വോമി ഉള്‍പ്പടെ 11 ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എസ്. ചൈനീസ് ടെക്ക് കമ്പനികള്‍ക്കെതിരെയുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടികളില്‍ ഒടുവിലത്തേതാണിത്. 

ദേശസുരക്ഷ ചൂണ്ടിക്കാട്ടിയാണ് യു.എസ്. ചൈനീസ് കമ്പനികളെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഷവോമിയ്‌ക്കെതിരെയുള്ള നീക്കം അപ്രതീക്ഷിതമായിരുന്നു. 

ചൈനയില്‍ നിന്നുള്ള ഒരു മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകളിലൊന്നാണ് ഷവോമി. ഇന്ത്യയിലെന്ന പോലെ അമേരിക്കയിലും ഷവോമി ഫോണുകള്‍ക്ക് ജനപ്രീതിയുണ്ടായിരുന്നു. മറ്റൊരു ചൈനീസ് കമ്പനിയായ വാവേയെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കയില്‍ നിന്നും ഭരണകൂടം തുരത്തിയിരുന്നു. 

ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ഒമ്പത് കമ്പനികളില്‍ ഒന്നാണ് ഷവോമിയെന്ന് യുഎസ് പ്രതിരോധ വകുപ്പ് പറയുന്നു. 

ലുവോകോങ് ടെക്‌നോളജി കോര്‍പ്പ്, ഗോവിന്‍ സെമികണ്ടക്ടര്‍ കോര്‍പ്പ്, ഗ്ലോബല്‍ ടോണ്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, അഡ്വാന്‍സ്ഡ് അമൈക്രോ ഫാബ്രിക്കേഷന്‍ എക്വിപ്‌മെന്റ് തുടങ്ങിയവയാണ് മറ്റു പ്രധാന കമ്പനികള്‍. 

എന്നാല്‍, അമേരിക്കയുടെ ആരോപണങ്ങളെ ഷവോമി നിഷേധിച്ചു. തങ്ങള്‍ക്ക് ചൈനീസ് സൈന്യവുമായി ബന്ധമില്ലെന്ന് കമ്പനി പറഞ്ഞു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ അമരിക്കയിലെ സാമ്പത്തിക ഇടപാടുകളിലടക്കം കമ്പനിയ്ക്ക് തടസങ്ങള്‍ നേരിടേണ്ടി വരും. 

Content Highlights: US blacklisted xiaomi