്നത്. 2016ലുണ്ടായ ഒരപകടവുമായി ബന്ധപ്പെട്ട 2017 ല്‍ കമ്പനിയ്‌ക്കെതിരെ നടന്ന അന്വേഷണത്തില്‍ കമ്പനി നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു. ടെസ്ലയുമായി ബന്ധമുള്ള 25 ഓളം വാഹനാപകടങ്ങളാണ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ഇതുവരെ അന്വേഷിച്ചിട്ടുള്ളത്.