പ്രതീകാത്മക ചിത്രം | Photo: Social Media
ഉബര്‍ ടെക്നോളജീസ് ഐഎന്‍സിയും ഇന്ത്യന്‍ എതിരാളിയായ ഒലയും ലയിക്കുന്നതായ വാര്‍ത്തകള്‍ സ്വാഭാവികമായും വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരു കമ്പനികളും.
ഒല മേധാവി ഭവിഷ് അഗര്‍വാളും സാന്‍ഫ്രാന്‍സിസ്കോയിലെ ഉബര്‍ ഉദ്യോഗസ്ഥരും തമ്മില്‍ ലയന ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു എക്കോണമിക് ടൈംസ് നല്കിയ റിപ്പോര്‍ട്ട്.
'ഈ റിപ്പോര്‍ട്ട് ശരിയല്ല. ഞങ്ങള്‍ ഒരു തരത്തിലും ഒലയുമായി ലയന ചര്‍ച്ചകള്‍ നടത്തുന്നില്ല, നടത്തിയിട്ടുമില്ല' ഉബര്‍ പറഞ്ഞു.
ഇത് അസംബന്ധമാണ്. ഞങ്ങള്‍ നല്ല വളര്‍ച്ചയിലാണ്, ലാഭവമുണ്ട്. മറ്റേതെങ്കിലും കമ്പനികള്‍ ഇന്ത്യയിലെ വ്യവസായം വിടാന്‍ താല്പര്യമുണ്ടെങ്കില് ഞങ്ങള്‍ അത് സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ ഒരിക്കലും ലയിക്കില്ല. ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
ശക്തമായ മത്സരം നടക്കുന്ന വിപണിയില്‍ ഇരു കമ്പനികളുടെയും വളര്‍ച്ച മന്ദഗതിയാലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ആനുകൂല്യങ്ങളും വിലക്കിഴിവുകളും പ്രഖ്യാപിക്കുന്നതിന് കോടികളാണ് ഇവര്‍ ചെലവഴിക്കുന്നത്.
അതിനിടെ കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ അടച്ചിടല്‍ ഇരു കമ്പനികളെയും സാരമായി ബാധിച്ചു.
2020 ല്‍ ഉബര്‍ ഭക്ഷണ വിതരണ സേവനമായ ഉബര്‍ ഈറ്റ്സിനെ എതിരാളിയായ സൊമാറ്റോയ്ക്ക് വിറ്റിരുന്നു. അതേ സമയം തന്നെയാണ് ഒല തങ്ങളുടെ പലചരക്ക് വിതരണ സേവനം അവസാനിപ്പിച്ചത്.
ഈ മാസം ആദ്യം ഒല ജീവനക്കാരെ പിരിച്ചുവിടുമെന്നും ശമ്പള വര്‍ധനവ് ഇത്തവണ നടപ്പാക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമ്പനി 500 ജീവനക്കാരെയെങ്കിലും ജോലിയുടെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് വിവരം. ചെലവ് ചുരുക്കല്‍ നടപടികളും സ്വീകരിച്ചുവരികയാണ്. അടുത്തിടെ ഒല ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..