കോഴിക്കോട്: മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള പേമെന്റ് സേവനങ്ങള്‍ നല്‍കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വൈകിട്ടോടെ തകരാറിലായായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മണിക്കൂറുകളായി യുപിഐ ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

നിരവധി ഉപഭോക്താക്കളാണ് യുപിഐ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഗൂഗിള്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പണമിടപാട് നടത്താന്‍ സാധിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. 

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ യുപിഐ സംവിധാനം നിശ്ചലമാണെന്ന് ഐസിഐസിഐ ബാങ്ക് അറിയിപ്പ് നല്‍കിയിരുന്നതായി നിതിന്‍ അഗര്‍വാള്‍ എന്ന ടെക്ക് റിവ്യൂവറെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍.കോം റിപ്പോര്‍ട്ട് പറയുന്നു. 

എന്നാല്‍ ഇത് സംബന്ധിച്ച് മറ്റ് വിശദീകരണങ്ങള്‍ വന്നിട്ടില്ല. വൈകീട്ട് 5.40 ഓടെ മാതൃഭൂമി.കോം പരിശോധിച്ചപ്പോള്‍ ഗൂഗിള്‍ പേ വഴി പണമയക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു പക്ഷെ ഇതിനകം പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടുണ്ടാവാം.