പ്പിളിന്റെ ഉല്‍പന്ന രൂപകല്‍പനയെ മാതൃകയാക്കിയാണ് സാങ്കേതികവിദ്യാ വ്യവസായ രംഗത്തെ വലിയൊരു വിഭാഗം കമ്പനികളും അവരുടെ പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കാറ്. അതിന് ഒരു ഉദാഹരണമാണ് അടുത്തകാലത്തായി വിവിധ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ പുറത്തിറക്കിയ ട്രൂലി വയര്‍ലെസ് ഇയര്‍ഫോണുകള്‍. 

ഇങ്ങനെ ആപ്പിളിനെ അനുകരിച്ച് പണി കിട്ടിയിരിക്കുകയാണ് ചൈനീസ് ടെക്ക് ബ്രാന്‍ഡായ വണ്‍പ്ലസിന്. ഹോങ്കോങില്‍ നിന്നും അമേരിക്കയിലേക്ക് അയച്ച 2000 വണ്‍പ്ലസ് ബ്ഡ് ഇയര്‍ഫോണുകള്‍ ജെഎഫ്‌കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ആപ്പിള്‍ എയര്‍പോഡുമായുള്ള സാമ്യതയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. അവ എത്തിയത് ചൈനയില്‍ നിന്ന് കൂടി ആയതോടെ ആപ്പിള്‍ ഇയര്‍പോഡിന്റെ വ്യാജനെന്ന് ധരിച്ചുകാണണം അവര്‍.

എന്തായാലും അവര്‍ സംഭവം അവര്‍ പത്രക്കുറിപ്പായി പുറത്തുവിട്ടു. 39800 ഡോളര്‍ മൂല്യമുള്ള ആപ്പിള്‍ എയര്‍പോഡ് വ്യാജ പതിപ്പുകള്‍ പിടികൂടിയെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. അമേരിക്കന്‍ കസ്റ്റംസ്, അതിര്‍ത്തി രക്ഷാ സേന ദിവസേനയെന്നോണം അമേരിക്കന്‍ ജനതയെ വിവിധ ഭീഷണികളില്‍ നിന്ന് രക്ഷിക്കുന്നുവെന്ന പ്രശംസയും പത്രക്കുറിപ്പിലുണ്ട്. 

എന്തുകൊണ്ടാണ് ഇത്തരം ഒരു അമളി അമേരിക്കന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയത് എന്ന് വ്യക്തമല്ല. വണ്‍പ്ലസിന്റെ ലോഗോയുള്ള പെട്ടികളിലാണ് ഇയര്‍ഫോണുകള്‍ വന്നത് എന്ന് കസ്റ്റംസ് പുറത്തുവിട്ട പത്രക്കുറിപ്പിനൊപ്പമുള്ള ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. എങ്കിലും വണ്‍പ്ലസിന്റെ പേര് പത്രക്കുറിപ്പില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല. എയര്‍പോഡുമായി സമാനതകള്‍ ഉണ്ടെങ്കിലും  വണ്‍പ്ലസിന്റേയും ആപ്പിളിന്റേയും ഉല്‍പന്നങ്ങള്‍ തമ്മില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ട്‌ എന്നതാണ് വസ്തുത. 

2000 എയര്‍പോഡുകളില്‍ എല്ലാ യൂണിറ്റുകളും യഥാര്‍ത്ഥ വണ്‍പ്ലസ് ബഡ്‌സ് ആയിരുന്നോ എന്ന് വ്യക്തമല്ല. പുറത്തുവിട്ട ചിത്രത്തില്‍ കാണുന്ന ഇയര്‍ഫോണുകളാണ് കസ്റ്റംസ് പിടികൂടിയത് എങ്കില്‍ അത് തീര്‍ച്ചയായും വണ്‍പ്ലസ് ബഡസ് തന്നെയാണ് എന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെയെങ്കില്‍ പിടികൂടിയ യൂണിറ്റുകള്‍ക്ക് എല്ലാം കൂടെ 158000 ഡോളര്‍ വില വിരും. 

ഇനി ആപ്പിള്‍ എയര്‍പോഡിന്റെ വ്യാജ പതിപ്പുകളാണ് അവയെങ്കില്‍ എന്തിനാണ് വണ്‍പ്ലസ് ബഡ്‌സ് എന്നെഴുതിയ പെട്ടികളില്‍ അയക്കുന്നത്. സാധാരണ വ്യാജ ഉല്‍പ്പന്നങ്ങള്‍ അക്ഷരങ്ങളുടെ വലിപ്പം, ചിഹ്നത്തിലെ മാറ്റം തുടങ്ങിയവയില്‍ എന്തെങ്കിലും മാറ്റങ്ങ വണ്‍പ്ലസ് ബഡ്‌സ് തന്നെയാണോ പെട്ടിയിലുള്ളത് എന്ന് സ്ഥിരീകരിക്കാനും കസ്റ്റംസ് ശ്രദ്ധിച്ചില്ല. എന്തായാലും ഏജന്‍സി പുറത്തുവിട്ട ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് വന്നത് ആപ്പിള്‍ എയര്‍പോഡിന്റെ വ്യാജന്‍ അല്ല എന്നും ആപ്പിള്‍ എയര്‍പോഡിനോട് സാമ്യത പുലര്‍ത്തുന്നതും എന്നാല്‍ രൂപകല്‍പനയില്‍ സവിശേഷതകള്‍ ഉള്ളതുമായ യഥാര്‍ത്ഥ വണ്‍പ്ലസ് ബഡ്‌സ് ഇയര്‍ഫോണുകളാണ് അവയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

പ്രസ്തുത പത്രക്കുറിപ്പ് കസ്റ്റംസ്, അതിര്‍ത്തി രക്ഷാ സേനയുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടില്ല. ഈ അവകാശ വാദത്തെ നിഷേധിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഏജന്‍സി പ്രതികരിച്ചിട്ടില്ല. കസ്റ്റംസില്‍ നിന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളൊന്നുമില്ലാത്തതിനാല്‍ വണ്‍പ്ലസും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

Content Highlights: US Customs seizes ‘counterfeit Apple AirPods’ that are actually OnePlus Buds