ന്യൂഡല്‍ഹി: ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവേഡേക്കറും ചേര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. 

സാധാരണ ഇന്ത്യക്കാരെ ശക്തിപ്പെടുത്തുന്നതിനും അവരുടെ ആശങ്കകള്‍ തുറന്നുപറയുന്നതിലുമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്ക് രവിശങ്കര്‍ പ്രസാദ് സ്വാഗതം ചെയ്തു. എന്നാല്‍ വ്യക്തികളുടെ അന്തഃസ്സിനും അവകാശത്തിനും തടസം സൃഷ്ടിക്കുന്ന'പരിഷ്‌കൃത മാനദണ്ഡങ്ങള്‍' ഈ പ്ലാറ്റ്‌ഫോമുകള്‍ ലംഘിക്കരുതെന്ന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി മുന്നറിയിപ്പ് നല്‍കി. 

സർക്കാർ പുറത്തിറക്കിയ പ്രധാന മാർഗ നിർദേശങ്ങൾ

ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും ബാധിക്കുന്ന ഉള്ളടക്കം, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതോ അപകടമുണ്ടാക്കുന്നതോ ആയ ഉള്ളടക്കം, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിന് ഹാനികരമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യാനോ, പ്രസിദ്ധീകരിക്കാനോ, പ്രദര്‍ശിപ്പിക്കാനോ പാടില്ല.

ഇന്ത്യയിലെ വൈവിധ്യങ്ങളായ വംശം, മത പശ്ചാത്തലം, ആചാരാനുഷ്ടാനങ്ങള്‍ പോലുള്ളവ പരിഗണിക്കുകയും അതില്‍ ജാഗ്രത പുലര്‍ത്തുകയും വേണം. 

ഈ പ്ലാറ്റ്‌ഫോമുകളുടെയെല്ലാം ദുരുപയോഗം സംബന്ധിച്ച് ഏറെ കാലമായി പരാതികള്‍ ഉയരുന്നുണ്ട്. അവ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് പരാതിപരിഹാര സംവിധാനം തയ്യാറാക്കണം. അതിന് ഉത്തരാവാദിതപ്പെടുത്തിയ ആള്‍ ആരാണെന്ന് വ്യക്തമാക്കണം. പരാതി ലഭിച്ച് 15 ദിവസത്തിനകം പരിഹരിക്കണം. 

വ്യക്തികളുടെ സ്വകാര്യ ഭാഗങ്ങള്‍, നഗ്നത, ലൈംഗികപ്രവൃത്തികള്‍, മോര്‍ഫിങ് തുടങ്ങി ഉപയോക്താക്കളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ അന്തഃസിനെ ബാധിക്കുന്ന ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതികള്‍ ലഭിച്ചാല്‍ അത്തരം ഉള്ളടക്കങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്തിരിക്കണം.

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമുണ്ടാവും. ഒടിടി പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളും അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണം. എന്നാല്‍ അവയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നില്ല, വിവരങ്ങളാണ് ആവശ്യപ്പെടുന്നത്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഒടിടി സേവനങ്ങളിലും പരാതിപരിഹാര സംവിധാനം വേണം. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ഒരു ജഡ്ജിയുടെയോ അവര്‍ക്ക് തുല്യരായ വളരെ പ്രഗത്ഭനായ വ്യക്തിയുടെയോ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരു സ്വയം നിയന്ത്രണ സംവിധാനം വേണം. 

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ 13+, 16+, A കാറ്റഗറികള്‍ സ്വയം വേര്‍തിരിക്കണം. രക്ഷിതാക്കളുടെ നിയന്ത്രണത്തിനും, കുട്ടികള്‍ മറ്റ് കാറ്റഗറികൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനം വേണം. 

16 വയസുവരെയുള്ളവരിലേക്ക് നഗ്നത കാണിക്കുന്ന ഉള്ളടക്കങ്ങള്‍ കാണിക്കാന്‍ പാടില്ല. 

നഗ്നതയും ലൈംഗികതയും ഉള്ള പശ്ചാത്തലമാണെങ്കില്‍ അതിനെ A വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം.

സര്‍ക്കാരിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കണം, നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സമയബന്ധിതമായി നീക്കണം. 

കോടതിയോ, സര്‍ക്കാര്‍ അതോറിറ്റിയോ ആവശ്യപ്പെടുന്ന പക്ഷം ദോഷകരമായ ട്വീറ്റുകളും സന്ദേശങ്ങളും ആദ്യം അയച്ചതാരാണെന്ന് വെളിപ്പെടുത്തണം.

Content Highlights: Union government announced rules and guidelines for social media and OTT platforms