രിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്ന് സ്മാര്‍ട്‌ഫോണ്‍ ഉല്‍പാദനം നിയന്ത്രിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് വാവേ. തങ്ങളുടെ ആഗോള ഉല്‍പാദന നിരക്ക് സാധാരണ നിലയിലാണെന്നും നിരക്കില്‍ കുറവോ വര്‍ധനവോ ഉണ്ടായിട്ടില്ലെന്നും വാവേ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം ഐഫോണുകളും പ്ലേ സ്റ്റേഷന്‍ 4 കണ്‍സോളും നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍ എന്ന തായ് വാനീസ് ഇലക്ട്രോണിക്‌സ് ഉല്‍പാദന കമ്പനി വാവേയുടെ ഫോണുകള്‍ നിര്‍മിക്കുന്നത് കുറച്ചുദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഫോണുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകളും കമ്പനി കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2020 ഓടെ സാംസങിനെ പിന്തള്ളി വിപണിയില്‍ മുന്നേറാനുള്ള കുതിപ്പിലായിരുന്നു വാവേ.  എന്നാല്‍ അമേരിക്കയുമായുള്ള പ്രശ്‌നങ്ങള്‍ വിപണിയില്‍ ഒന്നാമതെത്താനുള്ള വാവേയുടെ സ്വപ്‌നങ്ങള്‍ക്ക് തടസമായിരിക്കുകയാണ്. 

അമേരിക്കന്‍ വിപണിയിലെ നിയന്ത്രണത്തെ തുടര്‍ന്ന് വാവേയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഗൂഗിള്‍, ഇന്റല്‍, ക്വാല്‍കോം പോലുള്ള കമ്പനികള്‍ പിന്‍മാറിയിരിക്കുകയാണ്. വാവേയ്ക്ക് നല്‍കി വന്നിരുന്ന ആന്‍ഡ്രോയിഡ് പിന്തുണ അവസാനിപ്പിക്കാന്‍ ഗൂഗിളും,  ചിപ്പ് വിതരണം നിര്‍ത്തലാക്കാന്‍ ക്വാല്‍കോം, ഇന്റല്‍ കമ്പനികളും തീരുമാനിച്ചിരിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കുകയാണ് വാവേ. പുതിയ മൊബൈല്‍ ഓഎസ് ആര്‍ക്ക് ഓഎസ് (Ark OS) എന്ന് അറിയപ്പെടുമെന്നും സ്മാര്‍ട്‌ഫോണിലും, ലാപ്‌ടോപ്പിലും, ടാബ്ലെറ്റിലും, വെയറബിള്‍ ഉപകരണങ്ങളിലും, ടിവിയിലും വരെ ഈ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാനാവുമെന്നുമാണ് കമ്പനിയുടെ പ്രഖ്യാപനം. 2020 ല്‍ ഓഎസ് പുറത്തിറങ്ങിയേക്കും.

Content Highlights: US ban huawei denied suspension of smartphone production lines