ഗുജറാത്തില്‍ സ്മാര്‍ട് വില്ലേജുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയെന്നോണം രണ്ട് ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമെത്തിച്ച് ഒരു സ്റ്റാര്‍ട്ട് അപ്പ്. ഏറ്റവും പുതിയ ലൈഫൈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അഹമ്മദാബാദിലെ നവ് വയര്‍ലെസ് ടെക്‌നോളജി അരവാലി ജില്ലയിലെ അക്രുണ്ട്, നവനഗര്‍ എന്നീ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി യാഥാര്‍ത്ഥ്യമാക്കിയത്. 

നിലവിലുള്ള വൈദ്യുതി ലൈനുകളിലൂടെ ഈ രണ്ട് ഗ്രാമങ്ങളിലേയും സ്‌കൂളുകള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകൾ, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അതിവേഗത്തിലുള്ളതും സുരക്ഷിതവുമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കും. 

തുറന്ന സ്ഥലങ്ങളില്‍ പ്രകാശതരംഗങ്ങളിലൂടെ വിവരകൈമാറ്റം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ലൈഫൈ. ഇതുവഴി അള്‍ട്രാ-ഫാസ്റ്റ് ഡാറ്റാ കണക്ഷന്‍ സാധ്യമാവും. റേഡിയോ തരംഗങ്ങളുടെ തിരക്ക് അനുഭവപ്പെടുന്ന നഗരപ്രദേശങ്ങളിലും ഫൈബര്‍ ഒപ്റ്റിക് കേബിളുകളുടെ വിന്യാസമെത്താത്ത ഗ്രാമപ്രദേശങ്ങളിലും ഏറെ ഫലപ്രദമായി ഉപയോഗിക്കാനാവുന്ന സംവിധാനമാണ് ലൈഫൈ. വൈഫൈയേക്കാൾ നൂറിരട്ടി വേഗം ലൈഫൈയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. 

ഈ രണ്ട് ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്നതിനായി 20 ലക്ഷം രൂപയാണ് കമ്പനി ചെലവാക്കിയത്. സ്വന്തം സംസ്ഥാനത്ത് ഈ സാങ്കേതിക വിപ്ലവം സാധ്യമാക്കിയതില്‍ ഏറെ അഭിമാനമുണ്ടെന്ന് നവ് വയര്‍ലെസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപകനും സി.ടി.ഓയുമായ ഹാര്‍ദിക് സോണി പറഞ്ഞു. 

ഗൂജറാത്ത് ഫൈബര്‍ ഗ്രിഡ് നെറ്റ് വര്‍ക്കിലെ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെ ലൈഫൈ വയര്‍ലെസ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ ഉപയോഹിച്ച് അക്രുണ്ട്, ഗ്രാമ പഞ്ചായത്ത് കെട്ടിടത്തില്‍നിന്നു 1.5 കിമി ദൂരത്തിലുള്ള നവ് നഗര്‍ പ്രൈമറി സ്‌കൂള്‍ വരെ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

കെട്ടിടങ്ങളിലെ നിലവിലുള്ള പവര്‍ ലൈനുകളിലൂടെ സ്‌കൂളുകള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫീസ് റൂമുകള്‍ എന്നിവിടങ്ങളില്‍ ലൈഫൈയ്ക്ക് ആവശ്യമായ ഹൈബ്രിഡ് മൈക്രോവേവ് ലൈഫൈ ഇനേബിള്‍ഡ് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിച്ചു. 

ഗുജറാത്തിലെ 6000 ഗ്രാമങ്ങളില്‍ കൂടി സമാനമായ സാങ്കേതികവിദ്യ എത്തിക്കുന്നതിന് നവ് വയര്‍ലെസ് ടെക്നോളജീസ് ഭാരത് നെറ്റുമായി (BharatNet) സഹകരിക്കും.  2022 ഓടെ ഇത് പൂര്‍ത്തിയാക്കും. 500 കോടിയുടെ ഫണ്ട് ഇതിനായി നീക്കിവെച്ചിട്ടുണ്ട്. 

പതിവ് സാങ്കേതികവിദ്യകള്‍ പ്രായോഗികമല്ലാത്ത ഹിമാചല്‍ പ്രദേശ്, ഉത്തരാഘണ്ഡ് എന്നിവിടങ്ങളിലെ ഉള്‍നാടുകളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഈ സ്റ്റാര്‍ട്ട് അപ്പ് ലക്ഷ്യമിടുന്നുണ്ട്.

Content Highlights: Two Gujarat villages first in India to get LiFi