Photo: Mathrubhumi
സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയില്‍ ആളുകൾ ടെലിവിഷന്‍ ചാനലുകള്‍ കാണുന്നതിനേക്കാള്‍ കുടുതല്‍ ആശ്രയിക്കുന്നത് ഓടിടി പ്ലാറ്റ്ഫോമുകളെയെന്ന് റിപ്പോര്‍ട്ട്. 18 വയസിനും 43 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 63 ശതമാനവും കേബിള്‍, ഉപഗ്രഹ സംപ്രേഷണ ചാനലുകളേക്കാള്‍ കൂടുതല്‍ കാണുന്നത് വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളാണെന്ന് ഒരു ഗാര്‍ട്ട്നെര്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടിവിയില്‍ ഓടിടി പ്ലാറ്റ്ഫോമുകള് സ്ട്രീം ചെയ്യുന്നതിന് വേണ്ടി ചിലവഴിക്കുന്ന സമയം വര്‍ധിക്കുകയാണ്. കേബിള്‍, ഉപഗ്രഹ പ്രക്ഷേപണ ചാനലുകളിലേക്ക് വേണ്ടിയുള്ള പരസ്യ ബജറ്റില്‍ വലിയൊരു ഭാഗം സ്ട്രീമിങ് ടിവികളിലേക്കാണ് പോവുന്നത്.
എങ്കിലും സ്ട്രീമിങ് സേവനങ്ങള്‍ക്ക് വിപണിയിലുള്ള സ്ഥാനം വിഘടിച്ചുകിടക്കുകയാണെന്നും, പക്വതയിലെത്തിയിട്ടില്ലെന്നും പരസ്യരഹിത സേവനങ്ങളുടെ ജനപ്രീതിയാല്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും ഗാര്‍ട്ട്നര്‍ മാര്‍ക്കറ്റിംഗ് പ്രാക്ടീസിലെ സീനിയര്‍ ഡയറക്ടര്‍ അനലിസ്റ്റ് എറിക് ഷ്മിറ്റ് പറഞ്ഞു.
ആറ് മികച്ച സ്ട്രീമിംഗ് ടിവി സേവനങ്ങളില്‍ നാലെണ്ണം പരസ്യരഹിതമാണ് (നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്നി+, എച്ച്ബിഒ മാക്സ്), എന്നാല്‍ മികച്ച 16ല്‍ 10 എണ്ണം പ്രധാനമായും പരസ്യ പിന്തുണയുള്ളവയാണ് (ഉദാ. YouTube, Hulu).
യുഎസിലെ സര്‍വേയില്‍ പങ്കെടുത്ത ടിവി പ്രേക്ഷകരില്‍ 80 ശതമാനവും ഒരു സ്ട്രീമിംഗ് ടിവി സേവനമെങ്കിലും ഉപയോഗിക്കുന്നുണ്ടെന്നും 64 ശതമാനം പേര് പരസ്യ പിന്തുണയുള്ള ഒരു സേവനമെങ്കിലും കാണുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പ്രായം, ലിംഗഭേദം എന്നിവയ്ക്കനുസരിച്ച് ഉപഭോക്താക്കളുടെ സ്ട്രീമിങ് സേവനങ്ങളിലെ കാഴ്ചാ ശീലങ്ങളിലും തിരഞ്ഞെടുപ്പുകളിലും വ്യത്യാസങ്ങളുണ്ട്. 8-43 വയസ്സ് പ്രായമുള്ളവര്‍ വിവിധങ്ങലായ സ്ട്രീമിംഗ് ടിവി സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് എന്ന് ഗാര്‍ട്ട്നര്‍ മാര്‍ക്കറ്റിംഗ് പ്രാക്ടീസ് റിസര്‍ച്ച് ഡയറക്ടര്‍ കത്യ സ്കോഗന് പറഞ്ഞു.
ഇതില്‍ ചെറുപ്പക്കാരായ പുരുഷന്മാരാണ് പലവിധ സ്ട്രീമിങ് സേവനങ്ങള്‍ ആസ്വദിക്കുന്നവര്‍. ചെറുപ്പക്കാരായ സ്ത്രീകള്‍ കുറച്ച് സേവനങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ അവര്‍ പുരുഷന്മാരേക്കാള് കൂടുതല്‍ സമയം സ്ട്രീമിങില്‍ ചിലവഴിക്കുന്നുണ്ട് എന്നും സ്കോഗന് പറഞ്ഞു.
Content Highlights: OTT Platform, Traditional TV, Streaming Services, Netflix, Prime Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..